കുണ്ടറ: കൈതക്കോട് വേലന്‍പൊയ്കയില്‍ വാട്ടര്‍ ടാങ്ക് വീടിന് മുകളിലേക്ക് വീണ് ഏഴുവയസുകാരന്‍ മരിച്ച നിര്‍ധന കുടുംബത്തിന് സാമ്പത്തിക പരിരക്ഷ ഉറപ്പുവരുത്തണമെന്ന് ക്യുഎസ്എസ്എസ് ഡയറക്ടര്‍ ഫാ. പയസ് മല്യര്‍, കോട്ടപ്പുറം ക്രിസ്തുരാജ ദേവാലയം ഇടവക വികാരി ഫാ. അമല്‍രാജ് എന്നിവര്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞമാസം 25നാണ് ആഞ്ചലോസിന്റെ വീടിന് മുകളിലേക്ക് സമീപത്ത് സ്ഥാപിച്ചിരുന്ന വാട്ടര്‍ ടാങ്ക് തകര്‍ന്ന് വീണ് വീടിനുള്ളില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന അബി ഗബ്രിയേല്‍ മരിച്ചത്. തൊട്ടടുത്തുണ്ടായിരുന്ന ആഞ്ചലോസിന്റെ ഭാര്യ ബീന, മകള്‍ സ്‌നേഹയ്ക്കും തകര്‍ന്നുവീണ വീടിനുള്ളില്‍ അകപ്പെട്ട് മാരകമായി പരിക്കേറ്റിരുന്നു. ആഞ്ചലോസ് ചിറ്റുമല കാഷ്യു കോര്‍പ്പറേഷന്‍ കമ്പനിയിലെ താല്‍ക്കാലിക ജീവനക്കാരനാണ്. ബീന ഇപ്പോഴും കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവര്‍ക്ക് താങ്ങും തണലുമാകേണ്ടിയിരുന്ന അധികാരികള്‍ അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നതെന്ന് ആരോപണമുയര്‍ന്നു. സര്‍ക്കാര്‍ പ്രഖ്യാപിച്ച അഞ്ചുലക്ഷം രൂപ ഇതുവരെ നല്‍കിയിട്ടില്ല. ക്യുഎസ്എസ്എസും കോട്ടപ്പുറം ഇടവകയും കുടുംബത്തെ സഹായിക്കാന്‍ എത്തിയിരുന്നു.
പവിത്രേശ്വരം പഞ്ചായത്ത് അധികാരികള്‍ തകര്‍ന്ന വീടിന് പകരം വീട് നിര്‍മിച്ച് നല്‍കാമെന്ന് പറഞ്ഞിരുന്നെങ്കിലും ഒടുവില്‍ കാലുമാറിയെന്നാണ് സൂചന. ബീന സുഖം പ്രാപിക്കാന്‍ വര്‍ഷങ്ങള്‍ കഴിയുമെന്നാണ് പറയപ്പെടുന്നത്. ചികിത്സയ്ക്കായി ലക്ഷങ്ങള്‍ വേണ്ടിവരും. കുടുംബത്തിലെ ഒരാള്‍ക്കെങ്കിലും സര്‍ക്കാര്‍ ജോലി നല്‍കണമെന്നും അബിയുടെ സഹോദരി സ്‌നേഹയുടെ വിദ്യാഭ്യാസം സര്‍ക്കാര്‍ ഏറ്റെടുക്കുക, സര്‍ക്കാര്‍ പ്രഖ്യാപിച്ച തുക 25 ലക്ഷമായി വര്‍ധിപ്പിക്കണമെന്നും കുറ്റവാളികളെ നിയമത്തിനുമുമ്പില്‍ കൊണ്ടുവരണമെന്നും ഇവര്‍ പത്രസമ്മേളനത്തില്‍ ഉന്നയിച്ചു.
ആഞ്ചലോസിന്റെ കുടുംബത്തിന് നീതി ലഭ്യമാക്കാനായി ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിക്കുമെന്നും അവര്‍ അറിയിച്ചു. ജെ. ആഞ്ചലോസ്, വിക്ടര്‍ പി.എം, ജെ. സില്‍വസ്റ്റര്‍, ജെ. ഡാര്‍വിന്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.