ഒറ്റപ്പാലം: വെള്ളംവഴി ശരീരത്തില്‍ പ്രവേശിക്കുന്ന മറ്റൊരു സൂക്ഷ്മാണുകൂടി മനുഷ്യജീവനു ഭീഷണിയാകുന്നു. നെഗ്ലേരിയ എന്ന അമീബയാണു പുതിയ വില്ലനെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നു. മുങ്ങിക്കുളിക്കുന്നവരിലും നീന്തുന്നവരിലുമാണ് ഇതു പ്രവേശിക്കാനുള്ള സാധ്യതയുള്ളത്. മൂക്കിലൂടെയാണ് ഇതു തലച്ചോറിനുള്ളില്‍ കടന്നുകൂടുന്നത്. മസ്തിഷ്കത്തിലെത്തി അവിടെ നീരുണ്ടാക്കാനും തലച്ചോറിന്റെ പ്രവര്‍ത്തനത്തെ താറുമാറാക്കാനും ഇവയ്ക്കാകും. വിട്ടുമാറാത്ത തലവേദന, പനി, സന്നി എന്നിവയാണു പ്രധാന ലക്ഷണങ്ങള്‍.
മസ്തിഷ്ക ജ്വരത്തിന്റെ ലക്ഷണമായി ഇതിനെ തെറ്റിദ്ധരിക്കാമെന്നു വിദഗ്ധര്‍ പറയുന്നു. മസ്തിഷ്ക-സൂക്ഷ്മാണു ദ്രവം കുത്തിയെടുത്തു പരിശോധിക്കുമ്പോള്‍ അതില്‍ അമീബയുടെ സാന്നിധ്യമുണ്ടോയെന്നു നോക്കിയാല്‍ രോഗസാധ്യത ഉറപ്പിക്കാനാകും. ഈ അമീബ എല്ലാവരിലും അപകടം ഉണ്ടാക്കുന്നില്ലെന്നതും പ്രധാനമാണെന്നു വിദഗ്ധര്‍ പറയുന്നു.
കുളങ്ങള്‍, ജലാശയങ്ങള്‍ എന്നിവിടങ്ങളില്‍ സാധാരണയായി കാണുന്ന ഏകകോശ സൂക്ഷ്മാണു ജീവിയാണ് അമീബ. ഇക്കൂട്ടത്തില്‍ തന്നെ നെഗ്ലേരിയ എന്ന വിഭാഗത്തില്‍പെടുന്നവയാണ് അപകടകാരികളെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. രോഗം സ്ഥിരീകരിച്ചാല്‍ ചികിത്സ എളുപ്പമല്ലെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നത്.
മസ്തിഷ്ക ഭോജിയായിട്ടാണ് ഇതിനെ കണക്കാക്കുന്നത്. ആലപ്പുഴയില്‍ ഒരു ബാലന് ഈ രോഗം ബാധിച്ചതായി സ്ഥിരീകരിച്ചിരുന്നു. കൂട്ടുകാരുമൊത്തു കുളിച്ചിരുന്ന കുട്ടി നീന്തുകയും തുടര്‍ന്നു ശക്തമായ തലവേദനയുണ്ടാകുകയും ചെയ്തു. തുടര്‍ന്നു നടത്തിയ പരിശോധനയിലാണു നെഗ്ലേരിയ ഫൗലേരി എന്ന അമീബയാണു രോഗത്തിനു പിന്നിലെന്നു കണ്ടെത്തിയത്.