ചേര്‍പ്പ്: പൂത്തറക്കല്‍ പാടത്ത് ചാലില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി. ഇന്നലെ രാവിലെ മുതലാണ് ചാലിലെ വെള്ളം കറുത്തനിറത്തിലായി മത്സ്യങ്ങള്‍ ചത്ത് പൊന്താന്‍ തുടങ്ങിയത്. വെള്ളത്തിനു മുകളില്‍ പാടകെട്ടികിടക്കുന്നതിനാല്‍ ചാലില്‍ വിഷം കലര്‍ന്നതാണോ എന്ന സംശത്തിലാണ് നാട്ടുകാര്‍. സമീപത്തെ പാടശേഖരത്തില്‍ ഒരുപൂ കൃഷി കഴിഞ്ഞാല്‍ മത്സ്യം വളര്‍ത്തുന്നവര്‍ മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നതിന് മുമ്പ് വിഷം കലര്‍ത്തി ചാലിലെയും കോള്‍പാടത്തെയും നാടന്‍ മത്സ്യങ്ങളെ കൊന്നൊടുക്കാറുണ്ടന്നു പ്രദേശ വാസികള്‍ പറയുന്നു.
നിക്ഷേപിക്കുന്ന കുഞ്ഞുങ്ങളെ നാടന്‍ മത്സ്യങ്ങള്‍ കൊന്നു തിന്നാതിരിക്കാന്‍ വേണ്ടിയാണിത്. പൂത്തറക്കല്‍ മേഖലയില്‍ ചേനം തരിശു പടവിനും ചൊവൂര്‍ താഴത്തിനും ഇടയിലുള്ള ഈ പ്രദേശം പ്രധാന കുടിനീര്‍ സ്രോതസാണ്. പൂത്തറക്കല്‍ കോളനിയിലേക്ക് ഇവിടെനിന്നും വെള്ളം പമ്പ് ചെയ്യുന്നത് നിലച്ചിട്ട് വര്‍ഷങ്ങളായി. രണ്ട് വര്‍ഷം ഇതുപോലെ മത്സ്യങ്ങള്‍ ചത്തുപൊന്തിയതാണ് അന്ന് പമ്പിംഗ് നിലക്കാന്‍ കാരണം.
വേനല്‍ കനത്തതോടെ പൂത്തറക്കല്‍ മേഖലയില്‍ കുടിവെള്ളക്ഷാമം രൂക്ഷമായി തുടങ്ങി. പാറളം പഞ്ചായത്ത് പ്രസിഡന്റ് സധീപ് ജോസഫ് ആര്‍ടിഒയ്ക്കു പരാതി നല്‍കിയതിനെ തുടര്‍ന്ന് മലിനീകരണ നിയന്ത്രണബോര്‍ഡ് സ്ഥലത്തെത്തി പരിശോധന നടത്തുകയും കുടിവെള്ളത്തിന്റെ സാമ്പിള്‍ ശേഖരിക്കുകയും ചെയത്ു. പാറളം പഞ്ചായത്തിന്റെ അമ്മാടം പ്രദേശത്തെ നാലുവാര്‍ഡുകളിലേക്കുള്ള കുടിവെള്ള വിതരണ പമ്പിംഗ് നിര്‍ത്തിവച്ചു.