കോട്ടയം: പൂഞ്ഞാറിലേയും കടുത്തുരുത്തിയിലേയും എല്‍ഡിഎഫ് പ്രചാരണം ഇനി പിണറായിയുടെ കൈകളില്‍. പൂഞ്ഞാറിലും കടുത്തുരുത്തിയിലും എല്‍ഡിഎഫ് പ്രചാരണത്തില്‍ പിന്നിലാണെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ ഇന്നലെ സിപിഎമ്മിന്റെ പൂഞ്ഞാര്‍, കടുത്തുരുത്തി മണ്ഡലം കമ്മിറ്റി യോഗങ്ങളില്‍ പങ്കെടുത്തത്. അതാതു ദിവസത്തെ പ്രവര്‍ത്തനങ്ങള്‍ ജില്ലാ കമ്മിറ്റിക്കും സംസ്ഥാന സെന്ററിനും നല്‍കണമെന്ന് മണ്ഡലം സെക്രട്ടറിമാര്‍ക്ക് കര്‍ശന നിര്‍ദേശം യോഗത്തില്‍ പിണറായി നല്‍കി.
ഇരു മണ്ഡലം കമ്മിറ്റികളുടെയും നിലവിലുള്ള പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തി രേഖപ്പെടുത്തിയ പിണറായി വിജയന്‍ ഏരിയ നേതാക്കളെ പ്രത്യേകം കണ്ട് തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ വിശദമായി ചോദിച്ചറിഞ്ഞു. ഇന്നലെ രാവിലെ 10.30ന് ഈരാറ്റുപേട്ടയിലുള്ള സിപിഎം ഏരിയാ കമ്മിറ്റി ഓഫീസില്‍ എത്തിയ പിണറായി വിജയന്‍ മൂന്നു മണിക്കൂര്‍ നീണ്ട മണ്ഡലം കമ്മിറ്റിയില്‍ മുഴുവന്‍ സമയവും പങ്കെടുത്തതിനുശേഷമാണ് മടങ്ങിയത്. യോഗത്തില്‍ പൂഞ്ഞാര്‍ മണ്ഡലത്തിലെ ബൂത്തുകളിലെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ പിണറായി വിജയന്‍ ചോദിച്ചറിഞ്ഞു.
കണ്‍വന്‍ഷന്‍ പൂര്‍ത്തിയാകാത്ത സ്ഥലങ്ങളിലെയും പ്രവര്‍ത്തനം മോശമായ സ്ഥലങ്ങളിലെയും നേതാക്കളെ പിണറായി വിജയന്‍ ശാസിച്ചു. പലയിടങ്ങളിലും ഇടതുപക്ഷത്തിനു സ്ഥാനാര്‍ഥിയില്ലെന്നും ഇടതുപക്ഷം വേറെ പലരേയുമാണ് പിന്തുണയ്ക്കുന്നതെന്നുമുള്ള പ്രചാരണമുണ്ടെന്നും ഇത് ഉണ്ടാക്കരുതെന്നും പിണറായി വിജയന്‍ നിര്‍ദേശിച്ചു. എല്‍ഡിഎഫ് സീറ്റു നല്‍കാത്തതിനെത്തുടര്‍ന്ന് സ്വതന്ത്രനായി മത്സരിക്കുന്ന പി.സി. ജോര്‍ജിനെതിരെയും യുഡിഎഫിനെതിരെയുമുള്ള രാഷ്ട്രീയ കരുനീക്കങ്ങള്‍ യോഗത്തില്‍ രൂപപ്പെടുത്തി. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനു മുമ്പ് പി.സി. ജോര്‍ജിനെ സ്ഥാനാര്‍ഥിയാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സെക്രട്ടേറിയറ്റിനു മണ്ഡലം കമ്മിറ്റി ശിപാര്‍ശ നല്‍കിയിരുന്നു. ഈ തീരുമനത്തെ പിണറായി വിജയന്‍ നിശിതമായി വിമര്‍ശിക്കുകയും പാര്‍ട്ടിയുടെ ഏകകണ്ഠമായുള്ള തീരുമാനമാണ് നടപ്പാക്കിയതെന്നും യോഗത്തെ അറിയിച്ചു.
മണ്ഡലത്തിലെ പല സിപിഎം നേതാക്കളും ഇതുവരെയും പ്രചാരണരംഗത്ത് സജീവമായിട്ടില്ലെന്നും ചിലര്‍ സ്വതന്ത്രസ്ഥാനാര്‍ഥി പി.സി. ജോര്‍ജിനുവേണ്ടി പ്രചാരണം നടത്തുന്നതായും പിണറായി കുറ്റപ്പെടുത്തി. ഇവര്‍ക്കെതിരെ പാര്‍ട്ടിതലത്തില്‍ ശക്തമായ നടപടിയുണ്ടാകും. ഇനിയുള്ള ദിവസങ്ങളില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.സി. ജോസഫിന്റെ വിജയം ഉറപ്പിക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കും പിണറായിയുടെ സാന്നിധ്യത്തില്‍ രൂപം നല്‍കുകയും ചെയ്തു. മാറി നില്‍ക്കുന്ന പ്രവര്‍ത്തകരെ ഇന്നു മുതല്‍ പ്രചാരണത്തില്‍ പങ്കെടുപ്പിക്കണം. വിഘടിച്ചു നില്കുന്ന ആളുകളെ ജില്ലാ കമ്മിറ്റിയംഗങ്ങളുടെ നേതൃത്വത്തില്‍ നേരിട്ട് വീട്ടിലെത്തി കാണാനും പ്രവര്‍ത്തനത്തിലേക്ക് കൊണ്ടുവരാനും നിര്‍ദേശമുണ്ടായി. പൂഞ്ഞാര്‍ മണ്ഡലത്തിലെ പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റികളുടെ കീഴിലുള്ള ഏരിയാ കമ്മിറ്റിയംഗങ്ങളും ലോക്കല്‍ സെക്രട്ടറിമാരുമാണ് യോഗത്തില്‍ പങ്കെടുത്തത്.
