പത്തനാപുരം: മദ്യവില്‍പനശാലയില്‍ മോഷണവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുന്നു. പ്രതികളെക്കുറിച്ച് ചില സൂചനകള്‍ ലഭിച്ചതായി പത്തനാപുരം പോലീസ് പറഞ്ഞു. ഇവര്‍ ഉടന്‍ പിടിയിലാകും. ബിവറേജസ് കോര്‍പ്പറേഷന്റെ പത്തനാപുരം ഔട്ട്‌ലെറ്റിലാണ് മോഷണം നടന്നത്. മുപ്പത്തയ്യായിരത്തോളം രൂപയുടെ മദ്യം അപഹരിച്ചതായാണ് കണക്കുകൂട്ടല്‍. വിലകൂടിയ മദ്യങ്ങളാണ് മോഷണം പോയതില്‍ അധികവും.
സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ രണ്ടാമത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന മദ്യവില്‍പന ശാലയുടെ മുന്‍വശത്തെ ഷട്ടറിന്റെ പൂട്ട് പൊളിച്ചാണ് കവര്‍ച്ച നടത്തിയത്. ആയുധം ഉപയോഗിച്ച് പൂട്ട് കുത്തി പൊളിച്ച നിലയിലാണ്. രാവിലെ ജീവനക്കാര്‍ എത്തിയപ്പോഴാണ് ഷട്ടര്‍ പകുതി തുറന്നു വെച്ചിരിക്കുന്ന നിലയില്‍ കണ്ടത്.തുടര്‍ന്ന് പത്തനാപുരം പോലീസിലും വെയര്‍ ഹൗസിലും വിവരം അറിയിക്കുകയായിരുന്നു.
കൊട്ടാരക്കരയില്‍ നിന്നും വിരളടയാള വിദഗ്ധരും കൊല്ലത്തുനിന്നും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.ഒന്നര വര്‍ഷം മുമ്പും ഇവിടെ മോഷണം നടന്നിരുന്നു. അന്നും മദ്യമായിരുന്നു നഷ്ടപ്പെട്ടിരുന്നത്. വൈകുന്നേരം ആറോടെയാണ് മദ്യവില്‍പന ശാല തുറന്നത്. പത്തനാപുരം സബ് ഇന്‍സ്‌പെക്ടര്‍ രാഹുല്‍ രവീന്ദ്രന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.