ആലക്കോട്: മലയോര ഹൈവേയുടെ നിര്‍മാണം നിര്‍ത്തിവച്ച സര്‍ക്കാര്‍ ഉത്തരവിനെതിരേ മലയോരത്ത് ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. യുഡിഎഫ് സര്‍ക്കാരിന്റെ വികസനത്തുടര്‍ച്ച ഇഷ്ടപ്പെടാത്ത വികസനവിരോധികളാണ് കേരളം ഭരിക്കുന്നതെന്ന് കെപിസിസി എക്സിക്യുട്ടീവ് കമ്മിറ്റി അംഗം അഡ്വ. സോണി സെബാസ്റ്റ്യന്‍ ആരോപിച്ചു. യുഡിഎഫ് സര്‍ക്കാരിന്റെ സ്വപ്നപദ്ധതി അട്ടിമറിക്കാനുള്ള ശ്രമമാണ് ഇതിനു പിന്നില്‍. ഇപ്പോള്‍ കണ്ണീര്‍വാര്‍ത്ത് മധ്യസ്ഥനാകാന്‍ ശ്രമിക്കുന്ന ജയിംസ് മാത്യു എംഎല്‍എ രാഷ്ട്രീയലക്ഷ്യമാണ് മുന്നില്‍ക്കാണുന്നത്. ചര്‍ച്ചയ്ക്കു മുന്‍കൈയെടുക്കുന്നുവെന്ന് വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്ന എംഎല്‍എ ഉള്‍പ്പെട്ടവരാണ് ഉത്തരവ് ഇറക്കിയതിനു പിന്നില്‍.
ഉത്തരവ് പിന്‍വലിക്കുകയാണ് ആദ്യം വേണ്ടതെന്നും സോണി സെബാസ്റ്റ്യന്‍ പറഞ്ഞു. ജനകീയ സമരങ്ങള്‍ക്കു സര്‍ക്കാര്‍ മറുപടി പറയേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി.സര്‍ക്കാര്‍ തീരുമാനത്തിനെതിരേ മുന്നണി നോക്കാതെ സമരപരിപാടികള്‍ക്കു നേതൃത്വം നല്‍കുമെന്ന് ആലക്കോട് ചേര്‍ന്ന കേരള കോണ്‍ഗ്രസ്-എം മേഖലാ കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. സര്‍ക്കാര്‍ തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ സമാന അഭിപ്രായമുള്ള മലയോര ജനത ഒന്നിച്ചുചേര്‍ന്ന് ശക്തമായ സമരപരിപാടികള്‍ക്കു നേതൃത്വം നല്‍കുമെന്ന് ജില്ലാ സെക്രട്ടറി കെ.ടി.സുരേഷ് കുമാര്‍ പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗം ജോയി കൊന്നക്കല്‍, സജി കുറ്റിയാനിമറ്റം, ബിജു പുതുക്കാട്ടില്‍, ഡെന്നീസ്, ജെയ്മി ജോര്‍ജ് വാഴപ്പള്ളില്‍, സി.ജെ. ജോണ്‍, തോമസ് ഇടക്കരക്കണ്ടം എന്നിവര്‍ പ്രസംഗിച്ചു.
സര്‍ക്കാര്‍ ഉത്തരവ് കണ്ണടച്ച് ഇരുട്ടാക്കുന്ന നടപടിയാണെന്ന് കോണ്‍ഗ്രസ് നേതാവ് പി.ടി. മാത്യു അഭിപ്രായപ്പെട്ടു. യുഡിഎഫ് സര്‍ക്കാരിന്റെ വികസനത്തുടര്‍ച്ച ഇഷ്ടപ്പെടാത്ത ഇടതുപക്ഷം ചിത്തഭ്രമത്തില്‍ അടിപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ തീരുമാനം അപലപനീയമാണെന്ന് ഇരിക്കൂര്‍ നിയോജകമണ്ഡലം യുഡിഎഫ് ചെയര്മാന് തോമസ് വെക്കത്താനം പറഞ്ഞു. മലയോര ഹൈവേയുടെ വഴിമുടക്കിയാല്‍ ജനകീയ പ്രക്ഷോഭം നേരിടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. മലയോരഹൈവേയുടെ നിര്‍മാണം നിര്‍ത്തിവച്ച നടപടി പിന്‍വലിക്കണമെന്ന് ഉദയഗിരി പഞ്ചായത്ത് ഭരണസമിതിയോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് മിനി മാത്യു, വൈസ് പ്രസിഡന്റ് സിജോ തുണ്ടിയില്‍ എന്നിവര്‍ പ്രസംഗിച്ചു.
ആലക്കോട്: മലയോര ഹൈവേ നിര്‍മാണ പ്രവൃത്തികള്‍ മരവിപ്പിച്ച സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് 29ന് ഇരിക്കൂര്‍ നിയോജക മണ്ഡലത്തില്‍ ഹര്‍ത്താല്‍ ആചരിക്കാന്‍ യുഡിഎഫ് ആഹ്വാനം ചെയ്തു. ശ്രീകണ്ഠപുരത്ത് നടന്ന യുഡിഎഫ് യോഗത്തിലാണ് തീരുമാനം.രാവിലെ ആറു മുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍. അവശ്യസര്‍വീസുകളെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇരിക്കൂര്‍ നിയോജകമണ്ഡലം ചെയര്മാന് തോമസ് വെക്കത്താനം അധ്യക്ഷത വഹിച്ചു. വി.എ.റഹീം, ദേവസ്യ പാലപ്പുറം, ജോഷി കത്തില്‍, സി.കെ. മുഹമ്മദ്, പി.ടി. കോയ എന്നിവര്‍ പ്രസംഗിച്ചു.