ജില്ലയിലെ എംഎല്‍എമാരുടെ സംഗമവേദിയായി കൊല്ലം പ്രസ്ക്ലബ്ബ്

klm-mlaകൊല്ലം: വികസന കാഴ്ചപ്പാടുകള്‍ പങ്കുവച്ച് ജില്ലയിലെ എംഎല്‍എമാര്‍ ഒരേ വേദിയില്‍. കൊല്ലം പ്രസ്ക്ലബ്ബ് സംഘടിപ്പിച്ച സംഗമത്തിലാണ് ജില്ലയിലെ നിയുക്ത എംഎല്‍എമാര്‍ എത്തിയത്.11 എംഎല്‍എമാരില്‍ ഏഴുപേര്‍ സംഗമത്തില്‍ പങ്കെടുത്തു. ജെ മേഴ്‌സികുട്ടിയമ്മ, എം നൗഷാദ്, കെ രാജു, ജി എസ് ജയലാല്‍, ആര്‍ രാമചന്ദ്രന്‍, എന്‍ വിജയന്‍പിള്ള, പി ഐഷാപോറ്റി എന്നിരാണ് പരിപാടിയില്‍ പങ്കെടുത്തത്.കശുവണ്ടി വികസന കോര്‍പ്പറേഷന്റെ കീഴിലുള്ള ഫാക്ടറികള്‍ തുറക്കുന്നതിനായിരിക്കും മുന്‍ഗണന നല്‍കുകയെന്ന് നിയുക്ത മന്ത്രി കൂടിയായ ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.

യുഡിഎഫ് ഭരണത്തിന്‍കീഴില്‍ പരമ്പരാഗത തൊഴിലാളികളുടെ പ്രതീക്ഷകളാകെ അട്ടിമറിക്കപ്പെട്ടു. കശുവണ്ടി വ്യവസായം ഒന്നര പതിറ്റാണ്ട് പിന്നിലേക്ക് പോയിരിക്കുകയാണ്.തൊഴിലാളികളുടെ ന്യായമായ കൂലിയുടെ കാര്യത്തില്‍ പകല്‍ക്കൊള്ളയാണ് നടന്നിട്ടുള്ളത്. അവരുടെ തീഷ്ണമായ പ്രതികരണമാണ് എല്‍ഡിഎഫിന് ജില്ലയില്‍ ലഭിച്ച വലിയ പിന്തുണ.യാത്രാദുരിതം അകറ്റുന്നതിനും മുന്‍ഗണന നല്‍കും. റോഡുകള്‍ വികസിപ്പിക്കുന്നതിനും ടൂറിസം സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നതിനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമായിരിക്കുമെന്നും മേഴ്‌സിക്കുട്ടിയമ്മ ഉറപ്പുനല്‍കി.

കയര്‍ത്തൊഴിലാളികളും ദുരിതത്തിലാണ്. മല്‍സ്യമേഖലയും പ്രശ്‌നസങ്കീര്‍ണമാണ്. തീരസംരക്ഷണം ഉറപ്പാക്കുന്നതോടൊപ്പം തന്നെ മല്‍സ്യതൊഴിലാളികളുടെ ഭവനനിര്‍മാണത്തില്‍, പുതിയ നിയമനിര്‍മാണങ്ങള്‍ മൂലം ഉളവായിട്ടുള്ള ആശങ്കകള്‍ പരിഹരിക്കാനും നടപടി കൈക്കൊള്ളുമെന്നും മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.ചവറയിലെ കരിമണല്‍ വ്യവസായം സ്തംഭനത്തിലാണെന്നും ഇതിന്റെ പുനരുദ്ധാരണത്തിലൂടെ മാത്രമേ മുന്നേറാന്‍ കഴിയുകയുള്ളൂവെന്നും ചവറയിലെ നിയുക്ത എംഎല്‍എ എന്‍ വിജയന്‍പിള്ള പറഞ്ഞു. തൊഴില്‍ മേഖലയിലുള്‍പ്പെടെ അനന്തസാധ്യതകളാണ് കരിമണല്‍ വ്യവസായ പുരോഗതിയിലൂടെ കൈവരുന്നത്.

മൈനിംഗ് പ്രശ്‌നങ്ങളും ലാപ്പ തൊഴിലാളികളുടെ പ്രശ്‌നങ്ങളും പരിഹരിക്കുന്നതിന് മുന്‍ഗണന നല്‍കും. ചവറയില്‍ വകസനമുണ്ടായെന്ന് പലരും പറയുന്നുണെ്ടങ്കിലും സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ലെന്ന് അനുഭവങ്ങള്‍ വ്യക്തിമാക്കുന്നു. ചവറ, പന്മന മേഖലയിലെ കുടിവെള്ളപ്രശ്‌നം പരിഹരിക്കുന്നതിനാണ് പ്രഥമ പരിഗണന നല്‍കുന്നതെന്നും വിജയന്‍പിള്ള വ്യക്തമാക്കി.

