കുരുന്നുകള്‍ക്ക് അന്നും ഇന്നും മിഠായി തന്നെ ഏറെ പ്രിയം

tvm-sweetസ്വന്തം ലേഖകന്‍
നെയ്യാറ്റിന്‍കര: കൊടികളും തോരണങ്ങളും ബലൂണുകളും നിറഞ്ഞ സ്കൂള്‍ മുറ്റം കണ്ടപ്പോള്‍ ദേവദത്തന്‍ കരച്ചില്‍ അവസാനിപ്പിച്ചു. അച്ഛന്റെയും അമ്മയുടെയും വിരലുകളില്‍ തൂങ്ങിയെത്തിയ അവന്‍ കാഴ്ചകളെല്ലാം കൗതുകത്തോടെ കണ്ണോടിച്ചു. ചേട്ടന്മാരും ചേച്ചിമാരും കൂടി ദേവദത്തനെപ്പോലെ ആദ്യമായി സ്കൂളിലെത്തിയ കുരുന്നുകളെ പുഞ്ചിരിയോടെ സ്വീകരിച്ചു. എന്നാല്‍ ക്ലാസിലേയ്ക്ക് കയറിയപ്പോള്‍ കൊച്ചുമിടുക്കന്റെ മട്ടും ഭാവവും മാറി. പതിയെ വിങ്ങിത്തുടങ്ങിയ ദേവദത്തന്‍ പൊടുന്നനെ പൊട്ടിക്കരഞ്ഞു. ദേവദത്തനെ ആശ്വസിപ്പിക്കാന്‍ ചേട്ടന്മാരും ചേച്ചിമാരും തന്നെ ഒരു പോംവഴി കണ്ടു. ഒരു മിഠായി നല്‍കിയതോടെ ദേവദത്തന്റെ മുഖത്ത് ചിരി വിടര്‍ന്നു.

സഹോദരന്‍ സഞ്ജയിനോടൊപ്പമാണ് സാന്ദ്ര ആദ്യദിനം സ്കൂളിലെത്തിയത്. സ്കൂളിലെ ഈ ബഹളമൊന്നും സാന്ദ്ര ശ്രദ്ധിച്ചില്ല. ചേട്ടനോടൊപ്പം മുമ്പും പല തവണ അവള്‍ ഇവിടെ വരികയും കലോത്സവം കാണുകയുമൊക്കെ ചെയ്തിട്ടുണ്ട്. ബാലാജിയും കാശിയും അലീഷയും ദേവുവും ഹരിപ്രിയയും കരയാത്ത കുട്ടികളുടെ പട്ടികയില്‍ ഇടം പിടിച്ചു. നെയ്യാറ്റിന്‍കര താലൂക്കിലെ പല സ്കൂളുകളിലും പ്രവേശനോത്സവത്തില്‍ സമാനമായ രംഗങ്ങള്‍ അരങ്ങേറി. കരച്ചിലും ചിരിയും കരഘോഷവും പാട്ടുമൊക്കെ ഇഴ ചേര്‍ന്ന അന്തരീക്ഷത്തോട് നവാഗതരില്‍ പലരും പല വിധത്തിലാണ് പ്രതികരിച്ചത്.

നെയ്യാറ്റിന്‍കര നഗരസഭയുടെ നേതൃത്വത്തിലുള്ള പ്രവേശനോത്സവം നിയുക്ത എംഎല്‍എ കെ. ആന്‍സലന്‍ ഉദ്ഘാടനം ചെയ്തു. അതിയന്നൂര്‍ ഗവ. യുപി സ്കൂളിലെ പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സണ്‍ ഡബ്ല്യു.ആര്‍ ഹീബ നിര്‍വഹിച്ചു.  ബാലരാമപുരം ഉപജില്ലാതല പ്രവേശനോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങും ശ്രദ്ധേയമായി. സമ്മേളനത്തില്‍ ഭദ്രദീപം തെളിയിക്കാനുള്ള കൈവിളക്കുമായെത്തിയ കുരുന്നുകളോട് ഉദ്ഘാടകയായ നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എല്‍. അനിത വാത്സല്യത്തോടെ ഒരു നിര്‍ദേശം മുന്നോട്ടുവച്ചു. ഉദ്ഘാടകയുടെ വാക്കുകള്‍ അനുസരിച്ച കുരുന്നുകള്‍ വിളക്ക് കൊളുത്തിയപ്പോള്‍ സദസ്സില്‍ കരഘോഷം മുഴങ്ങി.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. വീരേന്ദ്രകുമാര്‍ പുസ്തകങ്ങള്‍ വിതരണം ചെയ്തു. പള്ളിച്ചല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മല്ലിക വിജയന്‍ അധ്യക്ഷയായിരുന്ന യോഗത്തില്‍ പഞ്ചായത്ത് അംഗങ്ങളായ പി.എസ് ചിത്ര, റ്റി. മല്ലിക, എസ്.എം.സി ചെയര്‍മാന്‍ കെ.ജി ഹരികൃഷ്ണന്‍, ഹെഡ്മാസ്റ്റര്‍ മുരളീധരന്‍ എന്നിവര്‍ പ്രസംഗിച്ചു. വര്‍ണ്ണക്കടലാസുകളാല്‍ നിര്‍മിച്ച തൊപ്പികള്‍ കുട്ടികള്‍ക്ക് ഇഷ്ടമായി. പൂങ്കോട്  ഗവ. എസ്.വി എല്‍.പി സ്കൂളിലെ പ്രവേശനോത്സവം പിടിഎ പ്രസിഡന്റ് എന്‍. ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

ഹെഡ്മിസ്ട്രസ് ഷീല, സ്റ്റാഫ് സെക്രട്ടറി മിനിമോള്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രവേശനോത്സവത്തിന്റെ ഭാഗമായി പല സ്കൂളുകളിലും അക്ഷരദീപവും തെളിയിച്ചു. നെയ്യാറ്റിന്‍കര ഗവ. ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍, ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍, ഓലത്താന്നി വിക്ടറി ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍, ചായ്‌ക്കോട്ടുകോണം എംഎസ്‌സി എല്‍പിസ്കൂള്‍, മാരായമുട്ടം ലൂഥറന്‍ എല്‍പി സ്കൂള്‍, നെയ്യാറ്റിന്‍കര ജെബിഎസ് എന്നിവിടങ്ങളിലും പ്രവേശനോത്സവം നടന്നു.

Related posts