ചര്‍ച്ചകള്‍ക്കൊടുവില്‍ തരൂര്‍ സീറ്റ് കോണ്‍ഗ്രസിനു തിരിച്ചുകിട്ടി

PKD-UDFവടക്കഞ്ചേരി: ചര്‍ച്ചകള്‍ക്കൊടുവില്‍ തരൂര്‍ നിയമസഭാ സീറ്റ് കോണ്‍ഗ്രസിനു തന്നെ തിരിച്ചുകിട്ടി. കുഴല്‍മന്ദം പഞ്ചായത്ത് പ്രസിഡന്റ് കോണ്‍ഗ്രസിലെ സി.പ്രകാശനാണ് യുഡിഎഫ് സ്ഥാനാര്‍ഥി. ഇന്നലെ രാവിലെയാണ് തീരുമാനം വന്നത്. സീറ്റ് ധാരണയും സ്ഥാനാര്‍ഥിയേയും ഉറപ്പിച്ചതോടെ കാവശേരിയില്‍ യുഡിഎഫ് കക്ഷികളുടെ അടിയന്തിരയോഗം ചേര്‍ന്ന് പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിച്ചു. അശരണരെയും അനാഥരെയും സംരക്ഷിക്കുന്ന മംഗലംപാലത്തെ ദൈവദാന്‍ സെന്ററിലെ അന്തേവാസികളായ അമ്മമാരുടെ അനുഗ്രഹം തേടിയായിരുന്നു സ്ഥാനാര്‍ഥി പ്രകാശന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചത്.

ഇന്നലെ ഉച്ചയ്ക്കാണ് സ്ഥാനാര്‍ഥിയും യുഡിഎഫ് നേതാക്കളും ദൈവദാന്‍ സെന്ററിലെത്തിയത്. മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ മിന്റോ, ജോബി വെട്ടുവയലില്‍ എന്നിവരുടെ നേതതൃത്വത്തില്‍ സ്ഥാനാര്‍ഥി പ്രകാശനെയും നേതാക്കളെയും ദൈവദാനിലേക്കു സ്വീകരിച്ചു.കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് റെജി കെ.മാത്യു, എം.എസ്.അബ്ദുള്‍ ഖുദ്ദൂസ്, പാളയം പ്രദീപ്, ബാബു മാധവന്‍, കെ.അജിത് കുമാര്‍, എം.സഹദ് തുടങ്ങിയവരും സ്ഥാനാര്‍ഥിക്കൊപ്പമുണ്ടായിരുന്നു.മണ്ഡലത്തില്‍ യുഡിഎഫിനും സ്ഥാനാര്‍ഥിയായതോടെ പ്രചാരണരംഗം ചൂടുപിടിച്ചു. കഴിഞ്ഞദിവസം എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും സിറ്റിംഗ് എംഎല്‍എയുമായ സിപിഎമ്മിലെ എ.കെ.ബാലന്‍ വടക്കഞ്ചേരി ടൗണില്‍ പ്രചാരണത്തിന് ഇറങ്ങിയിരുന്നു.

യുഡിഎഫ് സ്ഥാനാര്‍ഥി കൈപ്പത്തി ചിഹ്്‌നത്തില്‍ മത്സരിക്കുന്ന സ്ഥിതിവന്നതോടെ മത്സരവും കടുക്കും. കുഴല്‍മന്ദം നിയമസഭാ മണ്ഡലമായിരുന്ന 2006-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എ.കെ.ബാലനെതിരേ പ്രകാശന്‍ മത്സരിച്ചിട്ടുണ്ട്. അന്ന് 4031 വോട്ടിനാണ് പരാജയപ്പെട്ടത്. എന്നാല്‍ ഇക്കുറി പുതിയ മണ്ഡലമായ തരൂരില്‍ മത്സരിക്കുമ്പോള്‍ പ്രകാശന്‍ ഏറെ പ്രതീക്ഷയിലാണ്. മണ്ഡലത്തിലെ എട്ടു പഞ്ചായത്തുകളില്‍ നാലെണ്ണത്തിലും യുഡിഎഫ് ഭരണമാണെന്നതും മറ്റ് പഞ്ചായത്തുകളില്‍ യുഡിഎഫിനുള്ള സ്വാധീനവും വിജയസാധ്യത  ഉറപ്പാക്കുന്നതായി പ്രകാശന്‍ പറഞ്ഞു. കഴിഞ്ഞ തവണ കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗത്തിനാണ് തരൂര്‍ സീറ്റ് നല്കിയിരുന്നത്. ചിഹ്്‌നവും വോട്ടര്‍മാര്‍ക്ക് അപരിചിതമായിരുന്നതിനാല്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കാല്‍ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എ.കെ.ബാലന്‍ വിജയിച്ച് എംഎല്‍എയായത്.

Related posts