ആറ്റിങ്ങല്‍: മോഷണവും കൊലപാതകവും ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതികളായ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ചെമ്മരുതി മുത്താന കുംഭക്കാട് കുളത്തിപൊയ്കയില്‍ കല്ലുവിള വീട്ടില്‍ കാക്കവിനോദ് എന്നു വിളിക്കുന്ന വിനോദ്(38), കൊല്ലം എഴുകോണ്‍ ഇരുമ്പനങ്ങാട് തുണ്ടില്‍ ശ്യാം ഭവനില്‍ അഭിലാഷ്(25), മണമ്പൂര്‍ കവലയൂര്‍ പെരുങ്കുളം മിഷന്‍കോളനി കല്ലത്തോട്ടം സതീഷ് ഭവനില്‍ ജോഷി(33), ഇടവ മങ്ങാട് വലിയവിള അംബേദ്ക്കര്‍ കോളനിയില്‍ പാമ്പന്‍ എന്നു വിളിക്കുന്ന ദിനേശ്( (31) എന്നിവരാണ് പിടിയിലായത്.
കാക്കവിനോദിന്റെ നേതൃത്വത്തിലുളള സംഘം തിരുവനന്തപുരം, കൊല്ലം, വയനാട്, തൃശൂര്‍, എറണാകുളം, കണ്ണൂര്‍, തുടങ്ങിയ ജില്ലകളില്‍ നിരവധി ക്ഷേത്രങ്ങളിലും വീടുകളിലും മോഷണം നടത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. കാക്കവിനോദിനെതിരെ കോടതിയില്‍ സാക്ഷി പറഞ്ഞ പനയറ സ്വദേശിയായ സുഗതനെ 2010ല്‍ ഇയാള്‍ കുത്തിക്കൊലപ്പെടുത്തിയിരുന്നു. ഇതിനിടയില്‍ പിടിക്കപ്പെട്ടപ്പോള്‍ കള്ളപ്പേരു പറഞ്ഞ് ജയിലില്‍ കഴിഞ്ഞു. ഇയാളെ തിരിച്ചറിഞ്ഞ സഹതടവുകാര്‍ വിവരങ്ങള്‍ പോലീസിന് കൈമാറിയതോടെ വീണ്ടും ഇയാള്‍ കുടുങ്ങിയിരുന്നു.
ഞെക്കാട് ഒരു ജ്വലറിയുടെ പിന്നിലെ ഭിത്തി തുരന്ന് സ്വര്‍ണാഭരണങ്ങളും വെള്ളി ആഭരണങ്ങളും മോഷ്ടിച്ച കേസില്‍ പ്രതികളാണിവര്‍. തൃശൂര്‍ കോടതിയില്‍ ഹാജരാക്കി മടക്കി കൊണ്ടുവരുമ്പോള്‍ പൊലീസുകാരെ മര്‍ദിച്ച് കൈവിലങ്ങുമായി ആറ്റില്‍ച്ചാടി രക്ഷപ്പെട്ടയാളാണ് കാക്കവിനോദ് എന്ന് ആറ്റിങ്ങല്‍ ഡിവൈഎസ്പി ടി. അജിത്കുമാര്‍ പറഞ്ഞു. വര്‍ക്കല, അയിരൂര്‍, കല്ലമ്പലം, പള്ളിയ്ക്കല്‍, ആറ്റിങ്ങല്‍, കടയ്ക്കാവൂര്‍, സ്റ്റേഷനുകളില്‍ നിരവധി കേസുകള്‍ നിലവിലുണ്ട്.
പനയറ തൃപ്പോരിട്ടക്കാവ് ക്ഷേത്രത്തിനു മുന്‍വശത്ത് മോഷണശ്രമത്തിനിടെയാണ് സംഘം പിടിയിലായത്. വര്‍ക്കല സിഐ സജിമോന്‍, അയിരൂര്‍ എസ്‌ഐ, അജേഷ്, ജില്ലാ പോലീസ് മേധാവിയുടെ ഷാഡോ ടീമിലുള്ള എസ്‌ഐമാരായ സിജു.കെ. എല്‍.നായര്‍, തന്‍സീം അബ്ദുല്‍ സമദ്, എസ്‌സിപിഒ മാരായ ദിലീപ്, ബിജുകുമാര്‍, ഫിറോസ്, ബിജു എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.