കരമന – കളിയിക്കാവിള പാതയില്‍ ട്രാഫിക് സിഗ്നലുകള്‍ ഉടന്‍ മിഴി തുറക്കും

TVM-TRAFFILIGHTനേമം: കരമന -കളിയിക്കാവിള പാതയില്‍  നീറമണ്‍കരയ്ക്കും  പ്രാവച്ചമ്പലത്തിനുമിടയില്‍ ട്രാഫിക് സിഗ്നലുകള്‍ ഉടന്‍ മിഴി തുറക്കും. ആദ്യം നീറമണ്‍കരയിലും കൈമനത്തും സിഗ്നലുകള്‍ സ്ഥാപിക്കുന്ന ജോലികള്‍ അന്തിമ ഘട്ടത്തിലാണ്.   കെല്‍ട്രോണിന്റെ നേതൃത്വത്തിലാണ് പണികള്‍ നടക്കുന്നത്.  നീറമണ്‍കരയിലും കൈമനം ജംഗ്ഷനിലും ട്രാഫിക് സിഗ്നലുകളും പാനലുകളും സ്ഥാപിച്ചു.   റോഡ് ഉദ്ഘാടനം കഴിഞ്ഞിട്ടും ട്രാഫിക് സിഗ്നലുകള്‍ സ്ഥാപിക്കാത്തതിനാല്‍  അപകടങ്ങള്‍ വര്‍ധിച്ചതിനെ തുടര്‍ന്ന് നടന്ന വലിയ ജനകീയ പ്രതിഷേധങ്ങള്‍ക്കുശേഷമാണ്  കരമന-കളിയിക്കവിള പാതയില്‍  ട്രാഫി ക് സിഗ്നലുകള്‍ സ്ഥാപിക്കാന്‍   റോഡ് സുരക്ഷ അതോറിറ്റി തീരുമാനിച്ചത്.

റോഡപകടങ്ങളില്‍ പ്പെട്ട് പത്തോളം പേര്‍ മരിക്കുകയും നിരവധിപേര്‍ക്ക് പരിക്ക് പറ്റുകയും ചെയ്തിരുന്നു. പല ജംഗ്ഷനുകളിലും യാത്രകാര്‍ക്ക് റോഡ് മുറിച്ചു കടക്കാന്‍ തന്നെ വളരെ ബുദ്ധിമുട്ടിയിരുന്നു. പാതവികസനം ആദ്യഘട്ടം പൂര്‍ത്തിയായ നീറമണ്‍കരയ്ക്കും പ്രാവച്ചമ്പലത്തിനുമിടയില്‍ നീറമണ്‍കര, കൈമനം, പാപ്പനംകോട്, കാരയ്ക്കാമണ്ഡപം, വെള്ളായണി, നേമം എന്നിവിടങ്ങളില്‍ സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിക്കാന്‍ 88.76 ലക്ഷം രൂപ അനുവദിച്ച് തീരുമാനമായത്. ട്രാഫിക് സിഗ്നല്‍ സ്ഥാപിച്ചു കഴിയുന്നതോടെ അപകടങ്ങള്‍ക്കും ഗതാഗത കുരുക്കിനും ശമനമുണ്ടാകും.

Related posts