പാലാപറമ്പിലെ ആണ്‍വീട്ടില്‍ അതികായന്‍മാരുടെ പോരാട്ടം

ktm-maniകോട്ടയം: രാഷ്ട്രീയകേരളത്തിന്റെ കണ്ണും കാതും മീനച്ചിലാറിന്റെ തീരത്തെ പാലായിലേക്ക്. കേരള കോണ്‍ഗ്രസിന്റെ അമരക്കാരനും രാഷ്ട്രീയകേരളത്തിന്റെ പ്രതിഭാധനനുമായ കെ.എം. മാണിക്കെതിരേ ഇടതുസ്ഥാനാര്‍ഥിയായി എന്‍സിപിയിലെ മാണി സി. കാപ്പന്‍ മൂന്നാമൂഴം ഗോദായിലിറങ്ങുന്നു. ബിജെപി മുന്നണിയിലെ കേരള കോണ്‍ഗ്രസുമായി പി.സി. തോമസും രംഗത്തുവരുന്നതോടെ പോരാട്ടം തീപാറും. രാഷ്ട്രീയം, കാര്‍ഷികം, പ്രാദേശികം തുടങ്ങി വിവിധ വിഷയങ്ങളാണു പാലായില്‍ പ്രചാരണരംഗത്ത് സജീവമാകുക. കഴിഞ്ഞ രണ്ടു നിയമസഭാ തെരഞ്ഞെടുപ്പുകളിലും കെ.എം. മാണിക്കു വെല്ലുവിളി ഉയര്‍ത്താന്‍ മാണി സി. കാപ്പനു കഴിഞ്ഞിരുന്നുവെന്ന തിരിച്ചറിവാണ് പാലായെ ശ്രദ്ധേയമാക്കുന്നത്.

2006ലെ തെരഞ്ഞടുപ്പില്‍ കെ.എം. മാണിയുടെ ഭൂരിപക്ഷം 17,000ത്തില്‍നിന്ന് 7753ലേക്കും 2011ല്‍ 5229ലേക്കും കുറയ്ക്കാന്‍ മാണി സി. കാപ്പനു കഴിഞ്ഞിരുന്നു. 2011ലെ തെരഞ്ഞെടുപ്പില്‍ കെ.എം. മാണിക്ക് 61239 വോട്ടുകളും മാണി സി. കാപ്പന് 55980 വോട്ടുകളും ലഭിച്ചു. ഈ ഗ്രാഫിലേക്കാണ് കേരളത്തിന്റെ ആകാംക്ഷയോടെയുള്ള നോട്ടം.

പാലാ നഗരസഭയും മീനച്ചില്‍ താലൂക്കിലെ ഭരണങ്ങാനം, കടനാട്, കരൂര്‍, കൊഴുവനാല്‍, മീനച്ചില്‍, മേലുകാവ്, മൂന്നിലവ്, മുത്തോലി, രാമപുരം, തിടനാട്, തലപ്പലം പഞ്ചായത്തുകളും കാഞ്ഞിരപ്പള്ളി താലൂക്കില്‍പ്പെട്ട എലിക്കുളം പഞ്ചായത്തും ഉള്‍പ്പെട്ടതാണ് നിലവില്‍ പാലാ നിയമസഭാ മണ്ഡലം. 87870 പുരുഷന്‍മാരും 90970 സ്ത്രീകളും ഉള്‍പ്പെടെ 178840 വോട്ടര്‍മാരാണ് നിലവില്‍ മണ്ഡലത്തിലുള്ളത്. അര നൂറ്റാണ്ട് നിയമസഭാംഗവും മൂന്നു പതിറ്റാണ്ട് മന്ത്രിയുമായിരുന്ന കെ.എം. മാണി ഇന്നേവരെ പാലായില്‍ തോല്‍വി അറിഞ്ഞിട്ടില്ല.

നിയമജ്ഞനും വാഗ്മിയും പ്രതിഭാശാലിയുമായ മാണിയെ നേരിടാന്‍ ഇടതുമുന്നണി ഏറെ ആലോചനകള്‍ക്കുശേഷമാണ് മാണി സി. കാപ്പനെ വീണ്ടും കളത്തിലിറക്കുന്നത്. 1967, 1970, 1977, 1980, 1982, 1987, 1991, 1996, 2001, 2006, 2011 വര്‍ഷങ്ങളില്‍ പാലായില്‍നിന്നും കെ.എം. മാണി നിയമസഭയിലെത്തി. ധനം, റവന്യു, നിയമം, ജലസേചനം തുടങ്ങിയ വകുപ്പുകളില്‍ മന്ത്രിയായി.

