കോട്ടയം: ഭര്‍ത്താവിനൊപ്പം താമസിച്ച യുവതിയെ അനാശാസ്യമെന്ന് ആരോപിച്ചു പോലീസ് പിടികൂടിയതായും ഭര്‍ത്താവിനെയും സുഹൃത്തിനെയും ക്രൂരമായി മര്‍ദിച്ചെന്നും പരാതി. കൊടുങ്ങല്ലൂര്‍ പല്ലിശേരി മഞ്ജു ജോര്‍ജാണു ആലപ്പുഴ കുത്തിയതോട് പോലീസിനെതിരേ ആരോപണമുന്നയിച്ചത്. ഭര്‍ത്താവ് സജിക്കൊപ്പം തുറവൂര്‍ കരിപ്പാടത്ത് ചെമ്മീന്‍പാടത്തുള്ള കാവല്‍പുരയിടത്തില്‍ താമസിക്കവേ, കഴിഞ്ഞ 26നു രാത്രിയെത്തിയ പോലീസ് സംഘം അനാശ്യമെന്ന് ആരോപിച്ച് സജിയെയും മഞ്ജുവിനെയും സജിയുടെ സുഹൃത്ത് തിരുവാതുക്കല്‍ സ്വദേശി മുഹമദ് ഷായേയും പിടികൂടി മര്‍ദിച്ചുവെന്നുമാണ് പരാതി.
ഒപ്പമുള്ളത് ഭര്‍ത്താവാണെന്ന് അറിയിച്ചിട്ടും സജിയെയും മുഹമദിനെയും ക്രൂരമായി മര്‍ദിച്ചെന്നും ഒരു മണിക്കൂറിലേറെ മഴയത്തു നിര്‍ത്തിയെന്നും ഇവര്‍ പറയുന്നു. എസ്‌ഐ അഭിലാഷ്, പോലീസുകാരനായ സേവ്യര്‍ എന്നിവരാണു മര്‍ദനത്തിനു നേതൃത്വം നല്‍കിയതെന്നും മര്‍ദ്ദനത്തില്‍ സജിയുടെ കൈയ്ക്കു ഒടിവുണ്ടായതായും മഞ്ജു പറഞ്ഞു. മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കിയെന്നും മഞ്ജു, സജി, മുഹമദ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.