പയ്യന്നൂര്‍: വിവാദമായ പയ്യന്നൂരിലെ നവജാതശിശു വില്‍പന സംബന്ധിച്ച കേസന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് സംഘം രണ്ടുകേസുകളുടെ അന്വേഷണം പൂര്‍ത്തിയായി. ഈ കേസുകളുടെ അന്വേഷണ റിപ്പോര്‍ട്ട്്് ക്രൈംബ്രാഞ്ച്്് എസ്പി ബി. അശോകന്‍ മുഖേന തുടര്‍ നടപടികള്‍ക്കായി എഡിജിപിക്കു കൈമാറും. ആറാഴ്ചത്തേക്ക് പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പാടില്ലെന്ന കോടതി ഉത്തരവിന്റെ കാലാവധി കഴിഞ്ഞതിനാല്‍ അന്വേഷണ റിപ്പോര്‍ട്ടില്‍ എഡിജിപിയുടെ തീരുമാനമുണ്ടായാല്‍ പ്രതികളുടെ അറസ്റ്റുള്‍പ്പെടെയുള്ള നടപടികള്‍ വൈകാതെയുണ്ടാകുമെന്നാണു സൂചന.
പയ്യന്നൂരിലെ ഗൈനോക്കോളജിസ്റ്റ്് എടാട്ടുള്ള ദമ്പതികള്‍ക്കു നവജാതശിശുവിനെ വില്‍പന നടത്തിയെന്ന കേസും ഇതിലെ പരാതിക്കാര്‍ ഭീഷണിപ്പെടുത്തി പണം വാങ്ങിയെന്ന കേസിന്റേയും അന്വേഷണമാണ് അന്തിമഘട്ടത്തിലെത്തിയത്. സിഐ കെ.വി. പ്രമോദിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിവന്ന ഈ കേസുകളുടെ അന്വേഷണ റിപ്പോര്‍ട്ടാണ് എഡിജിപിക്കു കൈമാറുന്നത്.വില്‍പന നടത്തിയതായി പറയുന്ന കുട്ടിയുടെ അമ്മയെ അന്വേഷണ സംഘം കണ്ടെത്തിയതോടെയാണു നവജാത ശിശുവില്‍പന സംബന്ധിച്ച കേസന്വേഷണത്തിന് വഴിത്തിരിവായത്. ഈ സ്ത്രീ ഇരട്ടപ്രസവിച്ചതിലുള്ള ഒരു കുട്ടിയെയാണു കൈമാറ്റം നടത്തിയതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
പരാതിക്കാര്‍ ഭീഷണിപ്പെടുത്തി പണം വാങ്ങിയെന്ന ഗൈനോക്കോളജിസ്റ്റിന്റെ പരാതിയില്‍ പണം വാങ്ങിതായി പറയുന്ന കരിവെള്ളൂരിലെ രാജന്‍ സി. നായരുടേയും മുതിയലത്തെ കെ.പി. മുരളീധരന്റേയും വീടുകളിലും സ്ഥാപനങ്ങളിലും ക്രൈംബ്രാഞ്ച് സംഘം പരിശോധന നടത്തിയിരുന്നു. ഇവരുടെ സാമ്പത്തിക ഇടപാടുകളും പരിശോധിച്ചെങ്കിലും പരാതി ശരിവയ്ക്കുന്ന രീതിയിലുള്ള തെളിവുകളൊന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണു സൂചന.ശിശുവില്‍പനയുമായി ബന്ധപ്പെട്ട അഞ്ചുകേസുകളെ രണ്ടായി തിരിച്ചു രണ്ടുസംഘമാണ് അന്വേഷണം നടത്തുന്നത്. മൂന്ന് കേസുകള്‍ സിഐ പ്രമോദിന്റെ നേതൃത്വത്തിലുള്ള സംഘവും രണ്ടുകേസുകള്‍ സിഐ സുനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘവുമാണ് അന്വേഷിക്കുന്നത്.
പയ്യന്നൂരിലെ ഗൈനോക്കോളജിസ്റ്റ് ഡോ. കെ.പി. ശ്യാമള, ഭര്‍ത്താവ് ഡോ. മുകുന്ദന്‍ നമ്പ്യാര്‍, കൃത്രിമ ജനന സര്‍ട്ടിഫിക്കറ്റ്് നല്‍കിയെന്ന് പറയുന്ന മുന്‍സിപ്പല്‍ ജനന മരണ റജിസ്ട്രാര്‍, നവജാത ശിശുക്കളെ വിലയ്ക്കു വാങ്ങിയെന്നു പരാതിയില്‍ പറയുന്ന പയ്യന്നൂരിലും പരിസരങ്ങളിലുമുള്ള അഞ്ച് ദമ്പതികള്‍, ഇടനിലക്കാര്‍ തുടങ്ങി പതിനഞ്ചോളം പേരെ പ്രതികളാക്കി അഞ്ച് കേസുകളാണ് പയ്യന്നൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. രാജന്‍ സി. നായരുടെ പരാതിയില്‍ സാമൂഹ്യക്ഷേമവകുപ്പും പയ്യന്നൂര്‍ പോലീസും കേസെടുത്തിട്ടും തുടര്‍ നടപടികള്‍ കാണാതെ വന്നതിനെ തുടര്‍ന്നു പരാതിക്കാരന്‍ അഭ്യന്തര വകുപ്പിനെ സമീപിച്ചതിനെ തുടര്‍ന്നാണ് കേസന്വേഷണം സര്‍ക്കാര്‍ ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചത്.