കൊല്ലം :രാഷ്ട്രീയ ലാഭത്തിനായി മുല്ലപ്പെരിയാര്‍ വിഷയം എഐഎഡിഎംകെ ഉപയോഗിക്കുകയാണ് ചെയ്യുന്നതെന്ന് എന്‍.കെ പ്രേമചന്ദ്രന് എംപി പ്രസ്താവനയില്‍ ആരോപിച്ചു. സംസ്ഥാനത്തെ ജനങ്ങളുടെ ഉളളിലെ ഭീതിയും ഡാം ഉയര്‍ത്തുന്ന സുരക്ഷാഭീഷണിയും വര്‍ധിപ്പിക്കുന്നതാണ് തമിഴ്നാടിന്റെ പുതിയ ആവശ്യം. ഇതിനോട് കേരള സര്‍ക്കാര്‍ എന്ത് നിലപാടാണ് സ്വീകരിക്കുന്നത് എന്ന് വ്യക്തമാക്കണമെന്നും പ്രേമചന്ദ്രന് പറഞ്ഞു.പമ്പാ അച്ചന്‍കോവില്‍ നദികളും നദീതട പരിസ്ഥിതിയും ജലദൗര്‍ലഭ്യം കൊണ്ട് നട്ടം തിരിയുമ്പോള്‍ ആ നദിയുടെ ജലം കൂടി ദിശമാറ്റി തമിഴ്നാട്ടിലേയ്ക്ക് കൊണ്ടു പോകണമെന്ന തമിഴ്നാടിന്റെ ആവശ്യവും കേരളത്തിലെ ആവാസവ്യവസ്ഥ തകര്‍ക്കുന്നതാണ്.
ഇതു മൂലം കേരളത്തിനുണ്ടാകുന്ന പരിസ്ഥിതി ആഘാതവും മനുഷ്യനുള്‍പ്പെടെ ജന്തുലോകത്തിനും ജൈവ വൈവിദ്യത്തിനും ഉണ്ടാകുന്ന ആപത്തും സംസ്ഥാനം വിലകുറച്ച് കാണരുത്. സര്‍ക്കാരിന്റെ ഇച്ഛാശക്തി പ്രബലമായി പ്രയോഗിക്കേണ്ട നദീജല വിഷയങ്ങളില്‍ സ്വീകരിക്കുന്ന ഉദാരനയസമീപനങ്ങള് കേരളത്തിന്റെ നിലനില്പിനെ പ്രതികൂലമായി ബാധിക്കും. കേരളവുമായുളള നദീജല തര്‍ക്കങ്ങളില്‍ സന്ധിയില്ല സഹകരണമില്ല എന്ന സന്ദേശവുമായി അതീവ തീവ്രതയോടെ തമിഴ്നാട് കേന്ദ്രത്തെ സമീപിക്കുമ്പോള്‍ തദനുസരണമായ പ്രതിരോധം തീര്‍ക്കുവാനുളള ബാധ്യത കേരളത്തിനുണ്ട്.
നദീജല വിഷയങ്ങളില്‍ കേരളത്തിന്റെ ആശങ്ക കേന്ദ്രത്തെ അറിയിക്കുവാന്‍ സര്‍വകക്ഷി സംഘം കേന്ദ്രത്തെ സമീപിക്കേണ്ട സമയം ആസന്നമായിരിക്കുന്നു. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് അടിയന്തരിമായി സര്‍വകക്ഷിയോഗം വിളിച്ചു ചേര്‍ക്കണമെന്നും വിഷയത്തിലുളള സര്‍ക്കാര്‍ അഭിപ്രായം കേന്ദ്രത്തെ അറിയിക്കാന്‍ സത്വര നടപടി സ്വീകരിക്കണമെന്നും എന്‍.കെ. പ്രേമചന്ദ്രന് ആവശ്യപ്പെട്ടു.