മനക്കച്ചിറ ഒന്നാം പാലത്തിന്റെ കൈവരി തകര്‍ന്നു; സുരക്ഷ ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ പൊതുമരാമത്ത് വകുപ്പ് നടപടി സ്വീകരിച്ചില്ലെന്ന് ആക്ഷേപം

ALP-KAIVARIചങ്ങനാശേരി: ചങ്ങനാശേരി ആലപ്പുഴ റോഡില്‍ മനക്കച്ചിറ ഒന്നാം പാലത്തിന്റെ കൈവരി തകര്‍ന്ന് അപകടക്കണിയില്‍. പാലത്തിന് സുരക്ഷ ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ പൊതുമരാമത്ത് വകുപ്പ് നടപടി സ്വീകരിച്ചില്ലെന്ന് ആക്ഷേപം ഉയരുന്നു. രണ്ടുമാസം മുമ്പ് ടൈല്‍സ് കയറ്റിവന്ന കണ്ടെയ്‌നര്‍ ലോറി ഇടിച്ച് തോട്ടിലേക്ക് മറിഞ്ഞാണ് പാലത്തിന്റെ ഒരുഭാഗത്തെ കൈവരി തകര്‍ന്നത്. കെഎസ്ആര്‍ടിസി ബസുകള്‍ ഉള്‍പ്പെടെ ദിനംപ്രതി ആയിരക്കണക്കിന് വാഹനങ്ങള്‍ സഞ്ചരിക്കുന്ന ദേശസാല്‍കൃത റൂട്ടിലെ പാലമാണ് അധികാരികളുടെ അനാസ്ഥമൂലം അപകട ഭീഷണിയില്‍ സ്ഥിതിചെയ്യുന്നത്.

ഏസി റോഡിന് വര്‍ഷങ്ങള്‍ക്കു മുമ്പ് വീതികൂട്ടിയെങ്കിലും ഈ പാലത്തിന് വീതികൂട്ടിയിരുന്നില്ല. വീതിയില്ലാത്ത ഈ പാലത്തിന്റെ കൈവരികള്‍ കൂടി തകര്‍ന്നതുമൂലം ഏറെ അപകടാവസ്ഥയാണുള്ളത്. വീതിയില്ലാത്ത ഈ പാലത്തിലൂടെ വാഹനങ്ങള്‍ ഞെരുങ്ങിയാണ് സഞ്ചരിക്കുന്നത്. ഈ പാലത്തിന്റെ ഒരുവശത്ത് നടപ്പാലവും ഉണ്ട്. ഈ രണ്ട് പാലങ്ങള്‍ക്കിടയിലുള്ള തോട്ടിലേക്ക് വാഹനങ്ങള്‍ മറിയാന്‍ ഏറെ സാധ്യതയുണ്ട്.

ഈ പാലത്തിന്റെ സമീപത്ത് കാട്ടുചെടികള്‍ വളര്‍ന്ന് പന്തലിച്ചതും രാത്രികാലങ്ങളില്‍ വേണ്ടത്ര വെളിച്ചമില്ലാത്തതും അപകടങ്ങള്‍ക്കിടയാക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.കൂടാതെ ഇരുപാലങ്ങള്‍ക്കുമിടയിലെ പരസ്യബോര്‍ഡുകളും വാഹനമോടിക്കുന്നവരുടെ ശ്രദ്ധ തിരിക്കാനിടയാക്കുമെന്നും പരാതിയുണ്ട്.

Related posts