ഉച്ചകഴിഞ്ഞ് കടുത്തുരുത്തി ഏരിയാ കമ്മിറ്റി ഓഫീസിലാണു കടുത്തുരുത്തി മണ്ഡലം കമ്മിറ്റിയുടെ യോഗം വിളിച്ചത്. മണ്ഡലം കമ്മിറ്റിയംഗങ്ങളോടു പ്രവര്‍ത്തനങ്ങള്‍ നേരിട്ടു ചോദിച്ചറിഞ്ഞ പിണറായി വിജയന്‍ മരങ്ങാട്ടുപിള്ളി, ഉഴവൂര്‍ തുടങ്ങിയ പഞ്ചായത്തുകളിലെ പ്രവര്‍ത്തനത്തിനു മണ്ഡലം കമ്മിറ്റിയില്‍ നിന്നു അംഗങ്ങളെ നിയമിക്കുകയും ചെയ്തു. മറ്റ് ഇടതുയുവജന സംഘടനകളുടെ നേതൃത്വത്തില്‍ മണ്ഡലമൊട്ടാകെ വിപുലമായ കാമ്പയിന്‍ ഇന്നു മുതല്‍ നടത്താനും പിണറായി നിര്‍ദേശിച്ചു. മണ്ഡലം കമ്മിറ്റി അംഗങ്ങള്‍ ഇന്നു മുതല്‍ മുഴുവന്‍ സമയപ്രവര്‍ത്തകരാണെന്നു നിര്‍ദേശിച്ച പിണറായി അംഗങ്ങള്‍ക്ക് അലവന്‍സ് നല്‍കാനും നിര്‍ദേശിച്ചു. മറ്റു ജോലിയുള്ള മണ്ഡലം കമ്മിറ്റിയംഗങ്ങളോട് ഒരു മാസത്തേക്ക് അവധിയെടുക്കാന്‍ പിണറായി നിര്‍ദേശിച്ചു.
ബൂത്തു കമ്മിറ്റിയംഗങ്ങള്‍ക്ക് തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഫണ്ടു ഏര്‍പ്പാടാക്കാന്‍ ജില്ലാ കമ്മിറ്റിയേയും പിണറായി ചുമതലപ്പെടുത്തി. ഒത്തൊരുമയോടെ പ്രവര്‍ത്തിച്ചാല്‍ മണ്ഡലത്തില്‍ നേട്ടമുണ്ടാക്കാമെന്നും ഇടതുപക്ഷത്തിനു നല്ല അവസരമാണ് ലഭിച്ചിരിക്കുന്നതെന്നും പിണറായി പറഞ്ഞു. കടുത്തുരുത്തി മണ്ഡലത്തിന്റെ ഭാഗമായി വരുന്ന കടുത്തുരുത്തി, പാലാ ഏരിയാ കമ്മിറ്റിയുടെ കീഴില്‍ വരുന്ന ഏരിയാ കമ്മിറ്റിയംഗങ്ങളും ലോക്കല്‍ സെക്രട്ടറിമാരുമാണ് യോഗത്തില്‍ പങ്കെടുത്തുത്. ഉച്ചകഴിഞ്ഞ് രണ്ടിന് ആരംഭിച്ച മണ്ഡല കമ്മിറ്റിയോഗം 4.30വരെ നീണ്ടു.
പാര്‍ട്ടി ജില്ലാ സെക്രട്ടറി വി.എന്‍. വാസവനും രണ്ടു മണ്ഡലം കമ്മിറ്റി യോഗങ്ങളിലും പങ്കെടുത്തു. തിങ്കളാഴ്ച വൈകുന്നേരമാണു പാര്‍ട്ടി ജില്ലാ കമ്മിറ്റിക്ക് ഇന്നലെ മണ്ഡലം കമ്മിറ്റിയുടെ അടിയന്തര യോഗം വിളിച്ചു കൂട്ടണമെന്ന നിര്‍ദേശം പാര്‍ട്ടി സംസ്ഥാന സെന്ററില്‍നിന്നും എത്തിയത്. കഴിഞ്ഞ ആഴ്ച ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണു കടുത്തുരുത്തിയിലും പൂഞ്ഞാറിലും എല്‍ഡിഎഫ് പ്രചാരണം പിന്നിലാണെന്ന് വിലയിരുത്തലുണ്ടായത്.