കളക്ടറേറ്റില്‍ സുരക്ഷ ശക്തമാക്കാന്‍ പുതിയ 100 കാമറകള്‍

PKD-CAMERAകാക്കനാട്: സിവില്‍ സ്‌റ്റേഷനില്‍ സുരക്ഷ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 100 നിരീക്ഷണ കാമറകള്‍ സ്ഥാപിക്കുമെന്ന് ജില്ലാ കളക്ടര്‍ മുഹമ്മദ് സഫിറുള്ള പറഞ്ഞു. അതിന്റെ നടപടികള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ അമ്പതോളം കാമറകള്‍ കളക്ടറേറ്റുമായി ബന്ധപ്പെട്ട് വിവിധയിടങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ട്. അവയൊന്നും കുറെനാളായി പ്രവര്‍ത്തിക്കുന്നില്ല. ഇതിന്റെ പ്രവര്‍ത്തനക്ഷമതാപരിശോധന നടക്കുന്നുമില്ല. കളക്ടറേറ്റിലെ മാത്രം സുരക്ഷയും ഇവിടുത്തെ ജീവനക്കാരുടെ കാര്യക്ഷമതയും നിരീക്ഷിക്കാനാണ് ആദ്യം കാമറകള്‍ സ്ഥാപിച്ചത്.

ഇതു ജീവനക്കാരുടെ സ്വകാര്യതയെ ബാധിക്കുമെന്ന ആക്ഷേപം ഉണ്ടായെങ്കിലും പിന്നീടു ജീവനക്കാര്‍ സഹകരിച്ചു.നിരീക്ഷണ കാമറകള്‍ സ്ഥാപിച്ചതുകൊണ്ടുമാത്രം സുരക്ഷിതമാവുകയില്ലെന്നാണു ജീവനക്കാരില്‍ പലരും പറയുന്നത്. സിവില്‍ സ്റ്റേഷനിലെ വിവിധ വകുപ്പുകളുടെ ഓഫീസുകള്‍ക്കു മുമ്പിലും വരാന്തയിലും പഴയ ഫര്‍ണീച്ചറുകളും കടലാസ് കെട്ടുകളും കൂടി കിടക്കുന്നതും സുരക്ഷയെ ബാധിക്കും. കൂടാതെ പഴയ കംപ്യൂട്ടറുകളിലെ ഇലക്‌ട്രോണിക് അവശിഷ്ടങ്ങളും ഈ കടലാസ് കൂനകള്‍ക്കുള്ളില്‍ കിടന്നു ചൂടാകുമ്പോള്‍ ശബ്ദത്തോടെ പൊട്ടിത്തെറിക്കാനും സാധ്യതയുണ്ട്.

അത്തരത്തില്‍ സിവില്‍ സ്റ്റേഷനിലെ നാലാം നിലയില്‍ വരാന്തയില്‍ കൂടികിടന്ന ചപ്പുചവറുകള്‍ക്കിടയില്‍നിന്ന് ഉഗ്രശബ്ദത്തോടെ ഉണ്ടായ പൊട്ടിത്തെറി എങ്ങനെ സംഭവിച്ചുവെന്നത് ഇപ്പോഴും അജ്ഞാതമാണ്.   സിവില്‍ സ്റ്റേഷന്‍ കാമ്പസില്‍ പഴയ വാഹനങ്ങള്‍ കുമിഞ്ഞുകൂടി കിടക്കുന്നതും സുരക്ഷാഭീഷണിയാണ്. വിവിധ കുറ്റങ്ങളുടെ പേരില്‍ പിടിക്കപ്പെട്ട വാഹനങ്ങളാണ് തുരുമ്പിച്ചു കിടന്ന് നശിക്കുന്നത്. തെരുവുനായകളുടേയും  ഇഴജന്തുക്കളുടേയും താവളം കൂടിയാണ് ഈ വാഹനങ്ങള്‍, നിരീക്ഷണ കാമറകണ്ണുകളില്‍ ഈ വാഹനങ്ങള്‍ പെടുകയില്ല. സിവില്‍ സ്റ്റേഷന്റെ സുരക്ഷ മുന്‍നിര്‍ത്തി കാമറകള്‍ സ്ഥാപിക്കണമെന്ന് പോലീസും മറ്റ് ഏജന്‍സികളും ജില്ലാ അധികൃതര്‍ക്ക് നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

Related posts