ശാസ്താംകോട്ട: കശുവണ്ടി തൊഴിലാളികളും, കര്‍ഷകതൊഴിലാളികളുമടങ്ങുന്ന സാധാരണക്കാര്‍ വിധിനിര്‍ണയിക്കുന്ന കുന്നത്തൂരില്‍ ഇക്കുറിനടക്കുന്ന നിയമസഭാതെരഞ്ഞെടുപ്പില്‍ ചരിത്രം വഴിമാറുമോ. സംസ്ഥാനത്ത് ശ്രദ്ധേയമായ മത്സരംനടക്കുന്ന കുന്നത്തൂരില്‍ മാറിമറിഞ്ഞ രാഷട്രീയ സമവാക്യങ്ങള്‍ ഗുണകരമാകുന്നത് യുഡിഎഫിനോ അതോ എല്‍ഡിഎഫിനോ. 205477 വോട്ടര്‍മാരാണ് കുന്നത്തൂരിന്റെ വിധിനിര്‍ണയിക്കുക. ഇതില്‍ സ്ത്രീവോട്ടര്‍മാരാണ് കൂടുതല്‍. 106788 സ്ത്രീവോട്ടര്‍മാരും, 98689 പുരുഷവോട്ടര്‍മാരുമാണ് ഉള്ളത്. 25000ത്തോളം വരുന്ന കശുവണ്ടിതൊഴിലാളികളുടെ സ്വാധീനം കുന്നത്തൂരിന് എന്നും പ്രധാനമാണ്. ശാസ്താംകോട്ട, കുന്നത്തൂര്‍, മൈനാഗപ്പള്ളി, പടിഞ്ഞാറെകല്ലട, പോരുവഴി, ശൂരനാട് തെക്ക്, ശൂരനാട് വടക്ക്, കിഴക്കേകല്ലട, പവിത്രേശ്വരം, മണ്‍ട്രോതുരുത്ത് ഉള്‍പ്പടെ 10 പഞ്ചായത്തുകള്‍ ചേര്‍ന്നതാണ് കുന്നത്തൂര്‍ നിയോജകമണ്ഡലം.
കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പ് കാലത്ത് കുന്നത്തൂര്‍ നിയോജകമണ്ഡലം ഉള്‍പ്പെടുന്ന 10 ഗ്രാമപഞ്ചായത്തുകളില്‍ ശൂരനാട് വടക്ക്, കുന്നത്തൂര്‍ എന്നിവയൊഴികെ ബാക്കി എട്ടുപഞ്ചായത്തുകളും, ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തും ഭരിച്ചിരുന്നത് കോണ്‍ഗ്രസും, യുഡിഎഫുമായിരുന്നു. ഇവിടെയാണ് എല്‍ഡിഎഫ് വീണ്ടും വിജയത്തിന്റെ ചുവപ്പ് പാറിച്ചത്. എന്നാല്‍ ഇക്കുറി തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ 10 പഞ്ചായത്തുകളും, ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തും ഭരിക്കുന്നത് ഇടതുമുന്നണിതന്നെ. പഞ്ചായത്തുതെരഞ്ഞെടുപ്പില്‍ ബിജെപിയും തങ്ങളുടെ നിലമെച്ചപ്പെടുത്തിയിരുന്നു. മിക്കപഞ്ചായത്തുകളിലും ബിജെപിയുടെ അംഗങ്ങള്‍ ഉണ്ടെന്നതാണ് ഈ നിയമസഭാതെരഞ്ഞെടുപ്പിന്റെ പ്രത്യേകത.
സംവരണമണ്ഡലമായ കുന്നത്തൂരില്‍ എസ്.സത്യപാലന്‍, ഓണമ്പലം പ്രഭാകരനെ 1970 ല്‍ പരാജയപ്പെടുത്തിക്കൊണ്ടാണ് ആര്‍എസ്പിയുടെ ജൈത്രയാത്ര ആരംഭിക്കുന്നത്. 1982 ല്‍ കോണ്‍ഗ്രസിന്റെ ഭാഗമായിരുന്ന ജനതാപാര്‍ട്ടിയിലെ കോട്ടക്കുഴി സുകുമാരന്‍മാത്രമാണ് കുന്നത്തൂരിന്റെ ചരിത്രത്തിനിടിയില്‍ ചുവപ്പിനെ താഴ്ത്തികെട്ടിയ വിജയി. അന്ന് പരാജയത്തിന്റെ രുചിയറിഞ്ഞത് ആര്‍എസ്പിയിലെ കല്ലടനാരായണനായിരുന്നു. എന്നാല്‍ 82 ലെ അട്ടിമറിവിജയം തുടര്‍ന്നുനടന്നതെരഞ്ഞെടുപ്പുകളില്‍ നിലനിര്‍ത്താന്‍ കോണ്‍ഗ്രസിനായില്ല. ടി.നാണുമാസ്റ്ററും, കോവൂര്‍കുഞ്ഞുമോനും എംഎല്‍എ പദത്തില്‍ ഹാട്രിക്ക് തന്നെ തികച്ചു. മൂന്നുതവണ ഇടതുമുന്നണിയോടുപ്പം ആര്‍എസ്പിയില്‍നിന്ന് എംഎല്‍എ ആയ നാണുമാസ്റ്റര്‍ പിന്നീട് സ്ഥാനാര്‍ത്ഥിയാക്കാഞ്ഞതില്‍ പ്രതിഷേധിച്ച് ആര്‍എസ്പി വിട്ട് വര്‍ഷങ്ങള്‍ക്കുമുമ്പുതന്നെ കോണ്‍ഗ്രസിന്റെ ഭാഗമായി മാറിയിരുന്നു.
കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് വരെ എല്‍ഡിഎഫിന്റെ ഘടകകക്ഷിയായിരുന്ന ആര്‍എസ്പിയ്ക്ക് ശക്തമായ ജനപിന്തുണയുള്ള മണ്ഡലംകൂടിയാണ് കുന്നത്തൂര്‍. എന്നാല്‍ ഇക്കുറി ആര്‍എസ്പി യുഡിഎഫിനൊപ്പമാണ്. എംഎല്‍എ സ്ഥാനവും, ആര്‍എസിയില്‍ നിന്നും രാജിവച്ച് ആര്‍എസ്പി(എല്‍) രൂപീകരിച്ച കുഞ്ഞുമോന്റെ പാര്‍ട്ടിയും നിര്‍ണായക സ്വാധീനശക്തിയായിമാറുകയാണ് കുന്നത്തൂരില്‍. ആര്‍എസ്പിയിലെ ഉല്ലാസ് കോവൂര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി കന്നിയങ്കം കുറിക്കാന്‍ ഇറങ്ങുമ്പോള്‍ കഴിഞ്ഞ 15 വര്‍ഷക്കാലമായി കുന്നത്തൂരിന്റെ മനസ്‌തൊട്ടറിഞ്ഞ് എംഎല്‍എ ആയിമാറിയ കോവൂര്‍കുഞ്ഞുമോന്‍ തന്നെയാണ് കുന്നത്തൂരിലെ ഇടതുമുന്നണിസ്ഥാര്‍ത്ഥി. ഇടതുമുന്നണിയില്‍ ആര്‍എസ്പി(എല്‍) നാണ് സീറ്റ് നല്‍കിയിരിക്കുന്നത്.
ബിജെപിയുടെ സീറ്റ് വെള്ളാപ്പള്ളി നടേശന്‍ നേതൃത്വം നല്‍കുന്ന ബിഡിജെഎസിനാണ്. ഇവിടെ തഴവാ സഹദേവനാണ് സ്ഥാനാര്‍ത്ഥി. കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പില്‍ കോവൂര്‍കുഞ്ഞുമോന്‍ 12088 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കോണ്‍ഗ്രസിലെ പി.കെ.രവിയെ പരാജയപ്പെടുത്തിയത്. എന്നാല്‍ തുടര്‍ന്നുവന്ന പാര്‍ലമെന്റ്‌തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കൊടിക്കുന്നില്‍ സുരേഷിന് കുന്നത്തൂരില്‍ 86 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചിരുന്നു. ഇരുമുന്നണികളിലും ആര്‍എസ്പി കള്‍ മാറ്റുരയ്ക്കുന്ന കുന്നത്തൂര്‍ ഇരുവര്‍ക്കും അഭിമാനപ്രശ്‌നം തന്നെയാണ്. ഇടതുമുന്നണിയില്‍ കുന്നത്തൂര്‍ സംവരണമണ്ഡലം ആര്‍എസ്പി(എല്‍) ന് നല്‍കുന്നതില്‍ അഭിപ്രായവ്യത്യാസമില്ല. എന്നാല്‍ കുന്നത്തൂര്‍ സംവരണമണ്ഡലം കോണ്‍ഗ്രസിന് നല്‍കാത്തതില്‍ കുന്നത്തൂരിലെ കോണ്‍ഗ്രസില്‍ അഭിപ്രായവ്യത്യാസവുമുണ്ട്. രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പാണ് കുന്നത്തൂരിലേത്. ആരുജയിച്ചാലും അതാതുപാര്‍ട്ടികളുടെ ടെ ഭാവികൂടി നിര്‍ണയിക്കുന്നതാകും കുന്നത്തൂരിലെ വിജയം.