വൈപ്പിന്‍: ഫര്‍ണിച്ചര്‍ നിര്‍മാണകേന്ദ്രത്തില്‍ തീപിടുത്തമുണ്ടായതില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് ഉടമയായ ബെന്നി പൗലോസ് ഞാറക്കല്‍ പോലീസില്‍ പരാതി നല്‍കി. ബോധപൂര്‍വം ആരോ കത്തിച്ചതാണെന്നാണ് പരാതിയില്‍ പറയുന്നത്. വളപ്പ് ജനതാ സോമില്ലിന്റെ സഹോദര സ്ഥാപനമായ വുഡ് മാസ്റ്ററില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെ ഉണ്ടായ തീപിടുത്തത്തില്‍ മരവും മെഷീനറിയും കത്തി നശിച്ചു.
കെട്ടിടത്തിന്റെ മേല്‍ക്കൂര ഭാഗികമായി കത്തിപ്പോയി. അടുത്ത വീട്ടുകാര്‍ തീ കണ്ടു ഉണര്‍ന്ന് ഉടമയെ അറിയിക്കുകയായിരുന്നു. മാലിപ്പുറത്തുനിന്നു വൈപ്പിന്‍ ഫയര്‍ഫോഴ്‌സ് എത്തി തീയണച്ചു. 27 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. അതേ സമയം തീപിടുത്തത്തിനു കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണോയെന്ന് ഫയര്‍ഫോഴ്‌സ് സംശയിക്കുന്നുണ്ട്. എന്നാല്‍ ഇത് സ്ഥിരീകരിച്ചിട്ടില്ല. പോലീസില്‍ പരാതി നല്‍കിയ സാഹചര്യത്തില്‍ ഇനി ഫോറന്‍സിക് ഉദ്യോഗസ്ഥന്‍മാര്‍ സ്ഥലത്തെത്തി പരിശോധിക്കും.