നല്ല ലൈംഗിക ജീവിതത്തിനുള്ള ഭക്ഷണക്രമം

heathആരോഗ്യകരമായ ലൈംഗിക ജീവിതത്തിന് പോഷകാഹാരം അനിവാര്യഘടകമാണ്. നല്ല ആരോഗ്യമുണ്ട് പക്ഷേ കിടക്ക കാണുമ്പോഴേ ഉറക്കം വരും. എങ്കില്‍ സംശയിക്കേണ്ട ഭക്ഷണവും ഭക്ഷണരീതിയും തന്നെയാണ് വില്ലന്‍. നല്ല ലൈംഗിക ജീവിതത്തിനുള്ള ഭക്ഷണക്രമത്തെക്കുറിച്ച് അറിയാം…

പഴങ്ങള്‍ കഴിക്കാം

പഴങ്ങളും പച്ചക്കറികളും കൂടുതല്‍ അടങ്ങിയിട്ടുള്ള ഭക്ഷണക്രമമാണ് നല്ല ലൈംഗിക ജീവിതത്തിന് ഉചിതം. ഇതില്‍ അടങ്ങിയിട്ടുള്ള ആന്റി ഓക്‌സിഡന്റ് ശരീരത്തിലെ കൊളസ്‌ട്രോള്‍ നിയന്ത്രിക്കുകയും ലൈംഗികശേഷി കൂട്ടുകയും ചെയ്യും. ശരീരത്തിനും മനസിനും യൗവനം നിലനിര്‍ത്താന്‍ സഹായിക്കുന്നത് ഈ ആന്റി ഓക്‌സിഡന്റുകളാണ്. നെല്ലിക്ക, പേരക്ക, തക്കാളി, ആപ്പിള്‍, മുന്തിരി, മാതളനാരങ്ങ, മാമ്പഴം, തേങ്ങ, ഏത്തപ്പഴം തുടങ്ങിയവയില്‍ ധാരാളം വിറ്റാമിനുകള്‍ അടങ്ങിയിട്ടുണ്ട്. ഇവ ശരീരപുഷ്ടിക്കും ധാതുപുഷ്ടിക്കും ഉത്തമമാണ്.

ലൈംഗിക ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കാന്‍ വിറ്റാമിന്‍ ഇ യുടെ സഹായം വേണം. മുളപ്പിച്ച പയറുവര്‍ഗങ്ങള്‍, കടല, പരിപ്പ്, ഏത്തപ്പഴം എന്നിവയില്‍ വിറ്റമിന്‍ ഇ ധാരാളമുണ്ട്. ഇവയില്‍ അടങ്ങിയിട്ടുള്ള പൊട്ടാസ്യം ക്ഷീണം അകറ്റാന്‍ ഏറെ സഹായിക്കും.

സാച്ചുറേറ്റഡ് ഫാറ്റ് കുറയ്ക്കാം

സാച്ചുറേറ്റഡ് ഫാറ്റ് കൂടുതല്‍ അടങ്ങിയ ഭക്ഷണം ലൈംഗികഅതൃപ്തി ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്. വനസ്പതി, റെഡ്മീറ്റ്, കൊഞ്ച്, ഡാല്‍ഡ, ബട്ടര്‍ എന്നിവയാണ് സാച്യുറേറ്റഡ് ഫാറ്റ് അടങ്ങിയവ. സസ്യാഹാരം കൂടുതല്‍ കഴിക്കുന്നവര്‍ക്ക് താരതമ്യേന ലൈംഗികപ്രശ്‌നങ്ങള്‍ കുറവായിരിക്കും. മാംസാഹാരം ഇഷ്ടപ്പെടുന്നവര്‍ മട്ടന്‍, ചിക്കന്‍, മുട്ടയുടെ മഞ്ഞ എന്നിവയുടെ ഉപയോഗം കുറച്ചുകൊണ്ടുവരണം. സാച്ചുറേറ്റഡ് ഫാറ്റ് അടങ്ങിയ ഭക്ഷണം കഴിക്കുമ്പോള്‍ രക്തത്തില്‍ കൊഴുപ്പ് കൂടും. അതുമൂലം രക്തസഞ്ചാരം കുറയ്ക്കാനുള്ള സാധ്യത ഏറെയാണ്. മാത്രമല്ല ഹോര്‍മോണുകള്‍ അസന്തുലിതമാവുകയും ചെയ്യും. കൊഴുപ്പ് കൂടുന്നത് അനുസരിച്ച് ഡയബറ്റീസ്, ഹാര്‍ട്ട് അറ്റാക്ക് എന്നിവയ്ക്കുള്ള സാധ്യതയും കൂടുതലാണ്. ദേഷ്യം, സങ്കടം, ടെന്‍ഷന്‍ തുടങ്ങിയ വികാരങ്ങള്‍ വര്‍ധിച്ചുവരുന്നതായും കാണാം. മീന്‍ വറുത്തതിനു പകരം മീന്‍കറി ഉപയോഗിക്കുക. ഗുലാബ്ജാമുന്‍, ലഡു തുടങ്ങിയ അതിമധുരമുള്ള ഭക്ഷണസാധനങ്ങള്‍ കുറയ്ക്കല്‍, കൊഴുപ്പ് കുറഞ്ഞ പാല്‍ കുടിക്കല്‍ എന്നിവ ശീലമാക്കുക.

30 വയസ് കഴിഞ്ഞവര്‍ ഭക്ഷണത്തില്‍ ഉപ്പിന്റെ അളവ് കുറയ്ക്കണം. 40 കഴിഞ്ഞാല്‍ എണ്ണ, നെയ്യ്, ചുവന്ന മാംസങ്ങള്‍ എന്നിവയും ഒഴിവാക്കണം. പകരം പുഴുങ്ങിയ ഭക്ഷണം ശീലമാക്കുക.

മുളപ്പിച്ച ചെറുപയര്‍ സാലഡ്

ചേരുവകള്‍

ചെറുപയര്‍ മുളപ്പിച്ചത് – ഒരു കപ്പ്
സവാള (ചെറുതായി അരിഞ്ഞത്) – രണ്ട് ടേബിള്‍ സ്പൂണ്‍
സാലഡ് വെള്ളരിക്ക
(ചെറിയ കഷണങ്ങളാക്കിയത്) – അരകപ്പ്
തക്കാളി (ചെറുതായി മുറിച്ചത്) – ഒരെണ്ണം
ലെറ്റിയൂസ് (ചെറുതായി അരിഞ്ഞത്) – രണെ്ടണ്ണം
പീനട്ട് (വെള്ളത്തില്‍ കുതിര്‍ത്ത
ശേഷം തിളപ്പിച്ചത്) – ഒരു ടേബിള്‍ സ്പൂണ്‍
നാരങ്ങാനീര് – ഒരു ടേബിള്‍ സ്പൂണ്‍
മല്ലിയില (ചെറുതായി മുറിച്ചത്) – ഒരു ടേബിള്‍ സ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം

മല്ലിയില ഒഴികെയുള്ള എല്ലാ ചേരുവകളും യോജിപ്പിക്കുക. ഇതിലേക്ക് നാരങ്ങാനീരും ചേര്‍ത്ത് മല്ലിയില കൊണ്ട് അലങ്കരിച്ചു വിളമ്പാം.

അനിത ജോണ്‍സണ്‍
ചീഫ് ഡയറ്റീഷന്‍, ലിസി ഹോസ്പിറ്റല്‍, എറണാകുളം.

Related posts