കാര്‍ഷികമേഖലയില്‍ കോഴിവളര്‍ത്തലും ഉള്‍പ്പെടുത്തി: ആശ്വാസത്തോടെ കോഴി കര്‍ഷകര്‍

alp-kozhiആലപ്പുഴ: ഇറച്ചിക്കോഴി കര്‍ഷകരുടെ വര്‍ഷങ്ങളായുള്ള ആവശ്യത്തിന് ഒടുവില്‍ പരിഹാരമായി. സംസ്ഥാന സര്‍ക്കാര്‍ കോഴിവളര്‍ത്തലും കാര്‍ഷിക മേഖലയിലുള്‍പ്പെടുത്താന്‍ തീരുമാനിച്ചു. ഇന്നലെ ചേര്‍ന്ന മന്ത്രി സഭാ യോഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. ഇതുമായി ബന്ധപ്പെട്ടുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞു. കോഴി വളര്‍ത്തലിനെ കാര്‍ഷിക മേഖലയില്‍ ഉള്‍പ്പെടുത്തിയതോടെ കാര്‍ഷിക മേഖലയിലെ കര്‍ഷകര്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളെല്ലാം ഇനിമുതല്‍ കോഴി കര്‍ഷകര്‍ക്കും ലഭിക്കും. സംസ്ഥാനത്ത് കോഴി വളര്‍ത്തലുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന പത്തുലക്ഷത്തോളം ആളുകള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക.

കാര്‍ഷിക നിരക്കില്‍ കോഴി വളര്‍ത്തല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വായ്പ ലഭിക്കുന്നതോടൊപ്പം വൈദ്യുതി നിരക്ക് സബ്‌സിഡി ഉള്‍പ്പെടെയുള്ള നിരവധി പ്രയോജനങ്ങളും ഇനിമുതലുണ്ടാകും. കോഴി വളര്‍ത്തല്‍ മേഖലയ്ക്ക് 90 കോടി രൂപ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. കോഴി കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കുന്ന ബ്രീഡിംഗ് ഫാമുകള്‍ സംസ്ഥാനത്ത് വ്യാപകമാക്കുന്നതിനായാണ് ഈ തുക വിനിയോഗിക്കുക. ബ്രീഡിംഗ് ഫാമുകള്‍ വ്യാപകമാകുന്നതോടെ കോഴി കച്ചവടത്തിനുമേല്‍ തമിഴ്‌നാട് ലോബിക്കുള്ള അപ്രമാണിത്വം അവസാനിപ്പിക്കാന്‍ കഴിയുമെന്നാണ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ പ്രതീക്ഷ. നിലവില്‍ തമിഴ്‌നാടാണ് കേരളത്തിലെ ഇറച്ചിക്കോഴി മേഖലയും വിലയും നിയന്ത്രിക്കുന്നത്.

ഫാമുകളിലേക്കാവശ്യമായ കോഴി കുഞ്ഞുങ്ങളെ ലഭിക്കുന്നതും തമിഴ്‌നാട്ടിലെ ബ്രീഡിംഗ് ഫാമുകളില്‍ നിന്നാണ്. ഇതിന് ഒരു പരിഹാരം പുതിയ നടപടിയിലൂടെ ഉണ്ടാകും. സംസ്ഥാനത്ത് പ്രതിദിനം 20 ലക്ഷത്തിലേറെ കിലോ ഇറച്ചിയുടെ ഉപയോഗം നടക്കുന്നതായാണ് കണക്ക്.   സംസ്ഥാനത്ത് ബ്രീഡിംഗ് ഫാമുകള്‍ ആരംഭിക്കുന്നതോടെ കേരളത്തിനാവശ്യമായ ഇറച്ചിക്കോഴി ഇവിടെ തന്നെ ഉത്പാദിപ്പിക്കാനാകുമെന്ന് കര്‍ഷകര്‍ പറയുന്നു. കോഴി കര്‍ഷകരെ കാര്‍ഷികമേഖലയില്‍ ഉള്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടിയെ ഓള്‍ കേരള പൗള്‍ട്രി ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് താജുദീന്‍, സെക്രട്ടറി എസ്.കെ. നസീര്‍ എന്നിവര്‍ അഭിനന്ദിച്ചു. കോഴി കുഞ്ഞിനും തീറ്റയ്ക്കും നികുതി ഏര്‍പ്പെടുത്തിയ നടപടി പിന്‍വലിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

Related posts