ചാത്തന്നൂരില്‍ അടിപതറാതെ ജയലാല്‍; വീഴ്ത്താനായി പ്രതിയോഗികള്‍

KLM-PRACHARANAMരാജീവ് ഡി.പരിമണം

കൊല്ലം: ചാത്തന്നൂര്‍ മണ്ഡലത്തില്‍ ഇക്കുറി പൊരിഞ്ഞ പോരാട്ടമാണ് നടക്കുന്നത് .അങ്കത്തട്ടിലെ സിറ്റിംഗ് എംഎല്‍എ സിപിഐയിലെ ജി.എസ് ജയലാലിനെ വീഴ്ത്താനായി പതിനെട്ടടവും പയറ്റുകയാണ് യുഡിഎഫും ബിജെപിയും. കോണ്‍ഗ്രസ് നേതാവായ ഡോ.ശൂരനാട് രാജശേഖരനാണ് യുഡിഎഫ് സ്ഥാനാര്‍ഥി. എന്‍ഡിഎ സ്ഥാനാര്‍ഥിയായി ബി.ബി ഗോപകുമാറും ശക്തമായ പ്രചാരണപ്രവര്‍ത്തനമാണ് നടത്തുന്നത്. മൂന്നുപേരും പൊതുപ്രവര്‍ത്തന രംഗത്ത് അറിയപ്പെടുന്നവരായതിനാല്‍ അങ്കത്തട്ട് ചുട്ടുപൊള്ളുന്നു. താന്‍ മണ്ഡലത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളാണ് ജയലാല്‍ വോട്ടര്‍മാര്‍ക്കുമുന്നില്‍ നിരത്തുന്നത്.  അതോടൊപ്പം ജനകീയ പ്രശ്‌നങ്ങളിലെ സജീവ സാന്നിധ്യവും മണ്ഡലത്തില്‍ ചര്‍ച്ചയാകുന്നു. അതേസമയം വികസനമുരടിപ്പാണ് കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ ചാത്തന്നൂര്‍ മണ്ഡലത്തില്‍ ഉണ്ടായിട്ടുള്ളതെന്നാണ് യുഡിഎഫും എന്‍ഡിഎയും പറയുന്നത്. രണ്ടാംതവണയാണ് ജയലാല്‍ ചാത്തന്നൂരില്‍ ഏറ്റുമുട്ടുന്നത്.

കുടുംബയോഗങ്ങള്‍ സംഘടിപ്പിച്ച് ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ പ്രചാരണപ്രവര്‍ത്തനം നടത്തുകയാണ് ജയലാല്‍. ശൂരനാട് രാജശേഖരന്റെ സ്വീകരണ സമ്മേളനങ്ങള്‍ ഇന്നലെമുതല്‍ പരവൂരില്‍ നിന്നാരംഭിച്ചു. ജയലാലിന്റെ സ്വീകരണസമ്മേളനം അഞ്ചുമുതലാണ് നടക്കുന്നത്. എല്‍ഡിഎഫില്‍നിന്ന് സീറ്റ് പിടിച്ചെടുക്കാന്‍ ഇരുമുന്നണി സ്ഥാനാര്‍ഥികളും ശ്രമം നടത്തുകയാണ്. ബിജെപി നേരത്തെയെങ്ങും ഉണ്ടാകാത്ത വാശിയേറിയ പ്രവര്‍ത്തനമാണ് മണ്ഡലത്തില്‍ നടത്തുന്നത്. എങ്ങും തട്ടുംതടവുമില്ലാതെ പരമാവധി വോട്ട് നേടാനാണ് ശ്രമം. അതിനനുസരിച്ചുള്ള ചിട്ടയായ പ്രവര്‍ത്തനമാണ് തുടക്കംമുതല്‍ ബിജെപി നടത്തിവരുന്നത്. എല്‍ഡിഎഫ് യുഡിഎഫ് സ്ഥാനാര്‍ഥികളുടെ കപടവാഗ്ദാനങ്ങളില്‍ വീഴരുതെന്ന സന്ദേശമാണ് ബിജെപി നല്‍കുന്നത്.

