താരങ്ങളില്‍ നായകനായി ഗണേഷ്കുമാര്‍

Ganeshപത്തനാപുരം:ഒടുവില്‍ പത്തനാപുരവും യുഡിഎഫിനെ കൈവിട്ടു. 2006ലെ ഇടതുതരംഗത്തിലും കാലിടറാതെ യുഡിഎഫിന്റെ മാനം കാത്ത മണ്ഡലം ഇത്തവണ എല്‍ഡിഎഫ് നേടി.അന്ന് യുഡിഎഫിന് വേണ്ടി കോട്ട കാത്ത ഗണേഷ് കുമാറിനെ സ്വന്തം പാളയത്തിലെത്തിച്ചാണ് ഇടതുമുന്നണി ഇത്തവണ ഇടതുതരംഗത്തിന്റെ ഭാഗമായത്.

ഇടതുനേതാക്കള്‍ പോലും പ്രതീക്ഷിച്ചതിലും വലിയ വിജയമാണ് ഇത്തവണയുണ്ടായത്.കടുത്ത മത്സരത്തില്‍ പതിനായിരത്തില്‍ താഴെ വോട്ടുകളുടെ ഭൂരിപക്ഷം മാത്രമാണ് എല്‍ഡിഎഫ് നേതാക്കള്‍ പ്രതീക്ഷിച്ചത്.എന്നാല്‍ ഇടതുമുന്നണിയെയും ഞെട്ടിച്ച ഭൂരിപക്ഷം നേടാനായത് യുഡിഎഫിനെയും കൂടുതല്‍ പ്രതിരോധത്തിലാഴ്ത്തി.ഇടതുമുന്നണി എക്കാലവും എതിര്‍ത്ത ഗണേഷ്കുമാര്‍ ശത്രുപാളയത്തിലെത്തിയപ്പോള്‍ പ്രതിരോധിക്കാന്‍ വലതുമുന്നണി കണ്ടെത്തിയതും ഒരു സിനിമാക്കാരനെ തന്നെയായിരുന്നു.ഘടകകക്ഷികള്‍ക്ക് വിട്ടുനല്‍കാതെ സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുത്ത് പി വി ജഗദീഷ് കുമാറിനെ സ്ഥാനാര്‍ത്ഥിയാക്കിയത് വിജയം ലക്ഷ്യമിട്ടാണ്.

ആറു പതിറ്റാണ്ടുകള്‍ക്ക് ശേഷം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മത്സരിക്കുന്നത് ഗുണം ചെയ്യുമെന്നും യുഡി എഫ് ക്യാമ്പ് കരുതി.എന്‍ഡിഎയും ഇത്തവണ സിനിമാക്കാരനായ ഭീമന്‍ രഘുവിനെ കളത്തിലിറ ക്കിയതോടെ പോരാട്ടത്തിന് സിനിമാ മുഖം കൈവന്നു.എന്നാല്‍ ഈ ഘടകങ്ങളൊന്നും ഗണേഷിന്റെ വ്യക്തി പ്രഭാവത്തിന് മങ്ങലേല്‍പ്പിക്കാന്‍ പര്യാപ്തമായില്ലെന്ന് ഫലം തെളിയിക്കുന്നു.പ്രചരണ രംഗത്ത് ഒപ്പത്തിനൊപ്പമായിരുന്നെങ്കിലും ഫലപ്രഖ്യാപനത്തിന്റെ ഒരു ഘട്ടത്തില്‍ പോലും ഗണേഷിന് വെല്ലുവിളി ഉയര്‍ത്താന്‍ ജഗദീഷിന് കഴിഞ്ഞില്ല.

കഴിഞ്ഞ മൂന്നു തെരഞ്ഞെടുപ്പിലും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരിക്കെ ലഭിച്ച ഭൂരിപക്ഷവും ഇക്കുറി ഗണേഷ് മറികടന്നു.എട്ട് പഞ്ചായത്തുകളിലും ഭൂരിപക്ഷം ഇടതുമുന്നണിക്കാണ്.യുഡിഎഫ് കോട്ടകളില്‍ പോലും വിള്ളലുണ്ടാക്കാന്‍ ഗണേഷിന് കഴിഞ്ഞു.ഇത് വരും ദിവസങ്ങളില്‍ യുഡിഎഫില്‍ വലിയ പൊട്ടിത്തെറിക്ക് കാരണമാകും.

Related posts