കോട്ടയം: കെഎസ്ആര്‍ടിസിയുടെ ആധുനിക ടിക്കറ്റ് മെഷീനുകള്‍ കൂട്ടത്തോടെ തകരാറില്‍. ജില്ലയിലെ വിവിധ ഡിപ്പോകളിലായി നൂറിലധികം ടിക്കറ്റ് മെഷീനുകളാണു തകരാറിലായിരിക്കുന്നത്. കോട്ടയം ഡിപ്പോയില്‍ 45 മെഷീനും വൈക്കത്ത് 15 മെഷീനും ഈരാറ്റുപേട്ടയില്‍ ആറും പാലായില്‍ പതിനാറും ചങ്ങനാശേരിയില്‍ ആറും മെഷീനുകളാണ് തകരാറിലായിരിക്കുന്നത്.
ടിക്കറ്റ് മെഷീനുകള്‍ തകരാറിലായതോടെ കണ്ടക്ടര്‍മാര്‍ പലരും പഴയ ടിക്കറ്റ് റാക്കുകളാണു ഇപ്പോള്‍ ഉപയോഗിക്കുന്നത്. പുതിയ നിരക്കിലുള്ള ടിക്കറ്റ് അച്ചടിച്ചു ലഭിക്കാത്തതിനാല്‍ പല തുകയുടെ രണ്ടും മൂന്നും ടിക്കറ്റുകളാണ് യാത്രക്കാര്‍ക്കു നല്‍കുന്നത്. ഇതു പലപ്പോഴും യാത്രക്കാരും കണ്ടക്ടറും തമ്മില്‍ വാക്കുതര്‍ക്കത്തിനും കാരണമാകുന്നുണ്ട്. ടിക്കറ്റ് വിതരണത്തിലെ അപാകത പരിഹരിക്കാനും കണക്കുകൂട്ടല്‍ അനായാസമാക്കാനും വേണ്ടിയാണു കെഎസ്ആര്‍ടിസിയില്‍ ടിക്കറ്റ് മെഷീന്‍ സംവിധാനം ഏര്‍പ്പെടുത്തിയത്. വ്യാപകമായി തകരാര്‍ സംഭവിക്കാന്‍ തുടങ്ങിയതോടെ മെഷീനുകള്‍ മിക്ക ഡിപ്പോകളിലെയും ഓഫീസുകളില്‍ കൂട്ടിയിട്ടിരിക്കുകയാണ്.
പുതിയ ടിക്കറ്റ് മെഷീന്‍ എത്തിച്ചപ്പോള്‍ നിലവില്‍ ഉണ്ടായിരുന്ന മെഷീനുകള്‍ തകരാറിനെ തുടര്‍ന്നു പൂര്‍ണമായും മാറ്റി ജിപിആര്‍എസ് സംവിധാനമുള്ള മെഷീനുകളാണു ഉപയോഗിച്ചു വന്നിരുന്നത്. ഇപ്പോള്‍ ഈ മെഷീനുകള്‍ക്കാണു തകരാര്‍ സംഭവിച്ചിരിക്കുന്നത്. ജിപിആര്‍എസ് സംവിധാനം ഉപയോഗിക്കുന്നില്ലെങ്കിലും ജിപിആര്‍എസ് സേവനം നല്കുന്ന ബിഎസ്എന്‍എല്ലിനു വാടക നല്‍കണം. ഓരോ സ്‌റ്റോപ്പിനുമിടയില്‍ എത്ര ടിക്കറ്റുകള്‍ വിറ്റു, റണ്ണിംഗ് ടൈം, യാത്രാപാസുകളുടെ എണ്ണം എന്നിവയുടെ വിവരം കൃത്യമായി കണ്‍ട്രോള്‍ റൂമിലും കെഎസ്ആര്‍ടിസിയുടെ ആസ്ഥാനത്തും ലഭിക്കുന്ന തരത്തിലായിരുന്നു ടിക്കറ്റ് മെഷീനുകളുടെ പ്രവര്‍ത്തനം. ഇവ കൂട്ടമായി പണിമുടക്കാന്‍ തുടങ്ങിയതോടെ ടിക്കറ്റ് വിതരണമാകെ അവതാളത്തിലായിരിക്കുകയാണ്.
ടിക്കറ്റ് റാക്കുകള്‍ പരിചയമില്ലാത്ത പുതിയതായി ചാര്‍ജെടുത്ത വനിതാ കണ്ടക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള കണ്ടക്ടര്‍മാര്‍ റാക്കുകള്‍ ഉപയോഗിക്കാന്‍ തുടങ്ങിയതോടെ ടിക്കറ്റ് നല്കുന്നതിനു വലിയ താമസമാണു അനുഭവപ്പെടുന്നത്. 10രൂപയ്ക്കു മുകളിലുള്ള തുകയ്ക്കു ടിക്കറ്റ് എടുക്കുന്നവര്‍ക്കു ഒരു രൂപയടെ സെസ് ടിക്കറ്റ് കൂടി നല്‌കേണ്ടതുണ്ട്. റാക്ക് സംവിധാനത്തില്‍ ഓരോ ചാര്‍ജ് പോയിന്റ് കഴിയുമ്പോഴും കണ്ടക്ടര്‍ ജേര്‍ണി ബില്ല് തയാറാക്കണം. ഇതു കണ്ടക്ടര്‍മാര്‍ക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. ബസില്‍ തിരക്കുള്ളപ്പോള്‍ ടിക്കറ്റ് കൊടുക്കാനും ജേര്‍ണി ബില്ല് തയാറാക്കാനുമായി കണ്ടക്ടര്‍മാര്‍ ബുദ്ധിമുട്ടുകയാണ്. ചില കണ്ടക്ടര്‍മാര്‍ കേടായ മെഷീനുകള്‍ സ്വന്തം ചെലവില്‍ നന്നാക്കി ഉപയോഗിക്കുന്നുണ്ട്.
പുതിയ ടിക്കറ്റ് മെഷീനൂകള്‍ എത്തിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടന നേതാക്കള്‍ മാനേജ്‌മെന്റിനെ സമീപിച്ചെങ്കിലും ഇതു വരെ പ്രയോജനമുണ്ടായില്ല. തകരാറുകള്‍ ഉണ്ടാകാത്ത നിലവാരമുള്ള മെഷീനുകള്‍ എത്തിക്കണമെന്നും മെഷീനുകള്‍ക്ക് തകരാറുകള്‍ സംഭവിച്ചാല്‍ അതു പരിഹരിക്കാന്‍ സംവിധാനമുണ്ടാക്കണമെന്നും തൊഴിലാളി സംഘടന നേതാക്കള്‍ ആവശ്യപ്പെട്ടു.