തളിപ്പറമ്പ്: വിഷുദിനത്തില്‍ ബക്കളം വയലില്‍ സിപിഎമ്മിന്റെ നേതൃത്വത്തില്‍ മെഗാ വിഷുക്കണി. ബക്കളം എകെജി സെന്ററിന് മുന്നിലാണ് ജൈവപച്ചക്കറി കൃഷിയിലൂടെ നേട്ടം കൊയ്ത ബക്കളം വയലിനരികില്‍ വിഷരഹിത പച്ചക്കറി ഉപയോഗിച്ച് കണിയൊരുക്കിയത്. അരിയും നെല്ലും ഉപയോഗിച്ച് പറ നിറച്ച് കൂടെ അലക്കിയ മുണ്ടും, നാണയവും, കണ്ണാടിയും, കണിവെള്ളരിയും, കണിക്കൊന്നയും, മാമ്പഴവും, പഴുത്ത ചക്കയും, പഴവും, നിറപറയും, കത്തിച്ച നിലവിളക്കും കണികാണാന്‍ ഒരുക്കിയിരുന്നു. തലേന്ന് രാത്രി തന്നെ നിരവധിയാളുകള്‍ കണി ദര്‍ശിക്കാന്‍ ബക്കളത്ത് വന്ന് താമസിച്ചിരുന്നു. പുലര്‍ച്ചെ അഞ്ചരമുതല്‍ കണി ദര്‍ശനം ആരംഭിച്ചപ്പോള്‍ ഉള്‍പ്രദേശങ്ങളില്‍ നിന്നു പോലും ആളുകളുടെ പ്രവാഹമായിരുന്നു.
ആയിരത്തിലേറെ പേര്‍ കണികാണാന്‍ എത്തിച്ചേര്‍ന്നിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷമായി ബക്കളം വയലില്‍ വിഷരഹിത പച്ചക്കറി കൃഷി നടത്തുന്ന ബക്കളം കര്‍ഷക കൂട്ടായ്മയാണ് കണിയൊരുക്കാന്‍ പരിശ്രമിച്ചത്. സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം.വി.ഗോവിന്ദന്‍, ജയിംസ്മാത്യു എംഎല്‍എ, ആന്തൂര്‍ നഗരസഭാ ചെയര്‍മാന്‍ പി.കെ.ശ്യാമള, വൈസ് ചെയര്‍മാന്‍ കെ.ഷാജു, സി.അശോക് കുമാര്‍, കെ.ദാമോദരന്‍ തുടങ്ങിയവര്‍ കണികാണാന്‍ എത്തിച്ചേര്‍ന്നിരുന്നു.