ജനപക്ഷത്ത് നിന്നുള്ള സമീപനമായിരിക്കും സര്‍ക്കാര്‍ സ്വീകരിക്കുകയെന്നും പുനലൂര്‍ എംഎല്‍എയും നിയുക്ത മന്ത്രിയുമായ കെ രാജു പറഞ്ഞു. പരമ്പരാഗത വ്യവസായങ്ങളായ കശുവണ്ടി, കയര്‍, കൈത്തറി മേഖലകള്‍ ദുരിതത്തിലാണ്. റബറിന്റെ വില തകര്‍ച്ചയും തോട്ടം മേഖലയിലെ പ്രതിസന്ധിയും മലയോരമേഖലയെ പിന്നോട്ടടിച്ചിരിക്കുകയാണ്. ഇവയ്ക്ക് പരിഹാരം കാണുന്നതിനാണ് മുഖ്യപരിഗണന നല്‍കുന്നത്.സാധാരണ കൃഷിക്കാരുടെ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണേണ്ടതുണ്ട്. അഴിമതിക്കെതിരായ പോരാട്ടത്തിനാണ് എല്‍ഡിഎഫ് മുന്‍ഗണന നല്‍കിയിരുന്നത്. അതുകൊണ്ട് തന്നെ എല്‍ഡിഎഫ് ഭരണവും അഴിമതി വിമുക്തമായിരിക്കുമെന്ന് കെ രാജു പറഞ്ഞു.

ജില്ല നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം കുടിവെള്ളക്ഷാമം തന്നെയാണെന്ന് കൊട്ടാരക്കരയുടെ നിയുക്ത എംഎല്‍എ അഡ്വ. പി അയിഷാപോറ്റി പറഞ്ഞു. കശുവണ്ടി ഫാക്ടറികള്‍ തുറക്കാത്തതുമൂലം തൊഴിലാളികളുടെ ജീവിതം പരിതാപകരമാണ്. ഈ അവസ്ഥയ്ക്ക് മാറ്റം വരുത്തും. കൊട്ടാരക്കരയിലെ ട്രാഫിക് കുരുക്ക് പരിഹരിക്കുന്നതോടൊപ്പം മിനിസിവില്‍സ്റ്റേഷന്‍, കമ്മ്യൂണിറ്റി പാര്‍ക്ക് എന്നിവയുടെ നിര്‍മാണ പൂര്‍ത്തീകരണവും ഉറപ്പാക്കും.

കശുവണ്ടി മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായിരിക്കും മുഖ്യപരിഗണന നല്‍കുകയെന്ന് കരുനാഗപ്പള്ളി എംഎല്‍എ ആര്‍ രാമചന്ദ്രന്‍ വ്യക്തമാക്കി. ഗതാഗതക്കുരുക്ക് ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കും. ശുദ്ധജലം ലഭിക്കാതെ വലയുന്ന അവസ്ഥയ്ക്കും പരിഹാരം കാണും.കരിമണല്‍ മേഖലയില്‍ നിലവിലുളവായിട്ടുള്ള സ്തംഭനാവസ്ഥയ്ക്ക് പരിഹാരം കാണുമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ക്ക് സഹായകരമാകുന്ന സമീപനമായിരിക്കും സ്വീകരിക്കുക. 11 ജനപ്രതിനിധികളും ഭരണപക്ഷത്തായ സ്ഥിതിക്ക് ജില്ലയുടെ സമഗ്രവികസനമാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

ജില്ലയുടെ പൊതുവികസനം ഇടതുസമീപനത്തിലധിഷ്ഠിതമായി നടപ്പാക്കുക എന്നതാണ് ലക്ഷ്യമിടുന്നതെന്ന് ചാത്തന്നൂര്‍ എംഎല്‍എ ജിഎസ് ജയലാല്‍ പറഞ്ഞു. ജനപക്ഷ വികസനമെന്നതാണ് കാഴ്ചപ്പാട്. ജനങ്ങള്‍ക്ക് ചികില്‍സാ സൗകര്യം ഉറപ്പുവരുത്തുന്നതിനാണ് പ്രഥമ പരിഗണനയെന്ന് ഇരവിപുരം എംഎല്‍എ എം നൗഷാദ് പറഞ്ഞു.

ആരോഗ്യമുള്ള ജനതയാണ് നാടിന്റെ ഭാവി. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ ആധുനിക ചികില്‍സാ സൗകര്യങ്ങള്‍ ലഭ്യമാക്കാന്‍ പ്രയത്‌നിക്കും. ജൈവപച്ചക്കറി കൃഷി വ്യാപനത്തിനും പദ്ധതികള്‍ പ്രാവര്‍ത്തികമാക്കുമെന്നും നൗഷാദ് കൂട്ടിച്ചേര്‍ത്തു. പ്രസ്ക്ലബ്ബ് പ്രസിഡന്റ് സി വിമല്‍കുമാര്‍, സെക്രട്ടറി ഡി ജയകൃഷ്ണന്‍ എന്നിവരും പങ്കെടുത്തു.

Related posts