മണ്ഡലത്തിലെ വികസനം ലഭ്യമാക്കിയുള്ള നിരവധി പദ്ധതികളാണ് അവര്‍ വോട്ടര്‍മാര്‍ക്ക് മുമ്പില്‍ നിരത്തിയിട്ടുള്ളത്. കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പില്‍ നാലായിരത്തില്‍ താഴെവോട്ടുകളാണ് ബിജെപിക്ക് ലഭിച്ചതെങ്കില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ നില മെച്ചപ്പെടുത്തി. ബിജെപിയുടെ വളര്‍ച്ചയെയാണ് അത് കാണിക്കുന്നതെന്നും ഇക്കുറി വന്‍മുന്നേറ്റം നടത്തുമെന്നുമാണ് ബിജെപിയുടെ അവകാശവാദം. ചാത്തന്നൂര്‍ മണ്ഡലം എല്‍ഡിഎഫിന് മുന്‍തൂക്കമുള്ളതാണെങ്കിലും മൂന്നുതവണ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെയും അസംബ്ലിയിലേക്ക് അയച്ചിട്ടുണ്ട്. നേരത്തെ ഇരവിപുരം മണ്ഡലത്തിന്റെ ഭാഗമായിരുന്നു ചാത്തന്നൂര്‍. 57ലെ തെരഞ്ഞെടുപ്പില്‍ സിപിഐയിലെ പി.രവീന്ദ്രനായിരുന്നു ഇരവിപുരത്തുനിന്നും ജയിച്ചത്. പിഎസ്പിയിലെ കുഞ്ഞുശങ്കരപിള്ളയായിരുന്നു എതിരാളി. 10360 വോട്ടുകളായിരുന്നു ഭൂരിപക്ഷം. 60ലെ തെരഞ്ഞെടുപ്പിലും പി.രവീന്ദ്രനാണ് മത്സരിച്ചത്.

അദ്ദേഹം പിഎസ്പിയിലെ ഭാസ്കരന്‍പിള്ളയെ 1859 വോട്ടുകള്‍ക്ക് തറപറ്റിച്ചു. ചാത്തന്നൂര്‍ മണ്ഡലം രൂപീകൃതമായശേഷം 1965ലാണ് ആദ്യ തെരഞ്ഞെടുപ്പ്. പ്രഥമ തെരഞ്ഞെടുപ്പില്‍ പി.രവീന്ദ്രനെ ജനങ്ങള്‍ കൈവിട്ടു. സ്വതന്ത്രനായ തങ്കപ്പന്‍പിള്ളയോട് 768 വോട്ടിനാണ് അദ്ദേഹം പരാജയപ്പെട്ടത്. 67ല്‍ പി.രവീന്ദ്രന്‍ കേരളാകോണ്‍ഗ്രസിലെ എസ്.ടിപിള്ളയെ 11209 വോട്ടിന് പരാജയപ്പെടുത്തി. 70ലും വിജയം രവീന്ദ്രനൊപ്പമായിരുന്നു. കേരളാകോണ്‍ഗ്രസിലെ എസ്. തങ്കപ്പന്‍പിള്ളതന്നെയായിരുന്നു എതിര്‍ സ്ഥാനാര്‍ഥി. 12946 വോട്ടിനാണ് പിള്ളയെ പരാജയപ്പെടുത്തിയത്.

