ബിജെപിയുടെ വിഭാഗീയ രാഷ്ട്രീയത്തിന് തടയിടാന്‍ യുഡിഎഫിന്റെ വിജയം അനിവാര്യം: ഉമ്മന്‍ ചാണ്ടി

klm-ummanകൊട്ടാരക്കര: രാജ്യത്താകമാനം ബിജെപി ഉയര്‍ത്തികൊണ്ടുവരുന്ന വിഭാഗീയതയ്ക്കും അസഹിഷ്ണുതയ്ക്കും തടയിടാന്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുഡിഎഫിന്റെ വിജയം അനിവാര്യമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കൊട്ടാരക്കരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി സവിന്‍ സത്യന്റെ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ഒറ്റക്കെട്ടായി നിലനിര്‍ത്താന്‍ കോണ്‍ഗ്രസിന് മാത്രമേ കഴിയൂ. അതിനു കേരളത്തില്‍ യുഡിഎഫിന്റെ വിജയം അത്യന്ത്യാപേക്ഷിതമാണ്. കരുത്തനായ യുവ നേതാവിനെയാണ് കൊട്ടാരക്കരയില്‍ യുഡിഎഫ് മത്സരിപ്പിക്കുന്നത്. കൂട്ടായ പ്രവര്‍ത്തനത്തിലൂടെ യുഡിഎഫ് പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ വിജയം ഉറപ്പാക്കണം.

ഒട്ടേറെ ജനക്ഷേമ പദ്ധതികളും വികസന പ്രവര്‍ത്തനങ്ങളും നടത്തിയ സര്‍ക്കാരാണ് യുഡിഎഫ് സര്‍ക്കാര്‍. ഈ ഗവണ്‍മെന്റ് അധികാരത്തിലെത്തുമ്പോള്‍ 12 ലക്ഷം പേര്‍ക്കാണ് ക്ഷേമപെന്‍ഷനുകള്‍ ലഭിച്ചിരുന്നത്. ഇപ്പോഴാകാട്ടെ 34 ലക്ഷത്തിലധികം പേര്‍ക്ക് ക്ഷേമപെന്‍ഷനുകള്‍ ലഭിച്ചുവരുന്നു. കഴിഞ്ഞ എല്‍ഡിഎഫ് ഗവണ്‍മെന്റിന്റെ കാലത്ത് ലോട്ടറി നടത്തിപ്പില്‍ കോടികളുടെ അഴിമതിയാണ് നടന്നത്. ലോട്ടറിയുടെ പൂര്‍ണ നിയന്ത്രണം സര്‍ക്കാര്‍ ഏറ്റടെത്തതോടെ അഴിമതിക്ക് തടയിടാന്‍കഴിഞ്ഞു. കാരുണ്യാ ലോട്ടറിയിലൂടെ 1200 കോടിയുടെ ചികിത്സാ സഹായമാണ് വിതരണം ചെയ്യാന്‍ കഴിഞ്ഞത്. ഇതൊന്നും കണ്ടില്ലെന്ന് നടിച്ച് പുകമറ സൃഷ്ടിക്കാനാണ് എല്‍ഡിഎഫിന്റെ ശ്രമം.

എല്‍ഡിഎഫിന് നേതൃത്വം നല്‍കുന്ന സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിനും, കൊലപാതക രാഷ്ട്രീയത്തിനും അന്ത്യം കുറിക്കുവാന്‍ ഈ തെരഞ്ഞെടുപ്പിലൂടെ കഴിയണം. സമാധാനവും വികസനവുമാണ് യുഡിഎഫ് ലക്ഷ്യംമിടുന്നത്. യുഡിഎഫ് വിട്ടതോടെ ആര്‍.ബാലകൃഷ്ണപിള്ളയുടെ വീര്യവും, ശുരത്വവും നഷ്ടപ്പെട്ടതായി ഉമ്മന്‍ചാണ്ടി പറഞ്ഞു. പല പല വാഗ്ദാനങ്ങള്‍ നല്‍കിയാണ് എല്‍ഡിഎഫ് ബാലകൃഷ്ണപിള്ളയെ യുഡിഎഫില്‍ നിന്ന് അകറ്റിയത്. ഒന്നും പാലിച്ചില്ല എന്നുമാത്രമല്ല ഏറ്റവും സീനിയറായ പിള്ളയെ അപമാനിക്കുകയാണ് ഉണ്ടായത്. അദ്ദേഹത്തോട് കൂറുള്ളവര്‍ യുഡിഎഫിന് അനുകൂലമായി വോട്ടു ചെയ്യണം. യുഡിഎഫിന് വന്‍ വിജയവും തുടര്‍ഭരണവും ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.

