കയ്യൂര്‍ സമരസേനാനിയുടെ മകളുടെ പയ്യന്നൂരിലെ വീടിനു നേരേ കല്ലേറ്

KNR-KAYYOR-BHANUപയ്യന്നൂര്‍: കയ്യൂര്‍ സമര സേനാനിയുടെ മകള്‍ താമസിക്കുന്ന കോറോം മുതിയലത്തെ വീടിനുനേരേ കല്ലേറ്. ഇന്നലെ രാത്രി 11 ഓടെയായിരുന്നു സംഭവം. കല്ലേറില്‍ വീടിന്റെ ജനല്‍ തകര്‍ന്നു. സംഭവസമയം 70 കാരിയായ ഭാനുമതിയും ഭര്‍ത്താവ് കിഴക്കേ മഠത്തില്‍ ബാലകൃഷ്ണവാര്യരും (85) മകന്‍ മുരളീധരനുമാണു വീട്ടിലുണ്ടായിരുന്നത്. മുരളീധരന്‍ ബിജെപി പ്രവര്‍ത്തകനാണ്. ശബ്ദംകേട്ടു വീട്ടുകാര്‍ പുറത്തിറങ്ങുമ്പോഴേക്കും അക്രമികള്‍ ഓടിരക്ഷപ്പെട്ടു.

ഏതാനും മാസങ്ങള്‍ക്കു മുമ്പു വീടിനു നേരെയെറിഞ്ഞ മദ്യകുപ്പി എറിഞ്ഞ സംഭവവുമുണ്ടായിരുന്നു. വിവരമറിഞ്ഞു രാത്രിയില്‍ തന്നെ പയ്യന്നൂര്‍ പോലീസ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും ആരേയും പിടികൂടാനായില്ല. ഭാനുമതിയുടെ മൂത്തമകന്‍ വേണുഗോപാലിന്റെ പേരിലുള്ളതാണ് കോറോത്തെ വീട്. വീടിന്റെ നിര്‍മാണ സമയത്തും നിരവധി തടസങ്ങളുണ്ടായിരുന്നു.  വീട് നിര്‍മാണം തടസപ്പെടുത്തുകയും നിര്‍മാണത്തിനെത്തിയ തൊഴിലാളികളെ പിന്തിരിപ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നു അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇടപെട്ടാണു പോലീസ് സുരക്ഷയൊരുക്കി വീട് നിര്‍മാണം പൂര്‍ത്തിയാക്കിയത്.

ഭാനുമതി ചോദിക്കുന്നു; ഞങ്ങളെന്തു തെറ്റു ചെയ്തു?
പയ്യന്നൂര്‍: ഇങ്ങനെ ദ്രോഹിക്കാന്‍ ഞങ്ങളെന്തു തെറ്റു ചെയ്തു? ജന്മിത്വ വ്യവസ്ഥക്കെതിരേ സന്ധിയില്ലാ സമരംചെയ്തു കമ്യൂണിസ്റ്റ് പ്രസ്ഥാനം പടുത്തുയര്‍ത്തിയ കയ്യൂര്‍ സമരസേനാനി നന്ദാവനത്തില്‍ നാരായണ വാര്യരുടെ മകള്‍ കാക്കാന്‍കോവില്‍ ഭാനുമതിയുടേതാണ് ഈ ചോദ്യം. നിരവധി പ്രതിസന്ധികള്‍ തരണം ചെയ്താണ് ഒരുവര്‍ഷം മുമ്പു മൂത്തമകന്‍ കെ.വി.വേണുഗോപാലന്റെ പേരില്‍ കോറോം മുതിയലത്തു വീടുപണിതത്. എറണാകുളം കോലഞ്ചേരി കോളജ് അധ്യാപകനായ വേണുഗോപാലന്‍ തൊടുപുഴയിലാണു താമസം. വര്‍ഷങ്ങള്‍ക്കു മുമ്പേ തുടങ്ങിയതാണ് ഈ കുടുംബത്തോടുള്ള വിരോധമെന്നു ഭാനുമതി പറയുന്നു.

ആദ്യം വീട് നിര്‍മാണത്തിനെത്തിയ തൊഴിലാളികളെ പിന്തിരിപ്പിച്ചു. ഇതോടെ വീട് നിര്‍മാണം കുറേക്കാലം അനിശ്ചിതത്വത്തിലായി. ഇതിനിടെ മുരളിക്കു മര്‍ദനമേറ്റ സംഭവവുമുണ്ടായി. വീട് നിര്‍മിക്കാന്‍ കഴിയാതെ വന്നതോടെ ഇക്കാര്യം അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ശ്രദ്ധയില്‍പ്പെടുത്തി. തുടര്‍ന്നു ജില്ലാ പോലീസ് മേധാവിയും പയ്യന്നൂര്‍ സിഐയും ഇടപെട്ടാണു വീട് നിര്‍മാണം പൂര്‍ത്തീകരിച്ചത്. ഇപ്പോള്‍ ഈ വീട്ടില്‍ ധൈര്യത്തോടെ താമസിക്കാന്‍ കഴിയാത്ത അവസ്ഥ വന്നിരിക്കുകയാണെന്നു ഭാനുമതി പറയുന്നു. രണ്ടാഴ്ച മുമ്പുണ്ടായ വീഴ്ചയില്‍ എല്ലുപൊട്ടിയതിനാല്‍ പ്ലാസ്റ്ററിട്ട കൈയുമായി ചികിത്സയിലാണു ഭാനുമതി.

കമ്യൂണിസ്റ്റ് പാര്‍ട്ടി കെട്ടിപ്പടുക്കാന്‍ രാപ്പകലില്ലാതെ കഷ്ടപ്പെട്ട അച്ഛന്റെ പ്രവൃത്തികളും വാക്കുകളുമാണു തന്നേയും സഹോദരങ്ങളേയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി അടുപ്പിച്ചത്. സിപിഎം പ്രവര്‍ത്തകനായ തന്റെ സഹോദരന്‍ ഗംഗാധരവാര്യര്‍ കയ്യൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റുമാണ്. പക്ഷേ മനസില്‍ വേറുറച്ച ആശയങ്ങള്‍ക്ക് ഇളക്കംതട്ടുന്ന അനുഭവങ്ങളാണു കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍ തന്റെ കുടുംബത്തിനുണ്ടായതെന്നു ഭാനുമതി പറയുന്നു. തങ്ങള്‍ക്കു സംരക്ഷണം കിട്ടാന്‍ ഇനി ഏതു വാതിലില്‍ മുട്ടണമെന്നാണ് ഇവരുടെ ചോദ്യം.

Related posts