മഹാത്മജിയുടെ പ്രതിമയും നീക്കംചെയ്യും… ഒറ്റപ്പാലത്തെ ഓപ്പറേഷന്‍ അനന്ത: സര്‍വേ നടപടി പൂര്‍ത്തിയാക്കി

PKD-GANDHIഒറ്റപ്പാലം: ഒറ്റപ്പാലം നഗരത്തില്‍ സബ് കളക്ടറുടെ നേതൃത്വത്തില്‍ നടത്തുന്ന ഓപ്പറേഷന്‍ അനന്തയുമായി ബന്ധപ്പെട്ടുള്ള സര്‍വേനടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി. പുറമ്പോക്ക് കൈയേറ്റങ്ങളും കണ്ടീഷണല്‍ പട്ടയങ്ങളുള്ളതുമായ ഭൂമികളും ഇതിന്റെ ഭാഗമായി കണ്ടെത്തി.കണ്ടീഷണല്‍ പട്ടയത്തിലുള്ള ഭൂമികള്‍ കണ്ടെത്തി  അളന്നുതിട്ടപ്പെടുത്തി തുടര്‍നടപടികളുമായി മുന്നോട്ടുപോകാനുള്ള തീരുമാനത്തിന്റെ ഭാഗമായി ഇത്തരം ഭൂമികളുടെ വിശദവിവരങ്ങളും ഇതിനകം ശേഖരിച്ചുകഴിഞ്ഞു.

സ്വകാര്യ ഭൂവുടമകളുടെ കൈയേറ്റങ്ങള്‍ സ്വമേധയാ ഒഴിയാന്‍ നേരത്തെതന്നെ നോട്ടീസ് നല്കിയിരുന്നതുപ്രകാരം നഗരത്തില്‍ ഭൂരിഭാഗം കച്ചവടക്കാരും ഇതുമായി സഹകരിക്കുകയും സ്വയംകെട്ടിടങ്ങള്‍ പൊളിച്ചുമാറ്റി നല്കുകയും ചെയ്്തിരുന്നു.ഇതിനു തയാറാകാതെ ചിലര്‍ ഹൈക്കോടതിയില്‍നിന്നും സ്‌റ്റേ ഉത്തരവും കരസ്ഥമാക്കി. ചില കച്ചവട ഉടമകള്‍ ഓണം കഴിയുന്നതുവരെ പൊളിച്ചുമാറ്റല്‍ നടപടികളില്‍നിന്നും ഒഴിവാക്കിതരണമെന്ന് അഭ്യര്‍ഥിച്ചിരുന്നു. ഇവരോട് എത്രയുംവേഗം ഒഴിവാകാനും കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റാനും റവന്യൂസംഘം അഭ്യര്‍ഥിച്ചു.

ഇതിനു തയാറാകാത്തപക്ഷം തുടര്‍നടപടികളുമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്ന് സബ്കളക്ടര്‍ പി.ബി.നൂഹ്് വ്യക്തമാക്കി. ഹൈക്കോടതിവിധി നേടിയവരുമായി സബ്കളക്ടര്‍ നടത്തുന്ന ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ബന്ധപ്പെട്ടവര്‍ സഹകരീക്കുന്നതിനു തയാറാകാത്തപക്ഷം നിയമപരമായി ഇവരില്‍നിന്നും ഭൂമി വീണ്ടെടുക്കുന്നതിനു നടപടികളുണ്ടാകും. രൂക്ഷമായ ഒറ്റപ്പാലം നഗരത്തിലെ ഗതാഗതപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനു ഓപ്പറേഷന്‍ അനന്തയുമായി മുന്നോട്ടു പോകുന്നതിനൊപ്പം തന്നെ നിര്‍ദിഷ്ട ബൈപാസ് പദ്ധതിയുടെ നടപടികളും പുരോഗമിക്കുകയാണ്.

അതേസമയം ബൈപാസ് പദ്ധതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന കിഴക്കേ ഒറ്റപ്പാലം കാക്കതോട് പാലാട്ടുറോഡ് നിവാസികള്‍ പ്രതിഷേധവുമായി രംഗത്തുവന്നിട്ടുണ്ട്. ബൈപാസ് വരുന്നപക്ഷം ഭൂമി നഷ്ടപ്പെടുന്നവരാണ്ഇതിനെതിരേ രംഗത്തു വന്നിരിക്കുന്നത്. ഇവര്‍ പദ്ധതിക്കെതിരേ ഹൈക്കോടതിയെ സമീപിക്കുന്നതിനുള്ള ഒരുക്കത്തിലാണ്.

ഒറ്റപ്പാലം: നഗരത്തില്‍ ഒറ്റപ്പാലം നഗരസഭ നിര്‍മിച്ച മഹാത്മജിയുടെ പ്രതിമയും നീക്കം ചെയ്യും. ഓപ്പറേഷന്‍ അനന്തയുടെ ഭാഗമായി പുറമ്പോക്കു കൈയേറ്റങ്ങളും കണ്ടീഷണല്‍ പട്ടയപ്രകാരമുള്ള ഭൂമികള്‍ തിരിച്ചെടുക്കലും ഉള്‍പ്പെടെയുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.ഇതിന്റെ ഭാഗമായി റോഡ് വീതി കൂട്ടുന്നതിനുവേണ്ടിയാണ് ഗാന്ധിപ്രതിമ നീക്കം ചെയ്യുന്നത്. ഇവിടെ തന്നെ പുറകിലേക്കായി മാറ്റി സ്ഥാപിക്കുന്നതിനാണ് ബന്ധപ്പെട്ടവര്‍ ആലോചിക്കുന്നത്.

റോഡിന്റെ ഇരുവശവും വീതികൂട്ടുമ്പോള്‍ പ്രതിമ റോഡില്‍ ഇരിക്കുന്ന സാഹചര്യമാണ് ഉണ്ടാകുക. ഇതു വീണ്ടും ഗതാഗതക്കുരുക്കിനു വഴിയൊരുക്കും. പഴയ കിണറ്റിന്‍കരയെന്ന് അറിയപ്പെടുന്ന സ്ഥലത്താണ് ഇപ്പോള്‍ പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. മനോഹരമായ പ്രതിമയും ഇതിന്റെ തറയും കേടുപാടുകള്‍ കൂടാതെ ഇളക്കിമാറ്റാന്‍ കഴിയുകയില്ലെന്ന് ഉറപ്പാണ്.  പ്രതിമയ്ക്ക് കേടുപാടുകള്‍ സംഭവിക്കാതെ പുനഃപ്രതിഷ്ഠിക്കാമെങ്കിലും തറപൊളിച്ചു മാറ്റേണ്ടിവരും.

Related posts