ബൈക്കിലെത്തി മാലപൊട്ടിക്കല്‍: രണ്ടുപേര്‍ അറസ്റ്റില്‍

TCR-ARRESTചിറ്റൂര്‍: ബൈക്കില്‍ സഞ്ചരിച്ച് സ്ത്രീകളുടെ മാലപൊട്ടിക്കുന്ന സംഘത്തിലെ രണ്ടുപേരെ ചിറ്റൂര്‍ പോലീസ് അറസ്റ്റുചെയ്തു. കൊഴിഞ്ഞാമ്പാറ ഗാന്ധിനഗര്‍ സ്വദേശികളായ രാജേന്ദ്രന്റെ മകന്‍ മിഥുന്‍ (24), ഷണ്‍മുഖന്‍ മകന്‍ അരുണ്‍ (20) എന്നിവരാണ് പിടിയിലായത്.    ഇന്നലെ പുലര്‍ച്ചെ വാഹന പരിശോധനയ്ക്കിടെ ബൈക്കിലെത്തിയ ഇരുവരെയും ചോദ്യം ചെയ്തതിലാണ് മാലമോഷ്ടാക്കളാണെന്നു തിരിച്ചറിഞ്ഞത്. കഴിഞ്ഞ ഒരുവര്‍ഷമായി ചിറ്റൂര്‍, കൊഴിഞ്ഞാമ്പാറ, ഇരട്ടക്കുളം, അഞ്ചാംമൈല്‍ എന്നിവിടങ്ങളില്‍ നിരവധിതവണ ആഭരണകവര്‍ച്ചകള്‍ നടന്നിട്ടുണ്ട്.

ഇതില്‍ ഏഴു കേസുകള്‍ പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞു. ചിറ്റൂര്‍ സിഐ കെ.എം.ബിജു, എസ്‌ഐ ബഷീര്‍ സി.തറയില്‍, എസ്‌സിപിഒ നസീറലി, ജേക്കബ്, സിപിഒമാരായ തമ്പി, സന്തോഷ് കുമാര്‍ എന്നിവരാണ് കവര്‍ച്ചക്കാരെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നവര്‍. പിടികൂടിയ ഇവര്‍ക്കെതിരേ കൊഴിഞ്ഞാമ്പാറ സ്റ്റേഷനില്‍ കേസുണ്ട്.

കവര്‍ച്ച ചെയ്യുന്ന ആഭരണങ്ങള്‍ ബാങ്കില്‍ പണയം വയ്ക്കുകയും പിന്നീട് തിരിച്ചെടുത്ത് വില്പനനടത്തി ആര്‍ഭാടജീവിതം നയിക്കുകയുമാണ് ഇവര്‍ ചെയ്യുന്ന തെന്ന് പോലീസ് പറഞ്ഞു. തനിയെ പോകുന്ന സ്ത്രീകളുടെ സമീപത്ത് ബൈക്ക് നിര്‍ത്തി ആരുടെങ്കിലും വീട് അന്വേഷിക്കുന്നതിനിടെ പെട്ടെന്ന് മാലമോഷ്ടിച്ച് രക്ഷപ്പെടുകയാണ് ഇവരുടെ രീതി. ചിറ്റൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Related posts