തച്ചമ്പാറ : ഔഷധ മൂല്യമേറിയതും വിപണിയില്‍ ആവശ്യക്കാര്‍ ഏറെയുള്ളതുമായ നവരയും രക്തശാലിയും വിളയിച്ച് നെല്‍കൃഷിയില്‍ വേറിട്ട മാതൃക കാണിക്കുകയാണ് തച്ചമ്പാറ മുതുകുറിശി സ്വദേശി മുണ്ടമ്പലം കൃഷ്ണാനിവാസില്‍ സേതുമാധവന്‍.നെല്‍കൃഷി അന്യംനില്ക്കുമ്പോള്‍ ഇപ്പോഴും നെല്ലിനെ കൈവിടാതെ കൃഷി ഒരു സംസ്കാരമാക്കിയ സേതുമാധവന്‍ ഇത്തവണ പതിവു നെല്ലിനങ്ങള്‍ക്കു പുറമെയാണ് ഔഷധഗുണമുള്ള നവരയും രക്തശാലിയും കൃഷിചെയ്തിരിക്കുന്നത്. നവര വിളഞ്ഞപ്പോള്‍ രക്തശാലി കതിരിട്ടു.
ഒന്നരയേക്കര്‍ സ്ഥലത്താണ് നവരയും രക്തശാലിയും കൃഷിചെയ്തിരുന്നത്. ഇതിനു പുറമെ കാഞ്ചന എന്ന ഇനം നെല്ലും കൃഷിചെയ്തിട്ടുണ്ട്.അത്യുത്പാദനശേഷിയുള്ളതും കൂടുതല്‍ വിളവു ലഭിക്കുന്നതുമായ കാഞ്ചനക്ക് 110 ദിവസമാണ് മൂപ്പെങ്കില്‍ നവരക്ക് 90 ദിവസം മതി വിളവെടുക്കാന്‍. രക്തശാലിക്ക് മൂപ്പ് 100 ദിവസം എടുക്കും. രോഗ – കീടബാധകള്‍ സേതു—മാധവന്റെ കൃഷിയിടത്തില്‍ കുറവാണ് കാഞ്ചനയില്‍ ഓലചുരുട്ടി പുഴുവിന്റെയും ചാഴിയുടെയും ഉപദ്രവമുണ്ട്. ഗോമൂത്രം നേര്‍പ്പിച്ച് അടിച്ചുകൊടുക്കുകയാണ് ചെയ്യുന്നത്. നെല്ലിനു രാസവളം നല്കാറില്ല. ചാണകം മാത്രമാണ് ഇടുന്നത്. ഇതാണ് രോഗപ്രതിരോധ ശക്തിക്ക് കാരണം. നേരത്തെ പൊന്‍മണിയായിരുന്നു കൃഷിചെയ്തിരുന്നത്. ഈ വര്‍ഷമാണ് കൃഷി ഇനം മാറ്റിയത്.
പട്ടാമ്പി കൃഷി വിജ്ഞാനകേന്ദ്രത്തില്‍നിന്നും നവരയുടെയും പട്ടാമ്പിയിലെ അഭയം കൃഷ്ണന്റെ കൈയില്‍ നിന്നുമാണ് രക്തശാലയുടെയും വിത്ത് ലഭിച്ചത്. മണ്ണാര്‍ക്കാട് താലൂക്കില്‍ നവരയും രക്തശാലിയും കൃഷിചെയ്യുന്നത് ഇവിടെ മാത്രമാണ്. നവരയുടെ വിളവ് ആഘോഷമായി എടുക്കാനാണ് സേതുവിന്റെയും തച്ചമ്പാറ കൃഷിഭവന്റെയും തീരുമാനം.പരമ്പരാഗത കൃഷിക്കാരാണ് സേതുവിന്റെ കുടുംബം. നെല്ലിനുപുറമെ വാഴയും പശുവളര്‍ത്തലും പച്ചക്കറിയും ജാതിയും ഗ്രാമ്പും തെങ്ങുമെല്ലാം സേതുമാധവന്റെ കൃഷികളാണ്.
ചുറ്റുപാടുമുള്ള കര്‍ഷകരെല്ലാം നെല്‍കൃഷി നിര്‍ത്തിയപ്പോള്‍ ഇത് നിലനിര്‍ത്തുകയാണ് സേതുമാധവന്‍. ഇപ്പോള്‍ നെല്‍കൃഷി നഷ്ടമല്ല ലാഭമാണെന്ന് സേതുമാധവന്‍ പറയുന്നു. ഞാറു നടാനും കൊയ്യാനുമെല്ലാം ഇപ്പോള്‍ കാഞ്ഞിരത്ത് കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ യന്ത്രവും തൊഴിലാളികളുമുള്ളതിനാല്‍ കൂലിയിനത്തില്‍ പകുതിയോളം ലാഭമുണ്ട്. നെല്ല് സപ്ലൈകോയ്ക്ക് നല്കുകയാണ് ചെയ്യുന്നത്.