മുണ്ടക്കയം: വീട്ടില്‍ കയറി വീട്ടമ്മയ്ക്കു നേരേ തോക്കു ചൂണ്ടി അക്രമം നടത്തിയതായി പരാതി. പരിക്കേറ്റ വീട്ടമ്മ മുണ്ടക്കയം മെഡിക്കല്‍ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. പാലൂര്‍ക്കാവ് പനച്ചിക്കല്‍ വീട്ടില്‍ തങ്കച്ചന്റെ ഭാര്യ മേഴ്‌സിയെയാണ് പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.
സംഭവത്തെക്കുറിച്ച് വീട്ടുകാര്‍ പറയുന്നത് ഇങ്ങനെ: ഇന്നലെ വൈകിട്ട് മദ്യപിച്ചെത്തിയ രണ്ടംഗസംഘം വീട്ടില്‍ കയറി മേഴ്‌സിയെയും ഭര്‍ത്താവിനെയും ആക്രമിക്കാന്‍ ശ്രമിക്കുകയും വീടിനുള്ളില്‍ കയറി കതകടച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും സംഘം കതക് തല്ലിപ്പൊളിച്ച് അകത്തു കടന്ന് മേഴ്‌സിയുടെ നേരേ കൈത്തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയും മേഴ്‌സിയുടെ കഴുത്തില്‍ കിടന്ന സ്വര്‍ണമാല പൊട്ടിച്ചെടുക്കാന്‍ ശ്രമിക്കുകയും വസ്ത്രങ്ങള്‍ വലിച്ചുകീറുകയും ചെയ്തു. വീട്ടുകാര്‍ ബഹളം വച്ചതോടെ സംഘം ഓടിരക്ഷപ്പെട്ടു.
മേഖലയില്‍ വൈകുന്നേരങ്ങളില്‍ മദ്യപാനസംഘങ്ങള്‍ വിളയാടുകയാണെന്നും രാത്രിസമയത്ത് ബസ്‌സ്റ്റോപ്പുകളില്‍ തമ്പടിച്ച് സംഘര്‍ഷം സൃഷ്ടിക്കുന്നതും നിത്യസംഭവമായിരിക്കുകയാണ്. വാഹനങ്ങള്‍ റെന്റിനു കൊടുക്കുന്ന ഒരാളാണ് ആക്രമണങ്ങള്‍ക്കു പിന്നിലെന്നു നാട്ടുകാര്‍ പറയുന്നു. സംഭവത്തെത്തുടര്‍ന്ന് പെരുവന്താനം എസ്‌ഐ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.