പരവൂര്‍ ദുരന്തത്തിന് ഇരയായവര്‍ക്ക് എല്ലാവിധ സഹായങ്ങളും നല്‍കാന്‍ ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സ്ഥാനാര്‍ഥിത്വത്തെ ചൊല്ലി സിപിഎമ്മില്‍ മുമ്പൊരിക്കലും ഉണ്ടാകാത്ത വിധം കലഹങ്ങള്‍ നടന്നതായി മുഖ്യപ്രഭാഷണം നടത്തിയ എം.കെ.പ്രേമചന്ദ്രന്‍ എംപി പറഞ്ഞു. കൊട്ടാരക്കരയില്‍ സ്ഥാനാര്‍ഥിയാകുമെന്ന മോഹത്തോടെയാണ് ജയമോഹന്‍ ജാഥ നയിച്ചത്. സംസ്ഥാന കമ്മിറ്റി അംഗം രാജഗോപാലും ഇതേ മോഹമായി രംഗത്തെത്തിയിരുന്നു. ഇപ്പോഴത്തെ സ്ഥാനാര്‍ഥിക്ക് നറുക്കു വീണതിന്റെ മോഹഭംഗത്തിലാണ് ഇവരും ഇവരുടെ അനുയായികളും. കൊല്ലത്ത് രാഷ്ട്രീയപാരമ്പര്യവും വിജയസാധ്യതയും ഉണ്ടായിരുന്ന പി.കെ.ഗുരുദാസനെ ഒഴിവാക്കി താരത്തെ സ്ഥാനാര്‍ഥിയാക്കാന്‍ സിപിഎമ്മിന് പല തവണ യോഗം ചേരേണ്ടി വന്നു.

സിപിഐ കുടുംബത്തില്‍പ്പെട്ട താരം എങ്ങനെ സിപിഎം സ്ഥാനാര്‍ഥിയായത് പാര്‍ട്ടിക്ക് പോലും വ്യകതമല്ല. വിഎസിന് ഞരമ്പുരോഗമാണെന്ന് പരസ്യപ്രസ്താവന നടത്തിയ ആള്‍ ഇപ്പോള്‍ എല്‍ഡിഎഫിന്റെ ഭാഗമായി പത്തനാപുരത്ത് മത്സരിക്കുന്നതും വിചിത്രമാണ്. മത്സരിക്കുന്ന ആളിന്റെ ഭൂതവും ഭാവിയും നോക്കി വോട്ട് ചെയ്യണമെന്ന് പത്തനാപുരത്തുകാരോട് വി.എസ് പറഞ്ഞതും ശ്രദ്ധേയമാണ്.

ജില്ലയില്‍ ഇത്തവണ യുഡിഎഫിന് വന്‍ മുന്നേറ്റം ഉണ്ടാകുമെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു. ചടങ്ങില്‍ ബേബി പടിഞ്ഞാറ്റിന്‍കര അധ്യക്ഷത വഹിച്ചു. കൊല്ലം ഡിസിസി പ്രസിഡന്റും എംപിയുമായ കൊടിക്കുന്നില്‍ സുരേഷ് ആമുഖ പ്രഭാഷണം നടത്തി. സി.ആര്‍.നജീബ് , വാക്കനാട് രാധാകൃഷ്ണന്‍, വി.സത്യശീലന്‍, കുളക്കട രാജു, അന്‍സാറുദ്ദീന്‍, ബ്രിജേഷ് എബ്രഹാം, ബെന്നി കക്കാട്, സ്ഥാനാര്‍ത്ഥി അഡ്വ.സവിന്‍ സത്യന്‍, കെ.എസ്.വേണുഗോപാല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related posts