തിരുവനന്തപുരം : കേന്ദ്ര സര്‍ക്കാര്‍ പാവപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്കായി പ്രഖ്യാപിച്ച 1350 രൂപ വാര്‍ഷിക ബത്തയായി ഓരോ മത്സ്യത്തൊഴിലാളികള്‍ക്കും നല്‍കുന്ന തണല്‍ പദ്ധതി മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ അനാസ്ഥ കാരണം കഴിഞ്ഞ നാലു വര്‍ഷമായി നിരസിക്കപ്പെട്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി അടിയന്തിരമായി ഇടപെടണമെന്നും സ്വതന്ത്രമത്സ്യത്തൊഴിലാളി ഫെഡറേഷന്‍ ആവശ്യപ്പെട്ടു.
കേന്ദ്രസര്‍ക്കാര്‍ 2012 മുതലാണ് തണല്‍ പദ്ധതി നടപ്പിലാക്കി ത്തുടങ്ങിയത്. ബാങ്കിന്റെ അക്കൗണ്ടിന്റെ പേരിലും ഉദ്യോഗസ്ഥരുടെ കുറവിന്റെ പേരിലും മുടന്തന്‍ ന്യായങ്ങള്‍ നിരത്തി ഒന്നും രണ്ടും മൂന്നും നാലും ഗഡുക്കള്‍ നല്‍കുവാനുള്ള നടപടിയില്‍ നിന്ന് ഒഴിഞ്ഞു മാറുകയാണെന്നും മത്സ്യത്തൊഴിലാളികള്‍ ഇതിനെ വെല്ലുവിളിയായി കാണുന്നുവെന്നും പ്രശ്‌നങ്ങള്‍ പരിഹരിച്ചു തണല്‍ പദ്ധതിയിലൂടെ മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കേണ്ട വിഹിതം ഉടന്‍ വിതരണം ചെയ്തില്ലെങ്കില്‍ ഫെഡറേഷന്‍ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡുകള്‍ ഉപരോധിക്കുമെന്ന് സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് പി. സ്റ്റെല്ലസ് അറിയിച്ചു.
യോഗത്തില്‍ സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ എഫ്.എം. ലാസര്‍, ചവറ ഇ. ജോണ്‍, അനില്‍ ആബേല്‍, വിഴിഞ്ഞം അരുള്‍ദാസ്, കുളത്തറ ഷംസുദീന്‍, വര്‍ക്കല സമ്പേശന്‍, തുമ്പ ഫ്രാന്‍സിസ്, സുരേഷ് കുമാര്‍, ജോണ്‍ തോമസ് ഐത്തൂര്‍, വര്‍ക്കല സൈനബ ബീവി, കൊല്ലങ്കോട് അജിത എന്നിവര്‍ പ്രസംഗിച്ചു.