മാന്നാര്‍: പരുമല തിക്കപ്പുഴയില്‍ സിപിഎം ന്റെ ലോക്കല്‍ കമ്മറ്റി ഓഫീസ് അടിച്ച് തകര്‍ത്തു. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം നടന്നത്. ഓഫീസിന്റെ ജനല്‍ ചില്ലകള്‍ അടിച്ച് തകര്‍ത്ത സാമൂഹിക വിരുദ്ധര്‍ ഭിത്തിയിലും കതകിലും ചാണകം പതിച്ചു. ഓഫീസിനുള്ളിലേക്കും ചാണകം ഏറിഞ്ഞു. കൂടാതെ ആഫീസിന്റെ മുമ്പില്‍ ഉണ്ടായിരുന്ന കൊടിമരവും വലിച്ചൊടിച്ചു.തിക്കപ്പുഴ ജംഗ്ഷനില്‍ ഉള്ള രക്തസാക്ഷി മണ്ഡവും തകര്‍ക്കാന്‍ ശ്രമം നടന്നിട്ടുണ്ട്.
ഇതിന് സമീപത്തുള്ള രണ്ട് കൊടിമരങ്ങളും കൊട്ടാരപ്പടി ജംഗ്ഷനിലുള്ള കൊടി മരവും നശിപ്പിച്ചു. പുളിക്കീഴ് പോലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പോലീസ് സ്ഥനത്തെത്തി അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് സിപിഎം പരുമല ലോക്കല്‍ കമ്മറ്റി നേതൃത്വത്തില്‍ ഇന്ന് വൈകുന്നേരം പ്രതിഷേധ പ്രകടനവും യോഗവും ചേരും. പരുമലയില്‍ നിലനില്‍ക്കുന്ന സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് പാര്‍ട്ടി ആഫീസിന് നേരേ നടന്ന അക്രമണങ്ങളെന്നും പ്രതികളെ ഉടന്‍ പിടികൂടണമെന്നും സിപിഎം തിരുവല്ലാ ഏരിയാ സെക്രട്ടറി അഡ്വ.ഫ്രാന്‍സിസ്.വി.ആന്റണി പറഞ്ഞു.