മാലിന്യം കുന്നുകൂടി ; മാലിന്യ സംസ്കരണ തൊഴിലാളികളുടെ സമരം തുടരുന്നു

tcr-malinyamസ്വന്തം ലേഖകന്‍
തൃശൂര്‍: വിവിധ ആവശ്യങ്ങളുന്നയിച്ച് ഐഎന്‍ടിയുസി വര്‍ക്കേഴ്‌സ് യൂണിയന്റെ നേതൃത്വത്തില്‍ കോര്‍പറേഷന്‍ ജൈവമാലിന്യ സംസ്കരണ പ്ലാന്റിലെ തൊഴിലാളികള്‍ നടത്തുന്ന സമരം തുടരുന്നു. നാലാം ദിവസവും പണിമുടക്കിയ തൊഴിലാളികള്‍ മാലിന്യ സംസ്കരണ പ്ലാന്റിനു മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തുകയാണ്. അതേ സമയം സമരം തുടങ്ങിയതോടെ കോര്‍പറേഷനിലെ വിവിധ ഡിവിഷനുകളില്‍ നിന്ന് സംഭരിച്ച ജൈവ മാലിന്യങ്ങള്‍ സംസ്കരിക്കാനാവാതെ കെട്ടിക്കിടക്കുകയാണ്. സംഭരിക്കാനാവുന്നതിലും അധികം മാലിന്യം എത്തിയതോടെ പ്ലാന്റ് കോര്‍പറേഷന്‍ താല്‍കാലിമായി അടച്ചുപൂട്ടി. ഇതോടെ രാവിലെ മുതല്‍ മാലിന്യങ്ങളുമായി വരുന്ന വാഹനങ്ങള്‍ തിരിച്ചുവിടുകയാണ്.

പ്ലാന്റിനകത്തു കെട്ടിക്കിടക്കുന്ന മാലിന്യങ്ങള്‍ ചീഞ്ഞു ദുര്‍ഗന്ധം പരക്കാന്‍ തുടങ്ങിയിട്ടുണ്ട്. രണ്ടു ദിവസം കൂടി ഈ സ്ഥിതി തുടര്‍ന്നാല്‍ ഇത് അസഹ്യമായി ശക്തന്‍ സ്റ്റാന്‍ഡിലേക്കും മാര്‍ക്കറ്റിലേക്കുമെല്ലാം വ്യാപിക്കാന്‍ സാധ്യത ഏറെയാണ്. ദിവസക്കൂലി വര്‍ധിപ്പിക്കുക, പ്രൊവിഡന്റ് ഫണ്ട് പദ്ധതി നടപ്പിലാക്കുക, പ്രാഥമിക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് വ്യാഴാഴ്ചയാണ് ശക്തന്‍ നഗറിലെ ജൈവമാലിന്യ സംസ്കരണ പ്ലാന്റിലെ തൊഴിലാളികള്‍ പണിമുടക്ക് സമരം തുടങ്ങിയത്. പത്ത് സ്ത്രീകള്‍ ഉള്‍പ്പെടെ ഇരുപത് തൊഴിലാളികളാണ് പ്ലാന്റിലുള്ളത്. സമരം നാലു ദിവസം പിന്നിട്ടിട്ടും തങ്ങളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കോര്‍പറേഷന്‍ തയ്യാറായിട്ടില്ലെന്ന് പ്ലാന്റ് വര്‍ക്കേഴ്‌സ് യൂണിയന്‍ (ഐഎന്‍ടിയുസി) പ്രസിഡന്റ് ടി.എ. രാധാകൃഷ്ണന്‍ പറഞ്ഞു.

രണ്ടു വര്‍ഷം മുമ്പാണ് പച്ചക്കറി മാലന്യങ്ങള്‍, ഭക്ഷ്യവസ്തുക്കള്‍ തുടങ്ങിയ മാലിന്യങ്ങള്‍ തരം തിരിച്ച് സംസ്കരിക്കുകയും വളമാക്കി പുനരുപയോഗ സാധ്യത ഉപയോഗപ്പെടുത്തുകയും ചെയ്യുന്ന മാലിന്യ സംസ്കരണ പ്ലാന്റ് കോര്‍പറേഷന്‍ ആരംഭിച്ചത്. കോര്‍പറേഷന്‍ പരിധിയിയില്‍ നിന്നു ശേഖരിക്കുന്ന അജൈവ മാലിന്യങ്ങളൊഴികെയുള്ളവ സംസ്കരിക്കുന്നത് ശക്തന്‍ നഗറിലെ ഈ പ്ലാന്റിലാണ്. പ്ലാന്റ് പ്രവര്‍ത്തനം തുടങ്ങിയതോടെ കോര്‍പറേഷന്‍ നേരിട്ടുകൊണ്ടിരുന്ന മാലിന്യ പ്രതിസന്ധിക്ക് ഒരു പരിധിവരെ പരിഹാരമായിരുന്നു. പുഴുവരിച്ച മാലിന്യങ്ങള്‍ ഉള്‍പ്പെടെ കൈകാര്യം ചെയ്യുന്ന പ്ലാന്റിലെ തൊഴിലാളികള്‍ക്ക് 400 രൂപ മാത്രമാണ് കൂലി. സര്‍ക്കാര്‍ നിശ്ചയിച്ച 600 രൂപയാക്കി കൂലി വര്‍ധിപ്പിക്കണമെന്നാണ് തൊഴിലാളികളുടെ പ്രധാന ആവശ്യം.

Related posts