പഴയങ്ങാടി: പഴയങ്ങാടി റെയില്‍വേ സ്റ്റേഷന് റോഡ് ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടുന്നു. മാടായി ഉള്‍പ്പെടെയുള്ള അഞ്ചോളം പഞ്ചായത്തുകളിലെ യാത്രക്കാര്‍ക്ക് ദീര്‍ഘദൂരയാത്രയ്ക്ക് എത്തിച്ചേരേണ്ട പഴയങ്ങാടി റെയില്‍വേ സ്റ്റേഷന് റോഡിലാണ് ഗതാഗതക്കുരുക്ക് പതിവായിരിക്കുന്നത്. ഇടുങ്ങിയതും വീതി കുറഞ്ഞതുമായ റോഡും റോഡിനോടു ചേര്‍ന്നുകിടക്കുന്ന പഴയ കെട്ടിടങ്ങളും യാത്രാദുരിതത്തിന് കാരണമാകുന്നു. പഴയങ്ങാടി ബസ്സ്റ്റാന്‍ഡ് മുതല്‍ റെയില്‍വേ അടിപ്പാലം വരെയുള്ള മൊത്ത കച്ചവടകേന്ദ്രങ്ങളില്‍ ഏതു സമയത്തും ചരക്കുലോറികളില്‍ നിന്ന് ചരക്ക് ഇറക്കുന്നതും ഗതാഗതക്കുരുക്കിനിടയാക്കുന്നു.
ഇവിടെയുള്ള ട്രാഫിക് സംവിധാനവും താളംതെറ്റുകയാണ്. പലപ്പോഴും ഗതാഗതക്കുരുക്ക് രൂക്ഷമാകുമ്പോള്‍ നിയന്ത്രിക്കാന്‍ പോലീസുകാരില്ലാത്തതിനാല്‍ നാട്ടുകാരും മറ്റു ചുമട്ട് തൊഴിലാളികളുമാണ് ഇതു കൈകാര്യം ചെയ്യുന്നത്. ഒരു വാഹനത്തിനു പോലും കഷ്ടിച്ച് പോകാന്‍ തരത്തിലുള്ള ബ്രിട്ടീഷുകാരുടെ കാലത്ത് നിര്‍മിച്ച അടിപ്പാലത്തിന് വീതികൂട്ടി പുനര്‍നിര്‍മിക്കാന്‍ ശ്രമമുണ്ടായെങ്കിലും സ്വകാര്യവ്യക്തികള്‍ ഭൂമിനല്കാത്തത് തിരിച്ചടിയായി. ഒന്നര കിലോമീറ്റര്‍ മാത്രം ദൂരമുള്ള സ്റ്റേഷനിലെത്താന്‍ അരമണിക്കൂറിലേറെയാണ് ഇപ്പോള്‍ സമയമെടുക്കുന്നത്.