ആലപ്പുഴ: വിനോദസഞ്ചാരികള്‍ എത്താത്തത് മണ്‍സൂണ്‍ ടൂറിസം മേഖലയില്‍ മാന്ദ്യത്തിനിടയാക്കുന്നു. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വിനോദസഞ്ചാരികളുടെ എണ്ണത്തിലുണ്ടായ കുറവ് കായല്‍ ടൂറിസത്തെ കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ടൂറിസം സീസണു ശേഷം മണ്‍സൂണ്‍ ടൂറിസ കാലത്ത് നിരവധി വിനോദസഞ്ചാരികളാണ് കേരളത്തിന്റെ കാലവര്‍ഷം ആസ്വദിക്കുന്നതിനും കായല്‍ വിനോദസഞ്ചാരം നടത്തുന്നതിനുമായി ആലപ്പുഴയിലെത്തിയിരുന്നത്.
മഴക്കാലത്തിന്റെ തുടക്കത്തില്‍ പതിവായെത്തിയിരുന്ന വിനോദസഞ്ചാരികള്‍ ഇക്കുറി ആലപ്പുഴയെയും വേമ്പനാട്ടുകായലിനെയും കൈവിട്ടതാണ് ടൂറിസം മേഖലയില്‍ മാന്ദ്യത്തിനിടയാക്കിയിരിക്കുന്നത്. ഇടത്തട്ടുകാരുടെ ചൂഷണവും പതിവ് ശൈലിയില്‍ വിനോദസഞ്ചാരികളെ എത്തിക്കാന്‍ നടത്തുന്ന ശ്രമവും ഹൗസ് ബോട്ട് മേഖലയില്‍ സമീപകാലത്തായുണ്ടായ അപകടങ്ങളും ഒരുപോലെ വിനോദ സഞ്ചാര മേഖലയെ ബാധിച്ചതായാണ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്. ആകര്‍ഷകമായ പാക്കേജുകളൊരുക്കി വിനോദസഞ്ചാരികളെ സംസ്ഥാനത്തേക്കും ഉള്‍നാടന്‍ ടൂറിസം രംഗത്തേക്കും എത്തിക്കുന്നതില്‍ ഓപ്പറേറ്റര്‍മാര്‍ പരാജയപ്പെട്ടതും മേഖലയെ ബാധിച്ചു.
ഹൗസ് ബോട്ട് മേഖലയിലെ മാന്ദ്യം അനുബന്ധ മേഖലകളിലും ഉണ്ടായിട്ടുണ്ട്. കേരളത്തിനെക്കാള്‍ കുറഞ്ഞ ചിലവുള്ള ശ്രീലങ്ക പോലുള്ള രാജ്യങ്ങളിലേക്ക് വിനോദസഞ്ചാരികള്‍ പോകാന്‍ തുടങ്ങിയത് സംസ്ഥാനത്തെ ഉള്‍നാടന്‍ ടൂറിസം മേഖലയെ ബാധിച്ചതായാണ് കണക്കുകള്‍. വിനോദസഞ്ചാരികളെത്തുന്നതില്‍ കുറവുണ്ടായത് ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കായി ലക്ഷക്കണക്കിന് രൂപ വായ്പയെടുത്ത മുടക്കിയിരിക്കുന്നവരെയാണ് കൂടുതല്‍ ബുദ്ധിമുട്ടിലാക്കിയിരിക്കുന്നത്.