ഗവ.സ്കൂളിന്റെ ഗേറ്റ് അടച്ചു കരാറുകാരന്‍ മതില്‍ കെട്ടി; രാത്രി പഞ്ചായത്ത് അധികൃതര്‍ പൊളിച്ചു മാറ്റി

klm-ma-thilകുന്നിക്കോട്: സര്‍ക്കാര്‍ സ്കൂളിന്റെ മതിലും ഗേറ്റും അടച്ചു കരാറുകാരന്‍ മതില്‍ കെട്ടിയത് രാത്രി പഞ്ചായത്ത് അധികൃതര്‍ പൊളിച്ചു മാറ്റി.കുന്നിക്കോട് ഗവ .എല്‍ പി സ്ക്കൂളിലിന്റെ പത്തനാപുരം വാളകം ശബരി ബൈപാസിനുസമീപത്തെ കവാടം അടച്ചു കൊണ്ടാണ് ഞായറാഴ്ച കരാറുകാരന്‍ പാറ ഉപയോഗിച്ച് മതില്‍ കെട്ടിയത്. കൊല്ലം കരുനാഗപ്പള്ളി ഇടക്കുളങ്ങര ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ചാച്ചാജി ചാരിറ്റബിള്‍ സൊസൈറ്റി സ്ക്കൂളിലേക്ക് പാര്‍ക്കും പൂന്തോട്ടവും നിര്‍മ്മിച്ച് നല്‍കാമെന്ന് പഞ്ചായത്തിനെ അറിയിച്ചിരുന്നു.

ഇതനുസരിച്ച് പഞ്ചായത്ത് സ്കൂള്‍ പി റ്റി എയെയും പ്രഥമ അധ്യാപികയെയും അറിയിക്കുകയും ചെയ്തു. വിദ്യാലയഅധികൃതര്‍ വിദ്യാഭ്യാസവകുപ്പിന്റെ അനുമതിയ്ക്കായി പുനലൂര്‍ എഇഒയെ സമീപിക്കുകയും ചെയ്തു.ഇതനുസരിച്ച് ഓണാവധിയ്ക്ക് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനുള്ള അനുവാദം തരാമെന്ന് അറിയിക്കുകയും ചെയ്തു. എന്നാല്‍ സൊസൈറ്റികാര്‍ ഏര്‍പ്പാടാക്കിയ കരാറുകാരന്‍ ഞായറാഴ്ച നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.

പ്രവേശനകവാടം ഉള്‍പ്പെടെ അടച്ചു കൊണ്ടാണ് ഭിത്തി കെട്ടിയത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ വിളക്കുടി പഞ്ചായത്ത് അധികൃതര്‍ രാത്രി പത്തോടെ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പൊളിച്ചുമാറ്റി. തിങ്കളാഴ്ച സ്കൂളില്‍ സര്‍വ്വകക്ഷിയോഗവും നടന്നു.എന്നാല്‍ സമീപത്തുള്ള ബിയര്‍പാര്‍ലറിന്റെ അനുമതിയ്ക്കായി ചിലര്‍ ഒത്തുകളിച്ചതാണിതെന്നും ആക്ഷേപമുണ്ട്.

Related posts