കുറവിലങ്ങാട്: എം.സി റോഡ് വികസനത്തിലെ വേഗം കൂട്ടാനായി പഠനറിപ്പോര്‍ട്ടുമായി കുറവിലങ്ങാട് എസ്‌ഐ റിച്ചാര്‍ഡ് വര്‍ഗീസ്. എസ്‌ഐയായി ചുമതലയേറ്റെടുത്തിനു പിന്നാലെ എം.സി റോഡിലെ വികസനപ്രവര്‍ത്തനങ്ങളിലെ ഒച്ചിഴയുന്ന വേഗം തിരിച്ചറിഞ്ഞ് എസ്‌ഐ പഠനവുമായി രംഗത്തെത്തിയത്. പട്ടിത്താനം മുതല്‍ കോഴാവരെയുള്ള 10 കിലോമീറ്റര്‍ പ്രദേശത്തെ റോഡ് വികസനമാണ് പോലീസ് സംഘം പഠനവിധേയമാക്കിയത്.
ഈ മേഖലയില്‍ റോഡ് വികസനം ഏകദേശം പൂര്‍ത്തീകരിച്ചിട്ടും സീബ്രാലൈന്‍പോലും രേഖപ്പെടുത്താന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാകാത്തത് പഠനത്തിലൂടെ കണക്കുകള്‍ നിരത്തി പോലീസ് വ്യക്തമാക്കുന്നുണ്ട്. പട്ടിത്താനം മുതല്‍ മോനിപ്പള്ളി വരെയുള്ള ഭാഗത്തെ അപകട സാധ്യതാ മേഖലയും പോലീസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വെമ്പള്ളി ജംഗ്ഷനു സമീപമുള്ള പാറമടയുടെ ഭാഗം, കുര്യം ഭാഗം, കോഴാ ജംഗ്ഷന്‍, സയന്‍സ് സിറ്റിയുടെ പ്രവേശനകവാടത്തിന് സമീപം എന്നിങ്ങനെ ഓരോ പോയിന്റുകളും അക്കമിട്ട് നിരത്തി സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഫലം കാണുന്നുവെന്നത് പോലീസിനും അഭിമാനമായി.
എസ്‌ഐ റിച്ചാര്‍ഡ് വര്‍ഗീസ് തയ്യാറാക്കി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കെഎസ്ടിപി സംഘം കഴിഞ്ഞ ദിവസം എം.സി റോഡിലിറങ്ങി പരിശോധന നടത്തിയെന്നത് പോലീസിന് നേട്ടമായി.ദിശാബോര്‍ഡുകള്‍, മാര്‍ക്കിംഗ് തുടങ്ങിയവ ഇനിയും റോഡിലെത്തിയിട്ടില്ല. ഇക്കാര്യത്തില്‍ പോലീസിന്റെ ഇടപെടല്‍ നേട്ടമാകുമെന്നാണ് വിലയിരുത്തല്‍.
കെഎസ്ടിപിയുടെ മൂവാറ്റുപുഴ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ രാകേഷ്, കണ്‍സള്‍ട്ടന്റ് പൈലി, കുറവിലങ്ങാട് എസ് ഐ റിച്ചാഡ് വര്‍ഗീസ് എന്നിവരടങ്ങുന്നസംഘം പരിശോധന നടത്തിയത്. റോഡ് വികസനം പൂര്‍ത്തീകരിച്ച സ്ഥലങ്ങളില്‍ സീബ്രാലൈന്‍, ദിശാ ബോര്‍ഡുകള്‍, മുന്നറിയിപ്പ് ബോര്‍ഡുകള്‍ എന്നിവ ഒരുമാസത്തിനുള്ളില്‍ സ്ഥാപിക്കുന്നതിനും നടപ്പാതയുടേയും ഡിവൈഡറുകളുടെയും നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതിനും ബസ് സ്റ്റോപ്പുകള്‍ പുനക്രമീകരിക്കുന്നതിനും പരിശോധക സംഘം തീരുമാനിച്ചു.