77ലെ തെരഞ്ഞെടുപ്പില്‍ സിപിഐ അങ്കത്തട്ടിലിറക്കിയത് ജെ.ചിത്തരഞ്ജനെയായിരുന്നു. ലോക്ദളിലെ വരിഞ്ഞം വാസുപിള്ളയെ 18771 വോട്ടുകള്‍ക്കാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. 80ല്‍ നടന്ന തെരഞ്ഞെടുപ്പിലും വരിഞ്ഞംവാസുപിള്ളയെ 15307 വോട്ടുകള്‍ക്ക് ചിത്തരഞ്ജന്‍ പരാജയപ്പെടുത്തി.82ല്‍ മൂന്നാമൂഴത്തിന് കച്ചമുറുക്കിയ ചിത്തരഞ്ജനെ കോണ്‍ഗ്രസിന്റെ കരുത്തനായ സി.വിപദ്മരാജന്‍ 5802 വോട്ടിന് പരാജയപ്പെടുത്തി മണ്ഡലത്തില്‍ കോണ്‍ഗ്രസ് കന്നിവിജയം നേടി. 87ല്‍ രണ്ടാംവിജയ സാധ്യത ലക്ഷ്യമിട്ട് കോണ്‍ഗ്രസ് സി.വി പദ്മരാജനെ അങ്കത്തട്ടിലിറക്കിയെങ്കിലും സിപിഐയുടെ പടക്കുതിരയായ പി.രവീന്ദ്രന്‍ 2456 വോട്ടുകള്‍ക്ക് പദ്മരാജനെ തറപറ്റിച്ചു. 91ല്‍ നടന്ന തെരഞ്ഞെടുപ്പില്‍4511 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ പദ്മരാജന്‍രവീന്ദ്രനെ തറപറ്റിച്ച് മണ്ഡലം തിരിച്ചുപിടിച്ചു.

96ലെ തെരഞ്ഞെടുപ്പിലും ഇരുവരുമാണ് കൊമ്പുകോര്‍ത്തത്. രവീന്ദ്രന്‍ പദ്മരാജനോട് മധുരമായി പകരം വീട്ടി. 2119 വോട്ടുകള്‍ക്കാണ് പദ്മരാജന്‍ പരാജയപ്പെട്ടത്. രവീന്ദ്രന്റെ മരണത്തെതുടര്‍ന്ന് 1998ല്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ സി.വി പദ്മരാജന്‍തന്നെയായിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. ഇക്കുറി അഡ്വ.എന്‍. അനിരുദ്ധനാണ് സിപിഐ സ്ഥാനാര്‍ഥി. 3938 വോട്ടുകള്‍ക്കാണ് അനിരുദ്ധന്‍ പദ്മരാജനെ പരാജയപ്പെടുത്തിയത്. 2001ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ യുവനേതാവായ പ്രതാപവര്‍മതമ്പാനോട് 547വോട്ടിന് അനിരുദ്ധന്‍ പരാജയപ്പെട്ടു. ഇതോടെ കോണ്‍ഗ്രസ് മൂന്നാംതവണയും മണ്ഡലത്തില്‍ വിജയക്കൊടി പാറിച്ചു. 2006ലും തമ്പാനും അനിരുദ്ധനുമാണ് ഏറ്റുമുട്ടിയത്. 23180 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് തമ്പാനെ അനിരുദ്ധന്‍ പരാജയപ്പെടുത്തിയത്.

2011ലെ തെരഞ്ഞെടുപ്പില്‍ സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം ജയലാല്‍ മഹിളാകോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ബിന്ദുകൃഷ്ണയെ 12589വോട്ടിനാണ് തറപറ്റിച്ചത്. ബിജെപിസ്ഥാനാര്‍ഥിയായ അഡ്വ. കിഴക്കനേല സുധാകരന് 3839 വോട്ടാണ് ലഭിച്ചത്. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ 9522 വോട്ട് നേടി ബിജെപി നിലമെച്ചപ്പെടുത്തി.നെടുമ്പനയ്ക്ക് പകരം നെടുവത്തൂരിലെ പൂയപ്പള്ളി പഞ്ചായത്തും ആദിച്ചനല്ലൂര്‍, ചാത്തന്നൂര്‍, കല്ലുവാതുക്കല്‍, ചിറക്കര പൂതക്കുളം പഞ്ചായത്തുകളും പരവൂര്‍ മുനിസിപ്പാലിറ്റിയും ഉള്‍പ്പെട്ടതാണ് ചാത്തന്നൂര്‍ മണ്ഡലം. 178937 വോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത്. ഇവരില്‍ 96746 പേര്‍ വനിതകും 82191പേര്‍ പുരുഷവോട്ടര്‍മാരുമാണ്.വാശിയേറിയ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ആര്‍ക്ക് അധിക വോട്ടാക്കിമാറ്റാന്‍ കഴിയുമെന്നത് കാത്തിരുന്ന് കാണേണ്ടതാണ്.

Related posts