മട്ടന്നൂര്‍: മട്ടന്നൂര്‍ മരുതായി പാലത്തില്‍ വിളളല്‍ വീണതോടെ പാലം അപകടാവസ്ഥയിലായി. ദിവസവും നൂറ് കണക്കിന് വാഹനങ്ങള്‍ കടന്നു പോകുന്ന പാലത്തിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യം ശക്തമായിരിക്കുകകയാണ്. മട്ടന്നൂര്‍ നഗരസഭയിലെ മരുതായി പാലത്തിന്റെ അടി ഭാഗത്തെ തൂണിലാണ് വിളളല്‍ വീണിരിക്കുന്നത്. കൈവരികള്‍ തകര്‍ന്നു കമ്പികള്‍ പുറത്തായ നിലയിലുമാണ്. 1977ലാണ് പാലം നിര്‍മിച്ചത്.
മട്ടന്നൂര്‍, ഇരിക്കൂര്‍, പൊറോറ, പട്ടാന്നൂര്‍ തുടങ്ങിയ സ്ഥലങ്ങളിലേക്കുളള ബസ് ഉള്‍പ്പെടെ വാഹനങ്ങള്‍ കടന്നു പോകുന്ന പാലമാണ് ഭീഷണിയിലായിരിക്കുന്നത്. നേരത്തെ ഇതുവഴി അമിത ഭാരം കയറ്റിയ വാഹനങ്ങള്‍ സര്‍വീസ് നടത്തുന്നത് കുറവായിരുന്നു. പുതുതായി നിര്‍മിച്ച മണ്ണൂര്‍ പാലം ഗതാഗതത്തിന് തുറന്നു കൊടുത്തതോടെ ദിവസവും നൂറ് കണക്കിന് ചരക്കുവാഹനങ്ങളാണ് ഇതു വഴി കടന്നു പോകുന്നത്.
വര്‍ഷങ്ങള്‍ പഴക്കമുളള പാലം അപകട ഭീഷണിയിലാണെന്ന് കാണിച്ച് പൊതുമരാമത്ത് അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്ന് നാട്ടുകാര്‍ പറയുന്നു. പാലത്തിന്റെ തകര്‍ന്ന കൈവരികള്‍ പുതുക്കി പണിതും വിളളലില്‍ അറ്റകുറ്റ പ്രവൃത്തി നടത്തിയും പാലം സംരംക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.