മുക്കം: നിയമസഭാ തെരഞ്ഞെടുപ്പിന് രാഷ്ട്രീയ പാര്‍ട്ടികള്‍ ഒരുക്കങ്ങള്‍ തുടങ്ങിയെങ്കിലും മലയോര മേഖലയില്‍ യുഡിഎഫ് കടുത്ത പ്രതിസന്ധിയില്‍. മിക്ക പഞ്ചായത്തുകളിലും മുക്കം നഗരസഭയിലും കടുത്ത വെല്ലുവിളിയാണ് യുഡിഎഫ് നേരിടുന്നത്. ഇതുമൂലം തെരഞ്ഞെടുപ്പിന്റെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ പോലും തിരുവമ്പാടി മണ്ഡലത്തില്‍ തുടങ്ങാനായില്ല. മുക്കം നഗരസഭയില്‍ ലീഗിലെ കാലങ്ങളായുള്ള വിഭാഗീയത കാരണം രണ്ടു തവണയാണ് കമ്മിറ്റി പിരിച്ചുവിട്ടത്.
സിഎച്ച് ഫണ്ടുമായി ബന്ധപ്പെട്ട് പിരിച്ച ഫണ്ട് ഒരു മുനിസിപ്പല്‍ ഭാരവാഹി ഇതുവരെ ജില്ലാ കമ്മിറ്റിക്ക് കൈമാറിയിട്ടില്ല.
എട്ട് ലക്ഷത്തോളം രൂപയാണ് ഇത്തരത്തില്‍ മുക്കിയതെന്നാണ് അക്ഷേപം. ഇതാണ് മാസങ്ങള്‍ക്ക് മുമ്പ് കമ്മിറ്റി പിരിച്ചുവിടാന്‍ കാരണമായത്. പാര്‍ട്ടിയുടെ മുനിസിപ്പല്‍ ചെയര്‍മാന്‍ സ്ഥാനാര്‍ഥിയടക്കം പരാജയപ്പെട്ടതും വിഭാഗീയത കാരണമാണെന് കണ്ടെത്തിയിരുന്നു.
മുക്കം കോണ്‍ഗ്രസില്‍ എ, ഐ ഗ്രൂപ്പ് പോരും സജീവമാണ്. ഒരു എംപിയുടെ നേതൃത്വത്തില്‍ ഐ ഗ്രൂപ്പ് പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിനെതിരെ എ ഗ്രൂപ്പും പ്രവര്‍ത്തനം ശക്തമാക്കിയിട്ടുണ്ട്. ഇതും തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തെ ബാധിച്ചു. കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ കോണ്‍ഗ്രസിന് മണ്ഡലം പ്രസിഡന്റ ഇല്ലാതായിട്ട് മാസം മൂന്നു കഴിഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പിനേറ്റ ദയനീയ തോല്‍വിയെ തുടര്‍ന്ന് മണ്ഡലം പ്രസിസന്റ് കെ.ടി മന്‍സൂര്‍ രാജി വെച്ച ഒഴിവില്‍ പുതിയ പ്രസിഡന്റിനെ നിയമിക്കാന്‍ ഗ്രൂപ്പ് പോരാണ് തടസ്സം. മണ്ഡലം പ്രസിഡന്റായി കരീം പഴങ്കലിനെ നിയമിച്ച് ഡിസി സി പ്രസിഡന്റ് കത്ത് നല്‍കിയെങ്കിലും കത്ത് കൊടിയത്തൂര്‍ എത്തുന്നതിന് മുന്‍പ് കെപിസിസി ഇടപെട്ട് അത് തടയുകയും ചെയ്തു. കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയ ബഷീര്‍ പുതിയോട്ടിലിന്റെ സാനിധ്യവും പാര്‍ട്ടിക്ക് വെല്ലുവിളിയാണ്.
പഞ്ചായത്തു തിരഞ്ഞെടുപ്പില്‍ സ്വന്തം മുന്നണി സ്ഥാനാര്‍ത്ഥികളുടെ പരാജയത്തിന് ഉത്തരവാദിയായവര്‍ക്കെതിരെ നടപടിയില്ലാത്തത് ലീഗ് അണികളിലും അമര്‍ഷമുണ്ടാക്കിയിട്ടുണ്ട്. തിരുവമ്പാടി ഗ്രാമപഞ്ചായത്തില്‍ മുസ്‌ലിം ലീഗ് നേതൃത്വം രണ്ട് വഴിക്കാണ് നീങ്ങുന്നത്. ഔദ്യോഗിക നേതൃത്വത്തിനെതിരെ മുന്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ വിമത വിഭാഗം പ്രവര്‍ത്തനം ശക്തമാക്കിയതും യുഡിഎഫിന് തിരിച്ചടിയാവും. കൂടരഞ്ഞി ഗ്രാമ പഞ്ചായത്തില്‍ ഭരണമുണ്ടങ്കിലും ലീഗില്‍ വിഭാഗീയത രൂക്ഷമാണ്. കോണ്‍ഗ്രസിലും കേരള കോണ്‍ഗസിലും നേതാക്കള്‍ക്കിടയില്‍ ചില പ്രശ്‌നങ്ങള്‍ പ്രകടമാണ്. കാരശേരി ഗ്രാമപഞ്ചായത്തില്‍ യൂത്ത് ലീഗില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങളാണ് മുന്നണിക്ക് ദുരിതമാവുന്നത്. നിയോജക മണ്ഡലം ഭാരവാഹിയും പഞ്ചായത്ത് ഭാരവാഹിയും തമ്മില്‍ നിലനില്‍ക്കുന്ന വിഭാഗീയ പ്രശ്‌നമാണിവിടെ പ്രധാന വിഷയം.