കൊട്ടാരക്കര: യുഡിഎഫ് വിട്ട് എല്‍ഡിഎഫിലെത്തിയ ആര്‍. ബാലകൃഷ്ണപിള്ളയ്ക്കും പാര്‍ട്ടിയ്ക്കും ജില്ലയിലെ എല്‍ഡിഎഫ് മുന്നേറ്റത്തില്‍ അഭിമാനിക്കാന്‍ വകയുണ്ട്. കൊട്ടാരക്കരയില്‍ ഐഷാ പോറ്റിയുടെ ഭൂരിപക്ഷം ഇരട്ടിയലധികമായി വര്‍ധിപ്പിച്ചതില്‍ പിള്ളയ്ക്കും കൂട്ടര്‍ക്കും അഭിമാനിക്കുകയും ചെയ്യാം.കന്നിയങ്കത്തില്‍ ആര്‍. ബാലകൃഷ്ണപിള്ളയെ പരാജയപ്പെടുത്തുമ്പോള്‍ ഐഷാ പോറ്റിയുടെ ഭൂരിപക്ഷം 12,087 വോട്ടായിരുന്നു. 2011ല്‍ ഡോ. എന്‍.എന്‍. മുരളിയുമായി ഏറ്റുമുട്ടിയപ്പോള്‍ ഭൂരിപക്ഷം 20,592 വോട്ടായി വര്‍ധിച്ചു. ഇത്തവണ ആദ്യ പ്രതിയോഗിയായിരുന്ന ബാലകൃഷ്ണപിള്ള സഹപ്രവര്‍ത്തകനായപ്പോള്‍ ഭൂരിപക്ഷം മുന്‍ വര്‍ഷത്തേക്കാള്‍ ഇരട്ടിയിലധികമായി. 42,632 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അവര്‍ യുഡിഎഫിലെ സവിന്‍ സത്യനെ ഇപ്പോള്‍ പരാജയപ്പെടുത്തിയത്.
തെരഞ്ഞെടുപ്പില്‍ കൊട്ടാരക്കരയില്‍ അഭിമാനാര്‍ഹമായ മുന്നേറ്റമാണ് എന്‍ഡിഎയ്ക്കുണ്ടായത്. 2006ല്‍ ബിജെപിയിലെ എന്‍. ചന്ദ്രമോഹന്‍ 2856 വോട്ടും 2011ല്‍ വയയ്ക്കല്‍ മധു 6370 വോട്ടും നേടിയിടത്ത് ഇക്കുറി എന്‍ഡിഎ മുന്നണിയിലെ രാജേശ്വരി രാജേന്ദ്രന്‍ 24,062 വോട്ടുകളാണ് നേടിയത്. ബിഡിജെഎസ് അനുകൂല വോട്ടുകളും കോണ്‍ഗ്രസിലെ നെഗറ്റീവ് വോട്ടുകളും ബിജെപി പെട്ടിയില്‍ വീണതായാണ് അനുമാനിക്കേണ്ടത്.യുഡിഎഫിനാണ് ഈ തെരഞ്ഞെടുപ്പില്‍ ഏറ്റവുമധികം തിരിച്ചടിയുണ്ടായത്. 2011ല്‍ 53477 വോട്ട് ലഭിച്ച യുഡിഎഫിന് ഇത്തവണ ലഭിച്ചത് 40,811 വോട്ടുകളാണ്. 13,000ത്തിലധികം വോട്ടിന്റെ കുറവാണ് ഇത്തവണ യുഡിഎഫിനുണ്ടായത്. സ്ഥാനാര്‍ഥിത്വത്തെച്ചൊല്ലി കൊടിക്കുന്നില്‍ വിഭാഗം ഉയര്‍ത്തിയ പരാതികള്‍ വോട്ടെടുപ്പില്‍ പ്രതിഫലിച്ചതായാണ് വിലയിരുത്തേണ്ടത്.
തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെ കൊട്ടാരക്കരയില്‍ കൊടിക്കുന്നില്‍ സുരേഷിന്റെ കോലം കത്തിച്ചിരുന്നു.കേരള കോണ്‍ഗ്രസ് – ബിയ്ക്ക് സ്വാധീനമുണ്ടായിരുന്ന മണ്ഡലങ്ങളിലെല്ലാം എല്‍ഡിഎഫ് സ്ഥാനാര്‍ഥികളുടെ ഭൂരിപക്ഷം വര്‍ധിച്ചിട്ടുണ്ട്. പത്തനാപുരത്തും പുനലൂരും കൊട്ടാരക്കരയിലും അത് നല്ല രീതിയില്‍ പ്രകടമായി. യുഡിഎഫ് വിട്ട തന്റെ നിലപാട് ശരിയായിരുന്നുവെന്നും തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചതായി പിള്ള മാധ്യമങ്ങളോട് പറഞ്ഞു. അഴിമതിക്കെതിരായ ജനവികാരമാണ് ജനവിധിയെന്നും അദ്ദേഹം വ്യക്തമാക്കി. കൊല്ലം ജില്ലയിയെ യുഡിഎഫിന്റെ സമ്പൂര്‍ണ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കൊടിക്കുന്നില്‍ സുരേഷ് എംപി സ്ഥാനവും ഡിസിസി പ്രസിഡന്റ് സ്ഥാനവും രാജി വയ്ക്കണമെന്നും പിള്ള ആവശ്യപ്പെട്ടു.