എന്‍സിപി നേതാവ് ജിമ്മി ജോര്‍ജ്, മുന്‍ കേരള കോണ്‍ഗ്രസുകാരന്‍ ഡിജോ കാപ്പന്‍ എന്നിവരൊക്കെ പാലായില്‍ ഇടതുമുന്നണിയുടെ പരിഗണനയിലുണ്ടായിരുന്നു. ശരത് പവാര്‍ ഉള്‍പ്പെടെ ദേശീയ നേതാക്കളുടെ താല്‍പര്യത്തിലാണ് മാണി സി. കാപ്പനെ പാലായില്‍ വീണ്ടും ഇറക്കാന്‍ തീരുമാനമായത്. വോളിബോള്‍താരം, സിനിമാ നടന്‍, നിര്‍മാതാവ്, സംവിധായകന്‍ തുടങ്ങിയവയ്‌ക്കൊപ്പമാണ് മാണി സി. കാപ്പന് നാഷണലിസ്റ്റ് കോണ്‍ഗ്രസ് രാഷ്ട്രീയം. അഞ്ചു വര്‍ഷം പാലാ നഗരസഭാംഗവുമായിരുന്നു.

പിതാവ് ചെറിയാന്‍ ജെ. കാപ്പന്‍ പാലായുടെ നഗരപിതാവും മുന്‍ എംപിയുമായിരുന്നു. മേലേപ്പറമ്പില്‍ ആണ്‍വീട്’ എന്ന സൂപ്പര്‍ഹിറ്റ് സിനിമ നിര്‍മിച്ചാണു കാപ്പന്‍ സിനിമയില്‍ സജീവമായത്. തുടര്‍ന്ന് തുടര്‍ച്ചയായി 10 സിനിമകള്‍ നിര്‍മിച്ചു. ഇതില്‍ ‘മാന്‍ ഓഫ് ദ മാച്ച്’ എന്ന സിനിമയുടെ കഥയും തിരക്കഥയും അദ്ദേഹം നിര്‍വഹിച്ചു.

മലയാളത്തിലെ സൂപ്പര്‍ഹിറ്റ് സിനിമകളിലൊന്നായ മാന്നാര്‍ മത്തായി സ്പീക്കിംഗ് എന്ന സിനിമയുടെ സംവിധായകനുമായിരുന്നു. പി.ടി. ചാക്കോയുടെ മകനെ അഭിഭാഷകനായിരിക്കെ കെ.എം. മാണിയാണ് രാഷ്ട്രീയത്തിലേക്ക് കൈപിടിച്ചുകൊണ്ടുവന്നത്. വാഴൂര്‍ നിയോജകമണ്ഡലത്തില്‍ കന്നിപ്പോരാട്ടത്തില്‍ പരാജയമറിഞ്ഞപ്പോള്‍ മൂവാറ്റുപുഴ ലോക്‌സഭാ മണ്ഡലത്തില്‍ നിറുത്തി വിജയിപ്പിച്ചു. പിന്നീട് രണ്ടു പതിറ്റാണ്ടിലേറെ പി.സി. തോമസിന് തുടരെ വിജയത്തിളക്കമായിരുന്നു. 2014ല്‍ മൂവാറ്റുപുഴയില്‍ പാര്‍ട്ടി സീറ്റ് കിട്ടാതെ വന്നപ്പോള്‍ എന്‍ഡിഎ പിന്‍തുണയില്‍ മത്സരിച്ച് ത്രികോണ മത്സരത്തില്‍ 511 വോട്ടുകള്‍ക്ക് ലോക്‌സഭയിലെത്തിയിലെത്തി. അന്ന് ഏറ്റവുമധികം ഭൂരിപക്ഷം പി.സി. തോമസിനു ലഭിച്ചത് പാലാ അസംബ്ലിയില്‍നിന്നായിരുന്നു.

സമുദായവികാരം ഉണര്‍ത്തി വോട്ടുതേടിയെന്ന പരാതി പരിശോധിച്ച് ചട്ടം ലംഘിച്ചതായി ഇലക്ഷന്‍ കമ്മീഷന്‍ വിധിച്ചതോടെ തോമസിനു കുരുക്കുവീണു. പിന്നീട് ഇടതു മുന്നണിയിലും അവിടെനിന്നും വീണ്ടും ബിജെപി മുന്നണിയിലും എത്തിയ തോമസ് തെരഞ്ഞെടുപ്പു കമ്മീഷന്റെ ശിക്ഷാ നടപടിക്കുശേഷം വീണ്ടും രാഷ്ട്രീയഗോദായില്‍ പയറ്റാനിറങ്ങുന്നത് പാലായിലാണ്. അതും മുന്‍ നേതാവിനെതിരേ.

Related posts