മാനേജ്‌മെന്റിന്റെ പ്രതികാര നടപടികള്‍ക്കെതിരേ കോട്ടയം ടെക്‌സ്‌റ്റൈല്‍സിലെ സ്ത്രീതൊഴിലാളികള്‍ ഇന്നും നിരാഹാരസമരത്തില്‍

ktm-textailessamaramഏറ്റുമാനൂര്‍: സ്ത്രീതൊഴിലാളികളോടുള്ള മാനേജ്‌മെന്റിന്റെ പ്രതികാര നടപടികള്‍ക്കെതിരേ കോട്ടയം ടെക്‌സ്‌റ്റൈല്‍സിലെ സ്ത്രീതൊഴിലാളികള്‍ ആരംഭിച്ച അനിശ്ചിതകാല നിരാഹാര സമരം രണ്ടാം ദിവസത്തിലേക്ക്. ജനറല്‍ മാനേജരുടെ ഓഫീസ്പടിക്കല്‍ ഇന്നലെയാണ് സ്ത്രീ തൊഴിലാളികള്‍ നിരാഹാര സമരം ആരംഭിച്ചത്. മാനേജ്‌മെന്റ് ആവശ്യപ്പെട്ടതുപ്രകാരം വൈകുന്നേരം അഞ്ചിന് പോലീസ് സ്ത്രീതൊഴിലാളികളെ നീക്കംചെയ്തിരുന്നു. ഇന്നു രാവിലെ എട്ടിന് തൊഴിലാളികള്‍ വീണ്ടും ജനറല്‍ മാനേജരുടെ ഓഫീസ് പടിക്കല്‍ നിരാഹാരസമരം ആരംഭിച്ചിരിക്കുകയാണ്.

ഫാക്ടറി ആക്ട് പ്രകാരം രാത്രി 10-നു ശേഷം സ്ത്രീ തൊഴിലാളികളെ പണിയെടുപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഈ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ആദ്യ ഷിഫ്റ്റ് രാവിലെ ആറിനു തുടങ്ങണമെന്നും രാത്രി ഷിഫ്റ്റില്‍ രണ്ടുമണിക്കൂര്‍ ജോലി ചെയ്യാത്തതിന്റെ പേരില്‍ അവരുടെ വേതനം കട്ടുചെയ്യുന്ന നടപടി അവസാനിപ്പിക്കണമെന്നും ജോയിന്റ് ലേബര്‍ കമ്മീഷണറും ഉത്തരവു നല്‍കിയിരുന്നു. എന്നാല്‍ ഈ ഉത്തരവ് നടപ്പിലാക്കിയില്ല. രാത്രി ഷിഫ്റ്റില്‍ പണിയെടുക്കുന്നില്ലെന്ന കാരണം പറഞ്ഞ് സ്ത്രീ തൊഴിലാളികളുടെ സീനിയോറിറ്റി നഷ്ടപ്പെടുത്തി അവരെ ഡീ പ്രോമോട്ടു ചെയ്യാനുള്ള ശ്രമവും ഉണ്ടായി.

ഇതു നിയമവിരുദ്ധമാണെന്നും ചര്‍ച്ചയിലൂടെ പരിഹാരം ഉണ്ടാകുംവരെ യാതൊരു നടപടിയും ഉണ്ടാകരുതെന്നുമുള്ള ജില്ലാ ലേബര്‍ ഓഫീസറുടെ നിര്‍ദേശം അവഗണിച്ചു സ്ത്രീ തൊഴിലാളികളുടെ ജോലി നിഷേധിക്കുന്ന നിലപാടെടുത്തിരിക്കുകയാണു മാനേജ്‌മെന്റ്. ഇതില്‍ പ്രതിഷേധിച്ചാണു സ്ത്രീ തൊഴിലാളികള്‍ സമരം ആരംഭിച്ചിരിക്കുന്നത്. ഓരോ ദിവസവും സീനിയോറിറ്റി നഷ്ടപ്പെടുന്ന തൊഴിലാളികള്‍ അതതു ദിവസങ്ങളില്‍ നിരാഹാര സമരം ഇരിക്കുക എന്നതാണു ഇവരുടെ സമരതന്ത്രം. അതനുസരിച്ച് ഇന്നലെ പതിനാറു തൊഴിലാളികളായിരുന്നു നിരാഹാരം ഇരുന്നത്.

ഇന്ന് 12 തൊഴിലാളികള്‍ നിരാഹാരം ഇരിക്കുന്നു. എഐടിയുസി യൂണിയന്റെ നേതൃത്വത്തിലാണു സമരം നടക്കുന്നത്. തൊഴിലാളികളോട് അനുഭാവം പ്രകടിപ്പിച്ച് ഉച്ചകഴിഞ്ഞു എഐടിയുസി നേതാക്കളും യൂണിയന്‍ പ്രവര്‍ത്തകരും കമ്പനിപടിക്കല്‍ സത്യഗ്രഹം നടത്തും. പി.ഡി. യുമുനാദേവി, ബിന്ദു അനില്‍, ഗയാനിധി, ബീനാകുര്യന്‍ തുടങ്ങിയവരാണു സമരത്തിനു നേതൃത്വം നല്‍കുന്നത്. ഇന്നലെ വൈകുന്നേരം കമ്പനിപടിക്കല്‍ നടന്ന സമ്മേളനത്തില്‍ എഐടിയുസി ജില്ലാ സെക്രട്ടറി വി.കെ. സന്തോഷ്കുമാര്‍, യൂണിയന്‍ പ്രസിഡന്റ് അഡ്വ. പി. മോഹന്‍ദാസ്, അഡ്വ. സേതുലക്ഷ്മി, അഡ്വ. ബിനു ബോസ്, എം.വി. ജനാര്‍ദനന്‍, യു.എന്‍. ശ്രീനിവാസന്‍, ടി.എം. സദന്‍, പി.കെ. സുരേഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related posts