കാലടി: മറ്റൂര്‍ ചെമ്പിശേരി പാടശേഖരത്തില്‍ സ്വകാര്യ വ്യക്തി ഉമിച്ചാരമിട്ടു പാടം നികത്തുന്നതായി പരാതി. കാലടി പഞ്ചായത്തിലെ രണ്ട്, പതിമൂന്ന് എന്നീ വാര്‍ഡുകളിലായി കിടക്കുന്ന പാടശേഖരത്തില്‍ സ്വകാര്യ വ്യക്തിയുടെ ഭൂമി കുറച്ചു നാളുകളായി കൃഷി ചെയ്യാതെ കിടക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് റൈസ് മില്ലുകളില്‍ നിന്നുളള ഉമിച്ചാരം വലിയ വാഹനത്തില്‍ കൊണ്ടു വന്ന് നിക്ഷേപിച്ചത്. ഇതുമുലം സമീപ പ്രദേശങ്ങളിലുളളവര്‍ക്കു വലിയ അസ്വസ്ഥതകളാണ് ഉണ്ടായികൊണ്ടിരിക്കുന്നത്.
ചുമ,തുമ്മല്‍, ശ്വസം മുട്ടല്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ അലട്ടുന്നതായി സമീപവാസികള്‍ പറഞ്ഞു. വീടിനു സമീപം തുണി അലക്കിയിട്ടാല്‍ കാറ്റു വിശുമ്പോള്‍ ചാരം പറന്നു വസ്ത്രങ്ങളില്‍ പറ്റിപിടിക്കുകയാണ്. കൂടാതെ കിണറുകളിലെ വെളളത്തിന്റെ നിറം മാറി കുടിവെള്ളത്തിനായി ഉപയോഗിക്കാന്‍ സാധിക്കുന്നില്ല.
ബന്ധപ്പെട്ട ജനപ്രതിനിധികളോ ഉദ്യോഗസ്ഥരോ ഇതിനെതിരെ യാതൊരു നടപടിയും സ്വികരിക്കുന്നില്ലായെന്നും പ്രദേസവാസികള്‍ക്ക് പരാതിയുണ്ട്. പഞ്ചായത്തിലെ പ്രധാന പാടശേഖരമായ ചെമ്പിശേരി പാടശേഖരം സംരക്ഷിക്കാന്‍ നടപടിയെടുത്തില്ലെങ്കില്‍ ശക്തമായ സമരം നടത്തുവാനാണ് നാട്ടുകാരുടെ തീരുമാനം.