നെടുമങ്ങാട് : നെടുമങ്ങാട് നഗരസഭയിലെ നടപ്പാതയും പുറമ്പോക്കുകളും കൈയേറി നടത്തിയ കച്ചവടങ്ങള്‍ ഒഴിപ്പിച്ചെന്ന അവകാശവാദം പെള്ളയായി മാറി. ബസ് സ്റ്റാന്‍ഡിന് മുന്‍വശം സത്രംമുക്ക്, മാര്‍ക്കറ്റ്, അന്താരാഷ്ട്ര മാര്‍ക്കറ്റ് റോഡ് എന്നിവിടങ്ങളിലെ അനധികൃത കച്ചവടങ്ങള്‍ ഇപ്പോഴും തുടരുന്നു .എല്ലാ വര്‍ഷവും നഗരസഭ ആരോഗ്യവിഭാഗം നടത്തി വരാറുള്ള ചില്ലറ പൊടിക്കൈകളാണ് ഇത്തവണയും ഒഴിപ്പിക്കലിന്റെ ഭാഗമായി നടന്നത്. മാര്‍ക്കറ്റ് ജംഗ്ഷനില്‍ കുറച്ച് കച്ചടക്കാരുടെ കടയുടെ മുന്നിലിരുന്ന ബോര്‍ഡുകളും സാധനങ്ങളും നഗരസഭ ചുമന്നു മാറ്റിയതല്ലാതെ മറ്റൊരു ഒഴിപ്പിക്കലും നടന്നില്ല .
ബസ് സ്റ്റാന്‍ഡ് റോഡില്‍ ടെന്റുകള്‍ കെട്ടി നടത്തിയ കൈയേറ്റവും തെരുവു കച്ചവടവും നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ കണ്ടില്ലെന്നു നടിക്കുകയായിരുന്നു. ബസ്സ്റ്റാന്‍ഡ് റോഡില്‍ ഒഴിഞ്ഞു കിടന്ന സ്ഥലത്തെ ടൂവീലര്‍ പാര്‍ക്കിംഗ് അടുത്തിടെയാണ് പോലീസ് നിരോധിച്ചത്. അവിടെ പാര്‍ക്കിംഗ് നടത്താതിരിക്കാനായി പോലീസിനെ ഡ്യുട്ടിയ്ക്കിട്ടിരിക്കുകയാണ് . പോലീസ് ഡ്യുട്ടിയ്ക്കെത്തിയത് പാര്‍ക്കിംഗ് തടയുന്നതിനേക്കാളേറെ തട്ടുകച്ചവടക്കാരെ സംരക്ഷിക്കാനാണെന്നും ആരോപണമുയര്‍ന്നു. തട്ടുകച്ചവടക്കാരുടെ കടയ്ക്കു സമീപം പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ നശിപ്പിക്കുന്നതും പതിവായിരിക്കുകയാണ് .
കല്ലിംഗല്‍, പഴകുറ്റി , സത്രംമുക്ക് ഭാഗങ്ങളില്‍ പുതുതായി കെട്ടിയുണ്ടാക്കിയ തട്ടുകടകള്‍ ലൈസന്‍സില്ല എന്ന കാരണം പറഞ്ഞാണ് നഗരസഭ ഒഴിപ്പിച്ചത് . എന്നാല്‍ വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും തടസമായി നില്ക്കുന്ന കെട്ടിടങ്ങളുടെ ഇറക്കുകളോ, കച്ചവടങ്ങളോ ഒഴിപ്പിച്ചില്ല. എല്ലാ വര്‍ഷവും ഓണം പ്രമാണിച്ചുള്ള പതിവ് കലാപരിപാടി പോലെയായി ഇത്തവണത്തേയും ഒഴിപ്പിക്കലെന്നാണ് നഗരവാസികളുടെ അഭിപ്രായം .നഗരവാസികളുടെ കണ്ണില്‍ പൊടിയിടാനായി വര്‍ഷാവര്‍ഷം നടത്തുന്ന ഇത്തരം ഒഴിപ്പിക്കല്‍ നാടകത്തിനെതിരെ ഭരണപക്ഷത്തെ ഒരു വിഭാഗം കൗണ്‍സിലര്‍മാര്‍ പ്രതിഷേധമുയര്‍ത്തിയിട്ടുണ്ട്.
രാഷ്ട്രീയക്കാരുടെ ബിനാമികളാണ് നഗരത്തിലെ റോഡുകള്‍ കൈയേറി കച്ചവടം നടത്തുന്നതെന്നാണ് അവരുടെ ആക്ഷേപം. നഗരത്തില്‍ വാഹനതിരക്കും യാത്രക്കാരുടെ എണ്ണവും കൂടിയിട്ടും പൊതുജനങ്ങള്‍ക്കുള്ള നടപ്പാതമാത്രം കച്ചവടക്കാരില്‍ നിന്നും ഒഴിപ്പിച്ചു കൊടുക്കാന്‍ നഗരസഭയ്ക്കോ പോലീസിനോ ആയിട്ടില്ല. ലക്ഷങ്ങള്‍ വിറ്റുവരവുള്ള കടകള്‍ പോലും കടയ്ക്കു മുന്നിലുള്ള ഫുട്പാത്ത് രണ്ടുപേര്‍ക്കു വീതം വാടകയ്ക്ക് നല്‍കിയിരിക്കുന്നുവെന്ന വിചിത്രമായ സംഭവവും നെടുമങ്ങാട്ടുണ്ട് . സ്വന്തം കടകള്‍ക്ക് മുന്നിലെ നടപ്പാത വാടകയ്ക്കു നല്‍കിയവര്‍ക്ക് നഗരസഭ നോട്ടീസ് പോലും നല്‍കിയിട്ടില്ലെന്നാണ് ആരോപണം .