തൃശൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ കാല്‍നടപ്പാത ബന്ധിപ്പിച്ചു; ട്രെയിന്‍ ഗതാഗതം സാധാരണ നിലയില്‍

tcr-nadappathaതൃശൂര്‍: റെയില്‍വേ സ്റ്റേഷനിലെ വീതിയേറിയ കാല്‍നടപ്പാത ബന്ധിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഇന്നു രാവിലെ പൂര്‍ത്തിയായി. പുലര്‍ച്ചെ മൂന്നിനാണ് ക്രെയിന്‍ ഉപയോഗിച്ച് കാല്‍നടപ്പാത ബീമുകള്‍ റെയില്‍വേ ട്രാക്കിനുമുകളില്‍ ബന്ധിപ്പിച്ചത്. സ്റ്റേഷന്റെ മധ്യഭാഗത്തായി നിര്‍മിക്കുന്ന കാല്‍നടപ്പാതയിലേക്ക് രണ്ടു പ്ലാറ്റ് ഫോമുകളില്‍ നിന്നും ലിഫ്റ്റിലാണ് കയറുക. കാല്‍നടപ്പാത ബന്ധിപ്പക്കുന്ന പ്രധാന ജോലി കഴിഞ്ഞതോടെ ഇനി ബാക്കിയുള്ള ജോലികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് അധികൃതര്‍ പറഞ്ഞു.

രണ്ടു പ്ലാറ്റ്‌ഫോമുകളില്‍ നിന്നും ലിഫ്റ്റില്‍ കാല്‍നടപ്പാതയിലേക്ക് കയറാന്‍ സാധിക്കുന്നതിനാല്‍ യാത്രക്കാര്‍ക്ക് ഏറെ സൗകര്യമാകും. സംസ്ഥാന സര്‍ക്കാരിന്റെ ഫണ്ടുപയോഗിച്ചാണ് കാല്‍നടപ്പാതയും ലിഫ്റ്റും സ്ഥാപിക്കുന്നത്. രണ്ടു മാസത്തിനുള്ളില്‍ ലിഫ്റ്റിന്റെ നിര്‍മാണവും കൂടി പൂര്‍ത്തിയാകുന്നതോടെ കാല്‍നടപ്പാത ഉപയോഗിക്കാനാകും. സ്‌റ്റേഷനില്‍ കാല്‍നടപ്പാത ബന്ധിപ്പിക്കുന്നതിന്റെ ജോലികള്‍ നടത്തിയതിനാല്‍ ഇന്നലെ വൈകീട്ടു മുതല്‍ ട്രെയിനുകള്‍ പലതും പിടിച്ചിട്ടതിതനാല്‍ വൈകിയാണ് ഓടിയത്.

ഇന്നലെ രാത്രി 8.45ഓടെ തൃശൂരില്‍ എത്തേണ്ട കോയമ്പത്തൂര്‍-തൃശൂര്‍ പാസഞ്ചര്‍ ഷൊര്‍ണൂരില്‍ യാത്ര അവസാനിപ്പിച്ചിരുന്നു. തൃശൂരില്‍ നിന്നും രാവിലെ 5.55ന് പുറപ്പെടുന്ന തൃശൂര്‍-കണ്ണുര്‍ പാസഞ്ചര്‍ ഷൊര്‍ണൂരില്‍ നിന്നാണ് പുറപ്പെട്ടത്. തൃശൂര്‍ റെയില്‍വേ സ്റ്റേഷന്‍ വഴി കടന്നു പോകേണ്ട ട്രെയിനുകളൊക്കെ വൈകിയാണ് ഓടിയത്. ഉച്ചയോടെ ഗതാഗതം സാധാരണ നിലയിലായി. മൂന്നു മണിക്കൂര്‍ വരെ പിടിച്ചിട്ടാണ് ചില ട്രെയിനുകള്‍ റെയില്‍വേ സ്‌റ്റേഷന്‍ വഴി കടത്തി വിട്ടത്.

Related posts