ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം സര്‍ക്കാര്‍ പാലിച്ചു: ഉമ്മന്‍ചാണ്ടി

klm-ummanchandiചാത്തന്നൂര്‍  : തുടര്‍ഭരണം ആഗ്രഹിക്കുന്നത് ഒരിക്കലും സ്ഥാനമാനങ്ങള്‍ക്ക് വേണ്ടിയല്ല. ജനങ്ങള്‍ക്ക് മുന്നില്‍ വച്ച എല്ലാ വാഗ്ദാനവും നിറവേറ്റിയ സര്‍ക്കാരാണിതെന്ന് മുഖ്യമന്ത്രി  ഉമ്മന്‍  ചാണ്ടി. ചാത്തന്നൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ.ശൂരനാട് രാജശേഖരന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.കേരളത്തില്‍ തുടര്‍ഭരണമുണ്ടായാല്‍ വികസന രംഗത്തും സാമൂഹ്യ സേവനരംഗത്തും അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും. പറഞ്ഞതിനേക്കാള്‍ കൂടുതല്‍ ചെയ്തു. ഒരു രൂപയ്ക്ക് അരി നല്‍കാമെന്ന് പറഞ്ഞത് 100 ദിവസത്തിനകം നടപ്പാക്കി. ഇപ്പോള്‍ പറഞ്ഞതിനപ്പുറം അരി സൗജന്യമായി നല്‍കി. കഴിഞ്ഞ സര്‍ക്കാര്‍ 12.9 ലക്ഷം പേര്‍ക്ക് നല്കിയ സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ ഈ ഗവണ്‍മെന്റ് 34 ലക്ഷത്തിലേക്കുയര്‍ത്തി.

കാരുണ്യ പദ്ധതി വഴി പാവങ്ങള്‍ക്ക് 1200 കോടി നല്‍കി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് മുന്‍ ഗവണ്‍മെന്റ് 121 കോടി വിതരണം ചെയ്തപ്പോള്‍ യുഡിഎഫ് ഗവണ്‍മെന്റ് 898 കോടി നല്‍കി.  കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ ശസ്ത്രക്രിയയ്ക്ക് പാങ്ങില്ലാത്തവര്‍ക്ക് 5 ലക്ഷം രൂപ വീതം നല്‍കി. ആദ്യം 100 കുട്ടികള്‍ക്കാണ് അനുവദിച്ചത്. നൂറും വിജയകരമായി.  ഇപ്പോള്‍ 640 കുട്ടികളാണ് ഗവണ്‍മെന്റിന്റെ സഹായംകൊണ്ട് ശബ്ദത്തിന്റെ ലോകത്തിലേക്ക് മടങ്ങിവന്നത്.  കഴിഞ്ഞ അഞ്ചു വര്‍ഷത്തിനകം ഞാനോ എന്റെ മന്ത്രിമാരോ ഒന്നും പറ്റില്ല, പണമില്ല എന്നു പറഞ്ഞിട്ടുണ്ടോ? കേന്ദ്രത്തെയോ ഉദ്യോഗസ്ഥരെയോ പഴിചാരി മാറിനിന്നിട്ടുമില്ല. അതുകൊണ്ടാണ് സാധാരണ ഉണ്ടാകാറുള്ള ഭരണവിരുദ്ധ വികാരം ഗവണ്‍മെന്റിനെതിരെ ഉണ്ടാകാത്തത്.

പ്രതിപക്ഷത്തിന് ഗവണ്‍മെന്റിനെതിരെ പറയാന്‍ ഒന്നുമില്ല. പകരം ആക്ഷേപങ്ങളും ആരോപണങ്ങളും പറഞ്ഞു നടക്കുകയാണ്. അഞ്ചു വര്‍ഷം കൊണ്ട് 245 പാലങ്ങളാണ് ഈ സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയത്. അതായത് ആഴ്ചയില്‍ ഒരു പാലം. ഈ നേട്ടങ്ങള്‍ സമ്മാനിക്കുന്ന ആത്മവിശ്വാസമാണ് ഗവണ്‍മെന്റിന്റെ കരുത്തെന്നും മുഖ്യമന്ത്രി പറഞ്ഞു. ചാത്തന്നൂര്‍ ജംഗ്ഷനില്‍ നടന്ന ചടങ്ങില്‍ മഹിളാ കോണ്‍ഗ്രസ് അഖിലേന്ത്യാ വൈസ് പ്രസിഡന്റ് അഡ്വ.ബിന്ദു കൃഷ്ണ അദ്ധ്യക്ഷത വഹിച്ചു. എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി, ഡിസിസി പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എം.പി., സ്ഥാനാര്‍ത്ഥി ശൂരനാട് രാജശേഖരന്‍, അഡ്വ.എ.ഷാനവാസ് ഖാന്‍, എന്‍.അഴകേശന്‍, പ്രതാപവര്‍മ്മ തമ്പാന്‍, സുന്ദരേശന്‍ പിള്ള, വരിഞ്ഞം ഷംസുദ്ദീന്‍, അയത്തില്‍ അപ്പുക്കുട്ടന്‍, അനില്‍ നാരായണന്‍ ,പരവൂര്‍ എസ്.രമണന്‍തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related posts