കോവൂര്‍കുഞ്ഞുമോന്റെ വിജയം ആര്‍എസ്പി ദേശീയരാഷ്ട്രീയത്തില്‍ വഴിത്തിരിവാകും

ALP-KOVOORപ്രഭുകുമാര്‍ പോരുവഴി
ശാസ്താംകോട്ട: കേരളരാഷ്ട്രീയത്തില്‍ ചലനങ്ങള്‍സൃഷ്ടിച്ച് ഭരണത്തിന്റെ അവസാനനാളുകളില്‍ എംഎല്‍എ സ്ഥാനംരാജിവച്ച് ആര്‍എസ്പി(എല്‍) രൂപീകരിച്ച കുഞ്ഞുമോന്റെ നാലാംവിജയം ദേശീയരാഷ്ട്രീയത്തിലും വഴിത്തിരിവാകും. പാര്‍ലമെന്റ് തെരെഞ്ഞെടുപ്പില്‍ സീറ്റ്‌നിഷേധിച്ചെന്നാരോപിച്ച് ഇടതുമുന്നണി വിട്ട് യുഡിഎഫില്‍ കക്ഷിചേര്‍ന്ന ആര്‍എസ്പിക്ക് കുഞ്ഞുമോന്റെ മുന്നില്‍ മുട്ടുമടക്കേണ്ടിവന്നതും രാഷ്ട്രീയകേരളം ഉറ്റുനോക്കുന്നു.  ആര്‍എസ്പി മത്സരിച്ച് അഞ്ചിടത്തും വന്‍പരാജയം ഏറ്റുവാങ്ങുമ്പോഴായിരുന്നു കുന്നത്തൂരില്‍ ആര്‍എസ്പി(എല്‍)ന്റെ വന്‍വിജയം. പ്രേമചന്ദ്രന്‍, ഷിബുബേബിജോണ്‍ അടക്കമുളള മുന്‍നിരനേതാക്കള്‍ കുന്നത്തൂരില്‍  കുഞ്ഞുമോനും, ഇടതുമുന്നണിക്കുമെതിരേ ആഞ്ഞടിച്ചപ്പോഴും  കുഞ്ഞുമോന്റെ വിജയം നൂറുമേനിയുടേയാണ്.

കുന്നത്തൂരില്‍ നാലാമങ്കത്തിനിറങ്ങിയ കോവൂര്‍കുഞ്ഞുമോനെ നിലംപരിശാക്കാനുള്ള ആര്‍എസ്പിയുടെ തന്ത്രത്തിനേറ്റ തിരിച്ചടികൂടിയാണ് കുഞ്ഞുമോന്റെ വിജയം. 2001 ല്‍ നാണുമാസ്റ്ററുടെ പകരക്കാരനായി മത്സരരംഗത്തെത്തിയ കുഞ്ഞുമോന്‍ പരാജയമെന്തെന്ന് തിരിച്ചറിഞ്ഞിട്ടില്ല. 2001 ല്‍ കോണ്‍ഗ്രസിലെ അതികായനായ പന്തളം സുധാകരനെ പരാജയപ്പെടുത്തി ആര്‍എസ്പിയുടെ കുഞ്ഞുമോന്‍ കുന്നത്തൂരിലെ ചെങ്കോടി താഴ്ത്താതെ നിലനിര്‍ത്തി. 2006 ല്‍ കോണ്‍ഗ്രസിലെ പി.രാമഭദ്രനെ 22573 വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് പരാജയപ്പെടുത്തിയത്.

തുടര്‍ന്ന് 2011 ല്‍ ഹാട്രിക്ക് ലക്ഷ്യവച്ച് മത്സരരംഗത്തെത്തിയ കുഞ്ഞുമോന്‍ കുന്നത്തൂരില്‍ നിന്നുമുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പി.കെ.രവിയെ 12088 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി ഹാട്രിക്ക് വിജയംകരസ്ഥമാക്കി. 20014 ല്‍ നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ആര്‍എസ്പി ഇടതുമുന്നണി വിട്ട് യുഡിഎഫില്‍ ചേര്‍ന്നെങ്കിലും കുഞ്ഞുമോന്‍ ഇടതുമുന്നണിയോടൊപ്പംനില്‍ക്കണമെന്ന വാദക്കാരനായിരുന്നു.         കാലുമാറ്റക്കാരനായി കുഞ്ഞുമോന്‍ എത്തിയപ്പോഴും എതിരാളികളെ നിഷ്പ്രഭമാക്കിയ വിജയം കുന്നത്തൂരിലെ സാധാരണക്കാരുടെ വിജയമെന്നാണ് കുഞ്ഞുമോന്‍പറയുന്നത്.

