കോതമംഗലം: സര്‍ക്കാരിന്റെ മദ്യനയം വിശദീകരിച്ച് കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരന്റെ ജില്ലയിലെ തിരഞ്ഞെടുപ്പ് പര്യടനം ഇന്നലെ രാത്രി വാരപ്പെട്ടിയില്‍ ആരംഭിച്ചു. യുഡിഎഫ് കോതമംഗലം സ്ഥാനാര്‍ഥി ടി.യു കുരുവിളയ്ക്ക് വോട്ട് അഭ്യര്‍ഥിച്ചായിരുന്നു തുടക്കം. ടി.യു കുരുവിളയ്ക്ക് വോട്ടു ചെയ്യുമ്പോള്‍ മതേതരത്വത്തിനാണ് വോട്ട് ചെയ്യുന്നത്. കൂത്തുപറമ്പില്‍ ആര്‍എസ്എസിന്റെ ആദ്യരൂപമായ ജനസംഘം പിണറായി വിജയന്റെ ആദ്യ തിരഞ്ഞെടുപ്പില്‍ ഒപ്പമുണ്ടായിരുന്നു. ബീഹാറില്‍ മതേതരമുന്നണിയ്ക്കെതിരെ ബിജെപിയെ സഹായിക്കാന്‍ മുന്നണിയുണ്ടാക്കിയ ചരിത്രമാണ് സിപിഎമ്മിന്റേത്. യുഡിഎഫ് ഉയര്‍ത്തിപ്പിടിക്കുന്ന മതേതരസാഹോദര്യത്തിന്റെ മുഖമാണ് സര്‍വമത സമ്മതനായ ടി.യു. കുരുവിള എന്നും സുധീരന് പറഞ്ഞു.
കേരളത്തെ തികഞ്ഞ മാതൃകാ സംസ്ഥാനമാക്കി മാറ്റുകയാണ് യുഡിഎഫ് ലക്ഷ്യം. ബാറുകള്‍ അടച്ചത് ചെറിയ കാര്യമല്ല. എതിര്‍പ്പുകളും ചെറുത്തു നില്പ്പുകളും വലിയ ശക്തികളായ ബാറുടമകളില്‍ നിന്നുണ്ടാകും. അതിനെ നേരിട്ട് സാധാരണക്കാരുടെ കൂടെയാണ് സര്‍ക്കാര്‍ നിന്നത്. അനുഗ്രഹീതരായ എത്രയോ കലാകാരന്മാരെയാണ് മദ്യം കൊന്നത്. ബാറുകള്‍ക്ക് നിരോധനം വന്ന ശേഷം 5.48 കോടി ലിറ്റര്‍ മദ്യ ഉപയോഗം സംസ്ഥാനത്ത് കുറഞ്ഞിട്ടുണ്ട്. മദ്യവും മയക്കുമരുന്നും വിഷമയവും മായം ചേര്‍ന്നതുമായ ഭക്ഷ്യവസ്തുക്കളും സംസ്ഥാനത്തെ ജനങ്ങളുടെ ആരോഗ്യം കാര്‍ന്നു തിന്നുന്നതിനെതിരെ യുഡിഎഫ് ജാഗ്രതയോടെയാണ് കര്‍മ്മ പദ്ധതികള്‍ ആവിഷ്ക്കരിച്ചത്.
കേരളത്തിന്റെ മദ്യനിരോധന ശ്രമങ്ങള്‍ ബിഹാറും ഡല്‍ഹിയുമടക്കമുള്ള സംസ്ഥാനങ്ങള്‍ മാതൃകയാക്കുകയാണ്. ലഹരിക്കെതിരായ പോരാട്ടം യുഡിഎഫ് തുടരും. ആദ്യം മദ്യനയത്തെ പിന്തുണച്ച പിണറായി പിന്നെ മാറ്റിപ്പറഞ്ഞു. തിരഞ്ഞെടുപ്പില്‍ ശക്തരായ ബാറുടമകളുടെ പിന്തുണ നേടാനാണ് അതെന്ന് എല്ലാവര്ക്കും അറിയാം സുധീരന് പറഞ്ഞു.സ്ഥാനാര്‍ഥി ടി.യു കുരുവിളയെ പൊന്നാടയണിച്ച് സുധീരന് സ്വീകരിച്ചു. മണ്ഡലം പ്രസിഡന്റ് ചന്ദ്രശേഖരന് നായര്‍ അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് വി.ജെ പൗലോസ്, നിയോജക മണ്ഡലം യുഡിഎഫ് ചെയര്മാന് കെ.പി ബാബു, പി.പി ഉതുപ്പാന്, പി.എസ്.എം സാദിഖ് തുടങ്ങിയവര്‍ പ്രസംഗിച്ചു.