ഗതികെട്ടപ്പോള്‍ ചെയ്യേണ്ടിവന്നു… റോഡിന്റെ ശോച്യാവസ്ഥയില്‍ പ്രതിഷേധിച്ചു നാട്ടുകാര്‍ റോഡ് നന്നാക്കി

ktm-roadnannkkilകോട്ടയം: കോടിമത പഴയ എംസി റോഡിന്റെ ശോച്യാവസ്ഥയില്‍ പ്രതിഷേധിച്ചു നാട്ടുകാര്‍ ചേര്‍ന്നു റോഡ് നന്നാക്കി. ഇന്നലെ രാവിലെയാണു പഴയ എംസി റോഡിനിരുവശത്തും വര്‍ക്ക്‌ഷോപ്പു നടത്തുന്നവര്‍ ചേര്‍ന്നു ചെറിയ ഹിറ്റാച്ചിയും ടിപ്പറും ഉപയോഗിച്ചു റോഡിന്റെ വലതുവശത്തെ ഓട അധികാരികളുടെ കണ്ണുതുറക്കാത്തതിനെത്തുടര്‍ന്നു  വൃത്തിയാക്കിയത്. വര്‍ഷങ്ങളായി റോഡ് പൊട്ടിപ്പൊളിഞ്ഞു കിടക്കുകയാണ്. മഴപെയ്തതോടെ പൊട്ടിപ്പൊളിഞ്ഞ റോഡില്‍ മഴവെള്ളം കെട്ടിക്കിടക്കുകയാണ്.

സമീപത്തെ ഗോഡൗണിലേക്കും മറ്റുമായി ദിവസവും ലോറികള്‍ ഉള്‍പ്പെടെയുള്ള നിരവധി വാഹനങ്ങളാണ് റോഡിലൂടെ കടന്നുപോകുന്നത്. വാഹനങ്ങള്‍ പോകുന്നതുമൂലം റോഡില്‍ കെട്ടിക്കിടക്കുന്ന മഴവെള്ളം സമീപത്തെ വര്‍ക്ക്‌ഷോപ്പിലേക്കു ഇരച്ചുകയറുകയാണ്. മഴവെള്ളം കെട്ടിക്കിടന്നതോടെ കാല്‍നടയാത്രക്കാരാണ് ഏറെ ബുദ്ധിമുട്ടിലായത്. വളരെ പാടുപ്പെട്ടു സമീപത്തെ വര്‍ക്ക്‌ഷോപ്പിന്റെ അരികിലൂടെയാണ് കാല്‍നടയാത്രക്കാര്‍ സഞ്ചരിക്കുന്നത്.

റോഡിന്റെ ശോച്യാവസ്ഥയെക്കുറിച്ചു നിരവധി തവണ നഗരസഭയ്ക്കും എംഎല്‍എയ്ക്കും നിവേദനങ്ങള്‍ സമര്‍പ്പിച്ചിട്ടും നടപടിയൊന്നും സ്വീകരിച്ചില്ലെന്നു നാട്ടുകാര്‍ പറഞ്ഞു. ഇതിനെ തുടര്‍ന്നാണു പ്രദേശവാസികള്‍ ചേര്‍ന്നു റോഡ് നന്നാക്കാന്‍ തീരുമാനിച്ചത്.

Related posts