ദേശീയരാഷ്ട്രീയത്തില്‍ നിന്നും പുറത്താകുന്നതാണ് ആര്‍എസ്പിയുടെ കേരളത്തിലെ പരാജയം എന്ന് വിലയിരുത്തുമ്പോള്‍ ഔദ്യോഗിക ആര്‍എസ്പിയായി തങ്ങളെ പിരഗണിക്കാന്‍ കേന്ദ്ര നേതൃത്വത്തോട് ആര്‍എസ്പി(എല്‍) ആവശ്യപ്പെടുമോയെന്നതും വരുംനാളുകളില്‍ നമുക്ക് അറിയാം.  കുന്നത്തൂരില്‍ ആര്‍എസ്പിക്കുളള സ്വാധീനം കുഞ്ഞുമോനൊപ്പമെന്നാണ് കുഞ്ഞുമോന്റെ വിജയത്തിലൂടെ മനസിലാക്കുന്നത്. കുന്നത്തൂര്‍ ഉള്‍പ്പെടുന്ന പത്ത് പഞ്ചായത്തുകളിലും കുഞ്ഞുമോന്‍ നിര്‍ണ്ണായകലീഡ് നിലനിര്‍ത്തി. ഓരോബൂത്തിലും ആയിരത്തില്‍ പരംവോട്ടിന്റെ ലീഡാണ് കുഞ്ഞുമോന് ഉണ്ടായിരുന്നത്.

ആര്‍എസ്പിക്ക്് ഒരാളെപോലും വിജയിപ്പിക്കാന്‍ സാധിക്കാഞ്ഞത് ആര്‍എസ്പിയുടെ പതനമായിട്ടാണ് കാണുന്നത്. ഇടതുമുന്നണിക്കെതിരേ ആഞ്ഞടിച്ച ആര്‍എസ്പിക്ക് തെരഞ്ഞെടുപ്പിലെ പരാജയം നല്‍കുന്നപാഠം അത്രനന്നല്ല.  ആര്‍എസ്പി ദേശീയനേതൃത്വം എന്തുനിലപാട് എടുക്കുമെന്നതാണ് ഇനികാണേണ്ടത്. വരുംകാലങ്ങളില്‍ ആര്‍എസ്പിയില്‍ നിന്നും അണികളുടെ വന്‍കൊഴിഞ്ഞുപോക്ക് ഉണ്ടാകുമെന്ന ആശങ്കയും നേതാക്കള്‍ക്കുണ്ട്. കൊഴിഞ്ഞുപോകുന്നവര്‍ കുഞ്ഞുമോന്‍ നേതൃത്വംനല്‍കുന്ന ആര്‍എസ്പി(എല്‍) യിലേക്ക്‌ചേരാനാണ്  സാധ്യത.

കഴിഞ്ഞതവണ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പോലും ആര്‍എസ്പി പ്രതിനിധികള്‍ വന്‍പരാജയം ഏറ്റുവാങ്ങിയപ്പോള്‍ ആര്‍എസ്പി ഇടതുമുന്നണിയിലേക്ക് തിരികെപോകണമെന്ന ചര്‍ച്ചയുണ്ടായെങ്കിലും യുഡിഎഫില്‍ തന്നെ ഉറച്ചുനില്‍ക്കാനുള്ള തീരുമാനമായിരുന്നു നേതാക്കളുടേത്. എന്തായാലും ആര്‍എസ്പിയുടെ പരാജയം ദേശീയരാഷ്ട്രീയത്തില്‍ വന്‍ചലനങ്ങള്‍ സൃഷ്ടിക്കുമെന്നകാര്യത്തില്‍ തര്‍ക്കമില്ല.

Related posts