തൃശൂര്‍: മഴപെയ്താല്‍ വെള്ളം നിറയും. വേനല്‍ക്കാലത്ത് ഗട്ടര്‍ നിറയും – ഇതു തൃശൂര്‍ ശക്തന് സ്റ്റാന്‍ഡില്‍നിന്നു പുറത്തേക്കു വരുന്ന റോഡാണ്. മഴയായാലും വെയിലായാലും ശക്തന് സ്റ്റാന്‍ഡില്‍നിന്നും പുറത്തേക്കുള്ള ഈ വഴി ഇതുപോലെ തകര്‍ന്നു തരിപ്പണമായിത്തന്നെ കിടക്കും.മഴ പെയ്താല്‍ വെള്ളക്കെട്ടിലൂടെ നീന്തിപ്പോകേണ്ട അവസ്ഥയാണ്. ഇരുചക്രവാഹനയാത്രക്കാരും കാല്‍നടയാത്രക്കാരും വെള്ളക്കെട്ടിലൂടെ കഷ്ടപ്പെട്ടാണ് സ്റ്റാന്‍ഡില്‍നിന്നു പുറത്തു കടക്കുന്നത്. ശക്തന് സ്റ്റാന്‍ഡില്‍നിന്നു പുറപ്പെടുന്ന ബസുകളും ചാഞ്ചാടി ചെരിഞ്ഞാടിയാണ് ഈ വഴിക്കു പോകാറുള്ളത്.
മഴ മാറി വെയില് വന്നാല്‍ കരിങ്ക ല്ലും ഗട്ടറും തെളിഞ്ഞുതെളിഞ്ഞ് ത്രീ ഡി സിനിമപോലെ പേടിപ്പിക്കുന്ന വിധത്തിലാകും. കരിങ്കല്ലുകളുടെ മുകളിലൂടെയാണ് പിന്നെയുള്ള യാത്ര.ഈ ചെറിയ റോഡ് നന്നാക്കാനായി ബസ് ജീവനക്കാരും ഉടമകളും കയറിയിറങ്ങാത്ത ഓഫീസുകളില്ല. കണ്ടു പരാതി പറയാത്ത ഭരണാധികാരികളില്ല. കൊടുക്കാത്ത നിവേദനങ്ങളും പരാതികളുമില്ല. പക്ഷേ, പ്രശ്നം മാത്രം ഇപ്പോഴും ബാക്കി.